100 വർഷം പഴക്കമുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങി; കിണറിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

0
21

കൊല്ലം: കുണ്ടറ വെള്ളിമണ്ണിൽ മണ്ണിടിഞ്ഞ് കിണറ്റിലകപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല. 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം മൃതദേഹം പുറത്തെടുത്തു. എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാറാണ് മരിച്ചത്. വൃത്തിയാക്കുന്നതിനായി ഇറങ്ങിയതിന് പിന്നാലെ കിണറിടിഞ്ഞ് ഗിരീഷ് ഉള്ളിൽപ്പെടുകയായിരുന്നു.

ബുധനാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. 100 വർഷം പഴക്കം ചെന്ന കിണറായിരുന്നു ഗിരീഷ് വൃത്തിയാക്കാൻ ശ്രമിച്ചത്. തുടർന്ന് വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറി വരാൻ ഒരുങ്ങുമ്പോഴാണ് അപകടം. കിണറിന്റെ മതിലുകൾ മണ്ണിനോടൊപ്പം ഇടിഞ്ഞ് വീഴുകയായിരുന്നു.

അപകടമുണ്ടായതിന് തൊട്ടുപിന്നാലെ മണ്ണുമാന്തി യന്ത്രം എത്തിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഗിരീഷിനെ കണ്ടെത്താനായില്ല. എട്ടോളം മണ്ണുമാന്തി യന്ത്രങ്ങൾ അപകടസ്ഥലത്ത് എത്തിച്ചിരുന്നു. തുടർന്ന് ഇടിഞ്ഞ് വീണ കിണറിന് സമാന്തരമായി മറ്റൊരു കിണർ കുത്തിയാണ് ഗിരീഷിന്റെ മൃതദേഹം പുറത്തെടുക്കാനായത്.