ഡയമണ്ട് ട്രോഫി നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ് ചോപ്ര

0
44

ഡയമണ്ട് ലീഗ് സീരീസിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ചരിത്ര നേട്ടം. ഡൈമണ്ട് ട്രോഫി നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ് മാറി. ഫൈനലിൽ 88.44 മീറ്റർ എറിഞ്ഞാണ് ഒളിമ്പിക് ചാമ്പ്യൻ വീണ്ടും രാജ്യത്തിന് അഭിമാനമായത്.

ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെജ്, ജർമ്മനിയുടെ ജൂലിയൻ വെബ്ബർ എന്നിവരെ പിന്നിലാക്കിയാണ് നീരജ് ഫിനിഷ് ചെയ്തത്. 84.15 മീറ്റർ എറിഞ്ഞ് ആദ്യ ശ്രമത്തിൽ തന്നെ വഡ്ലെജ് ലീഡ് നേടിയപ്പോൾ ഇന്ത്യൻ താരം ഒരു ഫൗളോടെയാണ് തുടങ്ങിയത്. എന്നാൽ രണ്ടാം ശ്രമത്തിൽ നീരജ് 88.44 മീറ്റർ എറിഞ്ഞു. മത്സരം അവസാനിക്കുന്നതുവരെ ഇതിനെ മറികടക്കാൻ മറ്റാർക്കുമായില്ല. മൂന്നാം ശ്രമത്തിൽ 88.00 മീറ്ററും നാലാം ശ്രമത്തിൽ 86.11 മീറ്ററും അഞ്ചാം ശ്രമത്തിൽ 87.00 മീറ്ററും അവസാന ശ്രമത്തിൽ 83.60 മീറ്ററും നീരജ് എറിഞ്ഞു. 86.94 മീറ്റർ എന്ന മികച്ച ശ്രമത്തോടെയാണ് വാദ്ലെജ് രണ്ടാം സ്ഥാനത്തെത്തിയത്.

2021ൽ ഒളിമ്പിക്സ് സ്വർണം, 2018ൽ ഏഷ്യൻ ഗെയിംസ് സ്വർണം, 2018ൽ കോമൺവെൽത്ത് ഗെയിംസ് സ്വർണം, 2022ൽ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് വെള്ളി എന്നിവ നീരജ് നേടിയിട്ടുണ്ട്. എന്നാൽ തന്റെ ലക്ഷ്യം പൂർത്തിയാക്കാൻ ഡയമണ്ട് ട്രോഫി നേടണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണ ടോ്ക്കിയോ ഒളിംപിക്‌സ് വെള്ളി മെഡൽ ജേതാവ് ജാക്കൂബ് വാഡ്ലെച്ചിനെ ഉൾപ്പെടെ പിന്തള്ളിയാണ് ഈ ചരിത്ര നേട്ടം.

ആഗസ്റ്റ് 27ന് പരിക്കിൽ നിന്ന് മുക്തനായി പങ്കെടുത്ത ആദ്യ മത്സരത്തിൽ തന്നെ നീരജ് ചോപ്ര ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. സ്വിറ്റ്‌സർലാൻഡിലെ ലോസാൻ ഡയമണ്ട് ലീഗിൽ താരം സ്വർണം നേടി. 89.08 മീറ്റർ എന്ന അവിശ്വസനീയമായ ദൂരം പിന്നിട്ടാണ് നീരജ് കളത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയത്. ജൂലൈ അവസാനം ഒറിഗോണിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനിടെയാണ് നീരജിന്റെ അരക്കെട്ടിന് പരിക്കേത്. തുടർന്ന് ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ജർമ്മനിയിൽ തന്റെ തിരിച്ചുവരവിനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു നീരജ് ചോപ്ര.

നേരത്തെ സീസണിൽ താരം രണ്ട് തവണ സ്വന്തം വ്യക്തിഗത മികച്ച റെക്കോർഡ് മറികടക്കുകയും സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗിൽ 89.94 മീറ്റർ എറിഞ്ഞ് പുതിയ ദേശീയ റെക്കോർഡ് നേടുകയും ചെയ്തിരുന്നു.