കെ ഡിസ്‌ക്‌‌ : അഭ്യസ്‌തവിദ്യർക്ക്‌ തൊഴിലിന്‌ 10,600 കോടി

0
14

 

അഞ്ചുവർഷത്തിൽ 20 ലക്ഷം വിദ്യാസമ്പന്നർക്ക്‌ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിക്ക്‌ 10,600 കോടി രൂപയുടെ സമീപന രേഖയായി. കേരള ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നൊവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിൽ (കെ–-ഡിസ്‌ക്‌) ആണ്‌ രൂപം നൽകിയത്‌.

മുഖ്യമന്ത്രി അധ്യക്ഷനായ കെ ഡിസ്‌ക്‌ സൊസൈറ്റി ഭരണസമിതി അംഗീകരിച്ച്‌‌ മന്ത്രിസഭയുടെ പരിഗണനയ്‌ക്ക്‌ അയക്കും. കേരള നോളജ്‌ മിഷൻവഴി നടപ്പാക്കുന്ന നൈപുണി പരിശീലനം, ഇതിന്‌ അടിസ്ഥാന സൗകര്യമൊരുക്കൽ, പിഎഫും- ഇൻഷുറൻസും, തൊഴിലിട സജ്ജീകരണ സഹായം എന്നീ നാലിന പരിപാടിക്കാണ്‌ 5000 കോടി. സ്‌കിൽ സിറ്റി, സ്‌കിൽ ലൈസിയം, ടാലന്റ്‌ പൂൾ രൂപീകരണം എന്നിവയ്‌ക്ക്‌ 5600 കോടിയും. വ്യവസായി സംഘടനകൾ, വിവിധ ഏജൻസികൾ എന്നിവയിലൂടെ ധനസമാഹരണം പ്രതീക്ഷിക്കുന്നു. സംസ്ഥാന ബജറ്റിൽ 300 കോടി നിലവിലുണ്ട്‌.

65 ലക്ഷം കുടുംബത്തിലേക്ക്‌ നൈപുണി വികസന ജനകീയ പ്രചാരണമെത്തിക്കും. കരിയർ ഭംഗംവന്ന അഞ്ചുലക്ഷം വനിതകളുണ്ട്‌. 40 ലക്ഷത്തോളം വിദ്യാസമ്പന്നരായ തൊഴിൽ രഹിതരും. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളിൽ രജിസ്‌റ്റർചെയ്‌ത 16 ലക്ഷം വേറെയും. പ്രചാരണത്തിന്‌ കുടുംബശ്രീ, സംഘടനകളും സർക്കാർ–- സർക്കാരേതര സ്ഥാപനങ്ങളും പങ്കാളിയാകുമെന്ന്‌ കെ ഡിസ്‌ക്‌ മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

അഞ്ചുവർഷത്തിൽ 35 ലക്ഷം പേർക്ക്‌ നൈപുണി പരിശീലനം ഉറപ്പാക്കും. നിലവിൽ വർഷം ഒന്നരലക്ഷമാണ്‌. ദേശീയ നൈപുണി ഗുണമേന്മ ചട്ടക്കൂടിനനുസരിച്ച്‌ വ്യവസായ അനുയോജ്യ പരിശീലനം ഉറപ്പാക്കും. വീട്ടിലിരുന്ന്‌ ജോലി, വീടിനടുത്ത്‌‌ ജോലി തുടങ്ങിയ മേഖലകളിലേക്ക്‌‌ ഫ്രീലാൻസ്‌ തൊഴിലവസരം വ്യാപിപ്പിക്കും.