ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ട്രൈറ്റന്‍ ഇന്ത്യയിലേക്ക്

0
34

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ട്രൈറ്റന്‍ ഇന്ത്യയിലേക്ക്. തെലങ്കാനയിലാണ് കമ്പനി പ്ലാന്റ് സ്ഥാപിക്കുന്നത്. 2,100 കോടി രൂപ ചെലവിലാണു ട്രൈറ്റന്‍ ഇ വി രാജ്യത്ത് അത്യാധുനിക ഇലക്ട്രിക്ക് വാഹന നിര്‍മാണശാല സ്ഥാപിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി അഞ്ചു വര്‍ഷത്തിനകം അര ലക്ഷത്തിലേറെ സെഡാനുകളും സെമി ട്രക്കുകളും ആഡംബര എസ് യു വികളും ഇലക്ട്രിക്ക് റിക്ഷകളുമൊക്കെ നിര്‍മിക്കാന്‍ പുതിയ പ്ലാന്റിന് സാധിക്കും എന്നാണു ട്രൈറ്റന്‍ പറയുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകൾ വിശദമായി പരിശോധിച്ച ശേഷമാണ് പുതിയ പ്ലാന്‍റിനായി തെലങ്കാനയെ തിരഞ്ഞെടുത്തതെന്നു കമ്പനി പറയുന്നു. തികച്ചും വ്യവസായ സൗഹൃദമായ നയങ്ങളാണു തെലങ്കാന പിന്തുടരുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തു വൻതോതിലുള്ള വൈദ്യുത വാഹന നിർമാണത്തിനു തുടക്കം കുറിക്കാൻ ട്രൈറ്റൻ പ്ലാന്‍റിന് സാധിക്കുമെന്നു മന്ത്രി കെ ടി രാമറാവു പ്രതീക്ഷ പ്രകടിപ്പിച്ചു. 2020 ഒക്ടോബറിലാണു തെലങ്കാന സംസ്ഥാനത്തിന്റെ ഇലക്ട്രിക്ക് വാഹന നയം പ്രഖ്യാപിച്ചത്.