‘സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ല, മാറ്റിനിർത്തില്ല’: ​ഗായകസംഘടന സമം

കെ എസ് ചിത്രയെയും സൂരജ് സന്തോഷിനെയും പിന്തുണച്ചിട്ടില്ല. സൂരജ് സന്തോഷും ഇനിയുള്ള പരിപാടിയുടെ ഭാഗമായിരിക്കും. സൂരജ് സന്തോഷിനെ മാറ്റി നിർത്തില്ലെന്നും സമം വെളിപ്പെടുത്തി.

0
197

തിരുവനന്തപുരം:​ ഗായകൻ സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് ഗായകരുടെ സംഘടനയായ സമം. വികാരത്തിന്റെ പുറത്ത് പറഞ്ഞതാണെന്നും സംഘടനക്ക് രാഷ്ട്രീയപരമായി ചായ്‌വില്ലെന്നും സമം വ്യക്തമാക്കി. കെ എസ് ചിത്രയെയും സൂരജ് സന്തോഷിനെയും പിന്തുണച്ചിട്ടില്ല. സൂരജ് സന്തോഷും ഇനിയുള്ള പരിപാടിയുടെ ഭാഗമായിരിക്കും. സൂരജ് സന്തോഷിനെ മാറ്റി നിർത്തില്ലെന്നും സമം വെളിപ്പെടുത്തി. വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്ന് ചിത്ര അറിയിച്ചിരുന്നു.

സൂരജ് സന്തോഷ് ഗായകരുടെ സംഘടനയായ സമത്തിൽ നിന്ന് രാജി വെച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. തനിക്ക് നേരായ സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ല എന്ന പരാതിയെ തുടർന്നാണ് സൂരജ് രാജിവെച്ചതായിരുന്നു വിവരം പുറത്തുവന്നത്.

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് ​ഗായിക കെ എസ് ചിത്ര പങ്കുവച്ച വീഡിയോ വലിയ വിവാദങ്ങൾ വഴിവച്ചിരുന്നു. ചിത്രയ്ക്ക് എതിരെ വൻ വിമർശനമാണ് സൂരജ് നടത്തിയത്. പിന്നാലെ വലിയ തോതിൽ സൈബർ ആക്രമണങ്ങൾക്ക് ​സൂരജ് പാത്രമാവുകയും ചെയ്തിരുന്നു.

ഏതാനും നാളുകള്‍ക്ക് മുന്‍പാണ് രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കെ എസ് ചിത്ര ഒരു വീഡിയോ പങ്കിട്ടത്. പ്രതിഷ്ഠയുടെ അന്ന് എല്ലാ വീടുകളിലും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമെല്ലാം ചിത്ര ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നിരവധി പേരാണ് ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്. ഇതില്‍ സൂരജ് സന്തോഷിന്‍റെ വിമര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിഗ്രഹങ്ങള്‍ ഇനിയെത്ര ഉടയാന്‍ കിടക്കുന്നു എന്നുൾപ്പെടെ സൂരജ് കുറിച്ചിരുന്നു. ശേഷം വന്‍ സൈബര്‍ ആക്രമണവും വിമര്‍ശനവും സൂരജിന് നേരെ നടന്നിരുന്നു.