ഇലന്തൂര്‍ ഇരട്ട നരബലി കേസ്; പ്രതിയായ ലൈല ഭഗവല്‍സിങ്ങിന്‍റെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹര്‍ജി നല്‍കിയത്.

0
95

ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതിയായ ലൈല ഭഗവല്‍സിങ്ങിന്‍റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹര്‍ജി നല്‍കിയത്.

ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതിയാണ് ഇലന്തൂർ കാരംവേലി കടകംപള്ളി വീട്ടിൽ ലൈല ഭഗവൽസിങ്ങ്. നേരത്തെ ഇവരുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.

എറണാകുളം കാലടി സ്വദേശിനി റോസ്‌ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിനി പത്മ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഷാഫി, ഭഗവല്‍സിങ്ങ്, ലൈല ഭഗവല്‍സിങ്ങ് എന്നിവർ വിചാരണ നേരിടുന്നത്.

ഒന്നാം പ്രതിയായ പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഇവരെ ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗത്ത്‌ സംസ്കരിച്ചെന്നാണ് കേസ്. സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു സർക്കാർ വാദം.