ഇന്ത്യയിൽ ജേണലിസത്തിൻറെ വസന്തകാലം പിറക്കാൻ പോകുന്നു: ജോസി ജോസഫ് 

0
27

ഇന്ത്യയിൽ ജേർണലിസത്തിൻറെ വസന്ത കാലം പിറക്കാൻ പോകുകയാണെന്ന് പ്രശസ്ത അന്വേഷണാത്മകമാധ്യമപ്രവർത്തകൻ ജോസി ജോസഫ് പറഞ്ഞു. ഏഴര വർഷമായി അടിച്ചമർത്തപ്പെട്ട വാർത്തകൾ ഇനി പുറത്തു വരും. അതിന് മുന്നിൽ നരേന്ദ്ര മോഡി സർക്കാരിന് പിടിച്ചു നിൽക്കാൻ കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി, അന്വേഷണാത്മക പത്ര പ്രവർത്തകരുടെ ആഗോള സംഘടനയായ ഓ സി സി ആർ പി യുടെ ( ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപോർട്ടിങ് പ്രൊജക്ട് ) സഹകരണത്തോടെ എറണാകുളം ഹോട്ടൽ പ്രസിഡൻസിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം ഹൈലവൽ വർക്ക്ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം വെച്ച് രാഷ്ട്രീയം കളിക്കുന്നതിൽ ദേശീയ ഭരണക്കാർക്ക് മിടുക്കുണ്ട്.അതിൻറെ തന്നെ ഭാഗമായാണ് സഹകരണ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നീങ്ങുന്നത്.പക്ഷേ ഏകാധിപത്യ രാഷ്ട്രീയത്തിന്റെ പ്രതാപം അസ്തമിക്കുകയാണ്.

മയക്കുമരുന്നു കള്ളക്കടത്ത് മുതൽ ഇറാൻ എണ്ണയുടെ തിരിമറി കച്ചവടത്തിൽ വരെ ഇന്ത്യക്കാരുടെ പങ്ക് വർധിക്കുകയാണ്. ഈ ശ്രേണിയിൽ മലയാളികളുമുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ മലയാളികൾ സ്ഥാപിച്ച ഐടി കമ്പനികൾ ഉൾപ്പെടെ ഇടം നേടിയിട്ടുണ്ട്. ഇതേ പറ്റിയുള്ള മാധ്യമ പ്രവർത്തകരുടെ വിവരശേഖരണത്തിന് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകളുടെ സാർവ്വ ദേശീയ സംഘടനയായ ഓസിസിആർപിയുടെ സഹകരണം ജോസിജോസഫ് വാഗ്ദാനം ചെയ്തു.

കേരളീയരായ മാധ്യമപ്രവർത്തകർക്ക് രാജ്യാതിർത്തികൾക്ക് അപ്പുറത്ത് നിന്നും വിവരങ്ങൾ ശേഖരിച്ചു നൽകുന്നതിന് കേരള ത്തിൽ ഒരു സ്വതന്ത്ര സഹായകേന്ദ്രം ഓസിസിആർപിയുമായി സഹകരിച്ച് ആരംഭിക്കുമെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു പറഞ്ഞു.

ദ്വിദിന ശിൽപശാലയുടെ സമാപന സമ്മേളനം ഓ സി സി ആർ പി സഹസ്ഥാപകൻ പോൾ റാഡോ ഉദ്ഘാടനം ചെയ്തു. ചെറിയ ബാങ്കുകൾ വലിയ അന്തർദേശീയ ബാങ്കുകളുടെ സഹായത്തോടെ വൻ സാമ്പത്തിക ക്രമക്കേടും നികുതിവെട്ടിപ്പും നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പ് വിവരങ്ങൾ സംബന്ധിച്ച വിവരം വെളിപ്പെടുത്താൻ വലിയ ബാങ്കുകൾ പോലും തയ്യാറാകുന്നില്ല.

സാധാരണ നിക്ഷേപകരിൽനിന്ന് പോലും എല്ലാ വിവരങ്ങളും കെവൈസി (know your customer) പ്രകാരം ബാങ്കുകൾ ശേഖരിക്കുന്ന സ്ഥിതിക്ക് ഈ വിവരങ്ങൾ വെളിപ്പെടുത്താതെ ഇരിക്കാൻ യാതൊരു ന്യായവുമില്ല എന്ന് പോൾ റാഡോ പറഞ്ഞു. നിർഭാഗ്യവശാൽ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾക്ക് ഇവയിലുള്ള നിയന്ത്രണം നഷ്ടമാകുകയാണ് . ബിറ്റ് കോയിൻ , ക്രിപ്റ്റോകറൻസി തുടങ്ങിയവ വ്യാപകമാകുന്നതോടെ നിയന്ത്രണ- പരിശോധന സംവിധാനങ്ങൾ വീണ്ടും ദുർബലമാകുകയുമാണ്.

ഇത് സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് വലിയ മറയാണ്. സാമ്പത്തിക, ബാങ്കിംഗ് നിയന്ത്രണങ്ങൾ രാജ്യ തലത്തിലാണ് നടക്കുന്നത്. എന്നാൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ രാജ്യാന്തരതലത്തിലാണ് നടക്കുന്നതെന്നത് വെല്ലുവിളി വർദ്ധിപ്പിക്കുന്നതായി പോൾ റാഡോ പറഞ്ഞു .

സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നവർ, നവീന സാങ്കേതിക വിദ്യകളും സമ്പ്രദായങ്ങളും ഉപയോഗിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുകയാണ്.

ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ക്ലോൺ ചെയ്യുന്നതു മുതൽ വലിയ ഇൻറർനെറ്റ് സെർവർ ഫാമുകളിലെ ഡാറ്റ വിവരങ്ങൾ ചോർത്തുന്നതിന് വരെ ഇത്തരം സാമ്പത്തിക കുറ്റവാളികൾ വിദഗ്ധരാണ്. ശുഭോദർക്കമായ കാര്യം, ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ തന്നെ തട്ടിപ്പിൻറെ വിവരങ്ങൾ പുറത്തു വിടുന്നു എന്നതാണ്.

മാധ്യമപ്രവർത്തകർ ഇത്തരം കാര്യങ്ങൾ ഒറ്റയ്ക്ക് അന്വേഷിക്കുന്നത് സുരക്ഷിതമല്ല. കാരണം കുറ്റവാളികൾ സംഘടിതരാണ്. അതിനാൽ മാധ്യമപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കും കൂട്ടായ വേദികൾ ഉണ്ടാക്കി ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കണമെന്ന് പോൾ റാഡോ ആവശ്യപ്പെട്ടു .

ക്യാമ്പ് ഡയറക്ടർ എസ് ബിജു, അക്കാദമി സെക്രട്ടറി എൻ പി സന്തോഷ് എന്നിവർ സംസാരിച്ചു