യുഡിഎഫ് സര്‍ക്കാര്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചത് 94 ശതമാനം; എല്‍ഡിഎഫ് വര്‍ധിപ്പിച്ചിട്ടേയില്ല: മന്ത്രി കെ എൻ ബാലഗോപാൽ

0
66

പെട്രോൾ ഡീസൽ വില കുതിച്ചുയരുന്നത് ഈ കോവിഡ് കാലത്ത് ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് എന്നതിൽ തർക്കമില്ലെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ. എന്നാൽ പെട്രോൾ ഡീസൽ വില വർധനവിന്റെ യഥാർഥ കാരണം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. അത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും പെട്രോൾ ഡീസൽ വില കുതിച്ചുയറുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മന്ത്രിയുടെ മറുപടി പൂർണരൂപം:

കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷകാലയളവിൽ ഒരിക്കൽപോലും പെട്രോൾ ഡീസൽ നികുതികൾ കൂട്ടിയിട്ടില്ല. എന്നു മാത്രമല്ല 2018 ൽ നികുതി നിരക്കുകൾ 30.08 ആയും 22.76 ആയും കുറയ്ക്കുകയാണ് ചെയ്‌തത്.  അതിനാൽ, സംസ്ഥാനത്തിന് വീതം വച്ച് നൽകാൻ പോലും സാധിക്കാത്ത തരത്തിലെ നികുതിഘടന മാറ്റുകയും അവയിൽ അമിതമായ വർധധനവ് ചുരുങ്ങിയ കാലം കൊണ്ട് വരുത്തുകയും ചെയ്‌ത കേന്ദ്രനയത്തിനെതിരെയാണ് യഥാർത്ഥത്തിൽ നമ്മൾ അണിചേരേണ്ടത്. കേന്ദ്ര സര്ക്കാരിൽ നിന്നും ഇതിന്മേലുള്ള ആവശ്യമായ നടപടികൾ ഉണ്ടാവേണ്ടതുണ്ട്. അതിനായുള്ള സമ്മർദം സംസ്ഥാന സര്ക്കാരിൽ നിന്നും ഉണ്ടാവും.

ഒന്നാം പിണറായി സർക്കാറിന്റെ കാലയളവിൽ  2018 ലാണ്  പെട്രോളിന്റെ നികുതി 30.08 ശതമാനമായും ഡീസലിന്റെ നികുതി 22.76 ശതമാനമായും കുറച്ചത്. ഇങ്ങനെ നികുതി കുറച്ചതു കാരണം അന്നത്തെ നിരക്കനുസരിച് 509 കോടി രൂപയാണ് നികുതിയിളവായി ജനങ്ങൾക്ക് ലഭിച്ചത്. പെട്രോളിയം വിലക്കയറ്റം കൂടെ കണക്കാക്കിയാൽ ഇതുവരെ കുറഞ്ഞത് 1500 കോടി രൂപയെങ്കിലും ജനങ്ങൾക്ക് നികുതിയിളവായി നൽകി കഴിഞ്ഞു. ഇതിനോടൊപ്പം മറ്റൊരു കണക്ക് കൂടി ചേർത്ത് വായികേണ്ടതുണ്ട്.

ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ ഭരണകാലമായ 2011-12 സാമ്പത്തിക വർഷം  3138 കോടി നികുതി വരുമാനത്തിൽ നിന്നും 2015-16 സാമ്പത്തിക വർഷം എത്തുമ്പോൾ 6100 കോടിയിലേക്ക് ഉയർന്നു ഏകദേശം 94 ശതമാനത്തിന്റെ വർദ്ധനവ് ആണ് ഉണ്ടായത്.  എന്നാൽ ഈ കഴിഞ്ഞ ഇടത് പക്ഷ സർക്കാരിന്റെ കാലയളവിൽ 2016-17 സാമ്പത്തിക വർഷത്തിൽ നികുതി 6876 കോടിയിൽ നിന്നും 2019-20 ൽ 7907 കോടിയായി, 15 % വർധനവ് മാത്രം.

പെട്രോൾ ഡീസൽ വില നിർണ്ണയ അധികാരം സംസ്ഥാന സർക്കാരിനല്ല. ഇത് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കമ്പോളത്തിന് വിട്ടുകൊടുത്തത് യുപിഎ/എൻഡിഎ സർക്കാരുകൾ ആണ്. അന്ന് മുതൽ തുടങ്ങിയതാണ് വിലയിലെ ഈ കുതിച്ചു കയറ്റം. അതിനു ശേഷം വന്ന എൻഡിഎ സർക്കാർ കഴിഞ്ഞ 7 വർഷം കൊണ്ട് സെസ്സും അഡീഷണൽ സ്പെഷ്യൽ ഡ്യൂട്ടി എന്ന പേരിലും പുതിയ നികുതികൾ കൊണ്ട് വരികയും അവ അനിയന്ത്രിതമായി വർധിപ്പിക്കുകയും ചെയ്‌തു. ക്രൂഡോയിൽ വിലയിൽ കുറവ് വന്നാൽ പോലും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരാത്ത രീതിയിൽ ആണ് സെസ്സും അഡീഷണൽ സ്പെഷ്യൽ ഡ്യൂട്ടിയും വർധിപ്പിച്ചിരിക്കുന്നത്.

