ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കനത്ത മഴയ്ക്ക് സാധ്യത

0
32

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം 36 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ – ഒഡിഷ തീരത്തിനു അകലെയായാണ് നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

മൺസൂൺ പാത്തി അതിൻ്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. അടുത്ത അഞ്ചു ദിവസം തൽസ്ഥിതി തുടരാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതുകൊണ്ടുതന്നെ കേരള തീരത്ത് നിന്നും വെള്ളിയാഴ്ച മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയും ഞായറും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.