രാജ്യത്ത് കൊറോണ ഉയരുന്നു; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടുതൽ

0
23

ഡൽഹി: രാജ്യത്തെ കൊറോണ കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,275 കൊറോണ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം 4.30 കോടിയായി. റിപ്പോർട്ട് ചെയ്തതിൽ 82 ശതമാനം കേസുകളും പ്രധാനമായും അഞ്ച് ജില്ലകളിൽ നിന്നാണ്.

ഡൽഹി – 1,354, ഹരിയാന – 571, കേരളം – 386, ഉത്തർപ്രദേശ് -198, മഹാരാഷ്‌ട്ര – 188 എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. ആകെ പ്രതിദിന രോഗികളുടെ 41.34 ശതമാനവും ഡൽഹിയിൽ നിന്നാണ്. അതേസമയം 55 കൊറോണ മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊറോണ മരണം 5,23,975 ആയി. നിലവിൽ 19,719 സജീവ രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ദിവസത്തേക്കാൾ 210 സജീവ രോഗികൾ ഇന്ന് കൂടുതലാണ്.

ഇതിനിടെ 3,010 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇതിനിടെ രാജ്യത്തെ വാക്‌സിനേഷൻ യജ്ഞവും പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 ലക്ഷം വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത് കൊറോണ പ്രതിരോധ വാക്‌സിൻ ഡോസുകളുടെ എണ്ണം 189.63 കോടിയായി.