അടിസ്ഥാന എക്സൈസ് നികുതി 2016 ഇൽ 9.48 രൂപയുണ്ടായിരുന്നത് കുറച്ച് കുറച്ച് നിലവിലെ 1.4 രൂപയാക്കി കുറച്ചപ്പോൾ പങ്കുവെയ്ക്കേണ്ടതില്ലാത്ത സെസ്, അഡിഷണൽ നികുതി കൃഷി സെസ് യിനങ്ങളിൽ 31.5 രൂപ കേന്ദ്രം പിരിച്ചെടുക്കുന്നു.സംസ്ഥാനങ്ങളുമായി നികുതി പങ്കുവെയ്ക്കുന്നതിൽ മോഡി സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പ് യുപിഎ സർക്കാരിൽ നിന്നാണ് കണ്ടുപഠിച്ചത്.

2014 ൽ ഒരു ലിറ്റർ പെട്രോളിന് വെറും 8.276 രൂപ ആയിരുന്ന സെസ്സും സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയും ഫെബ്രുവരി 2021 ആയപ്പോൾ 31.5 രൂപയായി വർദ്ധിപ്പിച്ചു. ഇതേകാലയളവിൽ ഒരു ലിറ്റർ ഡീസലിന്റെ സെസ്സും അഡീഷണൽ സ്പെഷ്യൽ ഡ്യൂട്ടിയും 2.104 രൂപയിൽ നിന്നും 30 രൂപയായി വർദ്ധിപ്പിച്ചു. പെട്രോൾ നികുതിയിലുള്ള വർദ്ധനവ് 281 ശതമാനവും ഡീസലിന്റെ നികുതി വർധനവ് 1325 ശതമാനവുമാണ്.

പെട്രോൾ-ഡീസൽ നികുതി നിരക്ക്: യുഡിഎഫ്‌ – എൽഡിഎഫ്‌ താരതമ്യം

കോവിഡ് കാലത്ത് പല സംസ്ഥാനങ്ങളിലും ഇന്ധന നികുതി വർദ്ധിപ്പിച്ചപ്പോൾ നികുതി വർദ്ധിപ്പിക്കാതിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ഇന്ധന നികുതിയില്‍ കുറവ് വരുത്തിയെന്ന് പറയുന്ന അവകാശവാദം പൊള്ളയാണ്‌. ശരിയാണ്. 2011 മുതൽ 2015 വരെ 3 തവണ നികുതി നിരക്കിൽ യുഡിഎഫ്‌ കാലത്ത് കുറവ് വരുത്തി എന്നാൽ, 13 തവണയാണ് പെട്രോളിന്റെ നികുതി കൂട്ടിയത്. 2011 ൽ 26.64 ശതമാനം ആയിരുന്ന നികുതി 2015 ആയപ്പോൾ 31.8% ആയി വർധിപ്പിച്ചു.

ഡീസലിന്റെ കാര്യത്തിൽ ഇതേ കാലയളവിൽ രണ്ടു തവണ നികുതി കുറച്ചു. എന്നാൽ, 6 തവണ കൂട്ടി. 2011 ജൂണിൽ 22.6  ശതമാനം ആയിരുന്ന നികുതി 2015 ആയപ്പോൾ 24.52% ആയി വർധിപ്പിച്ചു. നികുതി കുറച്ചതുകൊണ്ട് ആ കാലത്ത് 620 കോടി രൂപയുടെ നികുതിയിളവ് നൽകിയ യു ഡി എഫ് സർക്കാർ ആ കാലയളവിൽ നികുതി വർധിപ്പിച്ചതിലൂടെ ഏകദേശം അതിന്റെ നാലിരട്ടി തുക അധിക നികുതിയായി പിരിച്ചെടുത്തു. എന്നാൽ 2016 ൽ ഇടതു സർക്കാർ ഭരണത്തിൽ വന്ന ശേഷം പെട്രോൾ ഡീസൽ നികുതി നിരക്ക് ഇന്നേവരെ കൂട്ടിയിട്ടില്ല. മാത്രമല്ല, നിലവിലെ നിരക്കുകളിൽ നിന്നും കുറയ്ക്കുയുമാണ് ഉണ്ടായത്.

ക്രൂഡ് ഓയിൽ വില കുറഞ്ഞാലും പെട്രോൾ ഡീസൽ വില കുറയാത്തതിന് കാരണം

വിലയുടെ ഏറ്റക്കുറച്ചിൽ ഉണ്ടാകാതിരിക്കാൻ 1972 ൽ തുടങ്ങിയ ഓയിൽ പൂൾ അക്കൗണ്ട് നിലനിന്നിരുന്നു. ഓയിൽ പൂൾ അക്കൗണ്ടിൽ അന്തർദേശീയ മാർക്കറ്റിൽ വില അമിതമായാൽ ഫണ്ടിൽനിന്ന്‌ പണം ഇറക്കി സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തും. വിലകുറഞ്ഞാൽ അധികവരുമാനം ഫണ്ടിലേക്ക്‌ നിക്ഷേപിക്കും.

