ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തിയില്‍; നിര്‍ദേശമില്ലാത്ത പുറത്തിറങ്ങരുതെന്ന് എംബസി

0
62

ഉക്രയ്‌നിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തിയിലെത്തി. ഇന്ത്യാക്കാരുടെ ആദ്യ ബാച്ച് സൂകേവാ അതിര്‍ത്തി വഴി റൊമാനിയയില്‍ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി വെള്ളിയാഴ്‌ച പറഞ്ഞു. ഉക്രയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന ഹംഗറി, പോളണ്ട്, സ്ലൊവാക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്.

റൊമാനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റില്‍ നിന്ന് എയര്‍ ഇന്ത്യയുടെ രണ്ടുവിമാനങ്ങളിലായി ശനിയാ‌ഴ്‌ച‌‌ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മുംബൈയിലും ഡല്‍ഹിയിലും എത്തിക്കാനാണ് പദ്ധതി. വിദ്യാര്‍ഥികളടക്കം പതിനാറായിരത്തോളം ഇന്ത്യക്കാരാണ് ഉക്രയ്‌നില്‍ ഇപ്പോഴുള്ളത്. ഇവരെ ഘട്ടംഘട്ടമായി ഒഴിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.

എന്നാല്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശമനുസരിച്ച് പോളണ്ട് അതിര്‍ത്തിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ കൊടും തണുപ്പില്‍ കുടുങ്ങികിടക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിലോമീറ്ററുകളോളം നടന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ഏറെ ആശങ്കയിലാണ് അതിര്‍ത്തിയില്‍ കഴിയുന്നത്.

നിര്‍ദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കി. അധികൃതരുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തികളിലേക്ക് വരരുത്. ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത തുടരണണമെന്നും ഉക്രയ്‌നിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ഉക്രയ്‌നിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഭക്ഷണവും വെള്ളവും താമസസൗകര്യവും ലഭിക്കുന്നെങ്കില്‍ അവിടെ തുടരുന്നതാണു നല്ലത്. കിഴക്കുഭാഗത്തുള്ളവര്‍ സുരക്ഷിതമായ ഇടത്തുതന്നെ തുടരണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും എംബസി നിര്‍ദേശിച്ചു.