‘വരുന്ന 20 വർഷത്തിൽ കേരളം ഇസ്ലാമിക രാജ്യമായി മാറും’; വിവാദ സിനിമ ‘ദി കേരള സ്റ്റോറി’ ട്രെയിലർ പുറത്ത്

0
111

പ്രമേയം കൊണ്ട് വിവാദമായ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാർ പ്രണയിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്നാണ് ട്രെയിലർ പറയുന്നത്. മെയ് അഞ്ചിന് സിനിമ തീയറ്ററുകളിലെത്തും.

ശാലിനി ഉണ്ണികൃഷ്ണൻ എന്നാണ് ആദ ശർമ്മ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിൻറെ പേര്. ശാലിനിയെ പ്രണയിച്ച് ഫാത്തിമയാക്കി മാറ്റി ഐഎസിൽ എത്തിക്കുന്നതും മുസ്ലിം സ്ത്രീകൾ വഴി ഇതര മതസ്ഥരായ യുവതികളെ ഇസ്ലാമിലേക്ക് ആകർഷിക്കുന്നതുമൊക്കെ സംഭവ കഥകളെന്ന പേരിൽ ട്രെയിലറിൽ കാണിച്ചിരിക്കുന്നു. വരുന്ന 20 വർഷത്തിൽ കേരളം ഇസ്ലാമിക രാജ്യമായി മാറുമെന്നും ടീസർ പറയുന്നു. സുദീപ്തോ സെൻ ആണ് ചിത്രത്തിൻറെ സംവിധാനം.

കഴിഞ്ഞ നവംബറിൽ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെ ‘കേരള സ്‌റ്റോറി’ക്കെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും ചെന്നൈയിലെ തമിഴ് മാധ്യമപ്രവർത്തകനായ ബി.ആർ.അരവിന്ദാക്ഷൻ പരാതി നൽകി. കേരളത്തിൽ 32,000 യുവതികളെ മതപരിവർത്തനം നടത്തി ഐഎസിന് ലൈംഗിക അടിമകളായി വിറ്റെന്ന ആരോപണവുമായാണ് ടീസർ പുറത്തുവന്നത്. ഈ ആരോപണം വലിയ നുണയാണെന്ന് രാഹുൽ ഈശ്വർ അടക്കമുള്ളവർ പറഞ്ഞിരുന്നു.

സിനിമ നിരോധിക്കണം എന്നാവശ്യമാണ് പരാതിയിൽ ഉണ്ടായിരുന്നത്. കേരളത്തെ ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ ടീസർ വർഗീയ വിഭജനം ലക്ഷ്യമിട്ടാണന്നും സിനിമയിലെ ആരോപണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുള്ള വിവരങ്ങളുമായി താരതമ്യം ചെയ്തതിനു ശേഷമേ അന്തിമ അനുമതി നൽകാവൂയെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.