ഹരിദാസൻ വധം: ആറ് ആർ എസ് എസുകാർ കൂടി കസ്‌റ്റഡിയിൽ, പിടിയിലായവരിൽ ഗ്യാങ് ലീഡറും

0
58

തലശേരി പുന്നോൽ താഴെവയലിലെ സിപിഐ എം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ആറ്‌ ആർഎസ്‌എസുകാർ കസ്‌റ്റഡിയിൽ. ഇവരെ പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്‌തുവരുന്നു. കസ്റ്റഡിയിലുള്ളവരിൽ സംഭവത്തിലെ ഗ്യാങ് ലീഡറും ഉൾപ്പെട്ടതായാണ് സൂചന. കൊലയാളിസംഘത്തെയും അന്വേഷകസംഘം തിരിച്ചറിഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്‌. കേസിൽ നാലുപേർ റിമാൻഡിലാണ്‌.

കൊലപാതകസംഘത്തിലുൾപ്പെട്ടവരെയും ആസൂത്രണം ചെയ്‌തവരെയും നിയമത്തിന്‌ മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ്‌ പൊലീസ്‌. തെളിവുകൾ മുഴുവൻ ശേഖരിച്ചശേഷമാകും കുടുതൽ അറസ്‌റ്റ്‌. കണ്ണവം സ്‌റ്റേഷനിലെ പൊലീസുകാരൻ സുരേഷ്‌ നരിക്കോടനെ മൂന്ന്‌ തവണയാണ്‌ മണിക്കൂറുകളോളം ചോദ്യംചെയ്‌തത്‌. ഇയാൾ ഇപ്പോഴും പൊലീസ്‌ നിരീക്ഷണത്തിലാണ്‌.

വാട്‌സാപ്പ്‌ കോളിലെ വിവരങ്ങൾ ശേഖരിച്ചശേഷമേ പൊലീസുകാരന്റെ കാര്യത്തിൽ അന്തിമതീരുമാനമുണ്ടാവൂ. ഒളിവിൽ കഴിയുന്ന ആർഎസ്‌എസുകാരുടെ വീടുകളും കുടുംബവും പൊലീസ്‌ നിരീക്ഷണത്തിലാണ്‌. ഉത്തരമേഖലാ ഐജി അശോക്‌യാദവ്‌ കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു. പ്രത്യേക അന്വേഷകസംഘത്തിലെ ഓഫീസർമാരുമായി അന്വേഷണ പുരോഗതിയും വിലയിരുത്തി. മത്സ്യബന്ധന ജോലികഴിഞ്ഞ്‌ വീട്ടിലെത്തിയ ഹരിദാസനെ തിങ്കളാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ്‌ വെട്ടിക്കൊന്നത്‌.