പക്ഷെ ഇവിടെ അധിക വരുമാനം സർക്കാർ ഫണ്ടിലേക്ക് പോകുകയും, അന്തർദേശീയ മാർക്കറ്റിൽ വില അമിതമായാൽ അതിന്റെ ഭാരം പാവം ജനങ്ങളുടെ മുകളിലേക്ക് ചാർത്തികൊടുക്കയും ചെയ്യും. മന്മോഹൻ സിങ് ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ തുടങ്ങി വെച്ച പുത്തൻ സാമ്പത്തിക നയങ്ങളുടെ തുടർച്ചയുടെ ഭാഗമായി ആണ്   2002 ൽ അധികാരത്തിലേറിയ വാജ്പേയി ഗവൺമെന്റ് ഓയിൽ പൂൾ അകൗണ്ട് നിർത്തലാക്കിയത്.

അതിനുശേഷം വന്ന ഒന്നാം യുപിഎ ഗവൺമെന്റിൽ ഇടത് പക്ഷത്തിനുള്ള സ്വാധീനം കാരണം നവലിബറൽ നയങ്ങളിൽ നിന്നും പിന്നോക്കം പോകേണ്ടി വന്നു. എന്നാൽ അതിനു ശേഷം വന്ന രണ്ടാം യു പി എ സർക്കാർ പെട്രോൾ വില നിർണ്ണയിക്കാനുള്ള സർക്കാരിനുള്ള അവകാശം എടുത്തു കളഞ്ഞു. ഓയിൽ പൂൾ അക്കൗണ്ട് നിർത്തലാക്കി, 2. പെട്രോൾ വില നിർണ്ണയ അധികാരം കമ്പോളത്തിന് വിട്ടു കൊടുത്തു.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം

കോവിഡ് കാലത്ത്  യു പി, ഗോവ, ഹരിയാന, ചത്തീസ്ഗഡ്,കർണാടക  മുതലായ സംസ്ഥാനങ്ങൾ ഇന്ധന നികുതി വർദ്ധിപ്പിച്ചപ്പോൾ നികുതി വർദ്ധിപ്പിക്കാതിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ഇന്ധന നികുതിയില്‍ നല്‍കിയെന്ന് പറയുന്ന അവകാശവാദം പൊള്ളയാണ്‌. 2006 മെയിൽ വി എസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോളിന്റെ നികുതി 29.01 ശതമാനവും ഡീസലിന്റെ നികുതി 24.69 ശതമാനവുമായിരുന്നു.അധികാരത്തിൽ നിന്നറിങ്ങുമ്പോൾ ഇവ യഥാക്രമം 26.64 ശതമാനവും 24.69 ശതമാനവുമായി കുറച്ചിരുന്നു.

ആന്ധ്രാപ്രദേശ് , കർണാടക , മധ്യപ്രദേശ് , ഒഡിഷ , പഞ്ചാബ് , രാജസ്ഥാൻ , തെലുങ്കാന  മുതലായ  സംസ്ഥാങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി കേരളത്തിനേക്കാൾ കൂടുതലാണ് പെട്രോൾ വിലയുടെ അടിസ്ഥാനത്തിൽ കേരളം 11-)൦ സ്ഥാനത്താണ്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും, ഭരണത്തിന്റെ ഭാഗമായുള്ള മഹാരാഷ്ട്രയിലും പെട്രോൾ വില നമ്മളെക്കാൾ വളരെ കൂടുതൽ ആണ്. ഡീസൽ വിലയുടെ അടിസ്ഥാനത്തിൽ കേരളം 10-)൦ സ്ഥാനത്താണ്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും, ഭരണത്തിന്റെ ഭാഗമായുള്ള മഹാരാഷ്ട്രയിലും, ഛത്തീസ്ഗഡ് ലും, ഡീസൽ വില നമ്മളെക്കാൾ വളരെ കൂടുതൽ ആണ് പെട്രോൾ ഡീസൽ നികുതി നിരക്കിന്റെ കാര്യത്തിലും കേരളം പത്തോളം സംസ്ഥാനങ്ങൾക്കു താഴെയാണ്.

കേന്ദ്ര നയം

26.5.2014 ൽ ഒരു ലിറ്റർ പെട്രോളിന് വെറും 8.276 രൂപ ആയിരുന്ന സെസ്സും സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയും ഫെബ്രുവരി 2021 ആയപ്പോൾ 31.5 രൂപയായി വർദ്ധിച്ചു. 281% വർദ്ധനവ്. ഡീസലിന്റെ കാര്യത്തിൽ 26.5.2014 ൽ ഒരു ലിറ്റർനു വെറും 2.104 രൂപ ആയിരുന്ന സെസ്സും സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയും ഫെബ്രുവരി 2021 ആയപ്പോൾ 30 രൂപയായി വർദ്ധിച്ചു. ഏകദേശം 14 മടങ്ങ് വർദ്ധനവ്. ഇപ്രകാരം ