ദേശവിരുദ്ധ പ്രചാരണം ആരോപിച്ച് 20 യൂട്യൂബ്‌ ചാനലും രണ്ട്‌ വെബ്‌സൈറ്റും കേന്ദ്രം തടഞ്ഞു

0
27

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കും പൗരത്വബില്ലിനും എതിരായി രാജ്യത്ത്‌ നടന്ന വന്‍ പ്രതിഷേധങ്ങള്‍ പ്രചരിപ്പിച്ചിരുന്ന 20 യൂട്യൂബ്‌ ചാനലുകളുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. എന്നാല്‍ രാജ്യവിരുദ്ധ പ്രവർത്തനങ്ങളും വ്യാജ വാർത്തകളും ഇന്റർനെറ്റിൽ പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് രണ്ട് വെബ്‌സൈറ്റുകളും 20 യൂട്യൂബ് ചാനലുകളും തടഞ്ഞിരിക്കുന്നത്.

രഹസ്യാന്വേഷണ ഏജൻസികളും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും സംയുക്തമായാണ് ഈ ചാനലുകളും സൈറ്റുകളും കണ്ടെത്തിയത്. സർക്കാർ നിരോധിച്ച യൂട്യൂബ് ചാനലുകളിൽ പഞ്ച് ലൈൻ, ഇന്റർനാഷണൽ വെബ് ന്യൂസ്, ഖൽസ ടിവി, ദി നേക്കഡ് ട്രൂത്ത് എന്നിവ ഉൾപ്പെടുന്നു. പാക്കിസ്ഥാനിൽ നിന്നാണ് ഇവയുടെ പ്രവർത്തനം.

കശ്മീർ, സൈന്യം, ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ, രാമക്ഷേത്രം, സിഡിഎസ് ജനറൽ ബിപിൻ റാവത്ത് തുടങ്ങിയ വിഷയങ്ങളിൽ വ്യാജവും പ്രകോപനപരവുമായ വാർത്തകൾ ഇവയിൽ വന്നതായി പറയുന്നു. അതേസമയം, വിവാദ കാർഷിക നിയമങ്ങൾക്കും സിഎഎയ്‌ക്കുമെതിരായി നടന്ന വൻ പ്രതിഷേധങ്ങളും ഈ ചാനലുകൾ പ്രചരിപ്പിച്ചിരുന്നു. അടുത്ത് തന്നെ അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ ചാനലുകളുടെ പ്രചാരണങ്ങൾ വലിയ ആഘാതമുണ്ടാക്കുമെന്ന് ബിജെപിക്ക് ആശങ്കയുള്ളതിനാലാണ് ഇപ്പോഴത്തെ നടപടി എന്ന് വിമർശിക്കപ്പെടുന്നു.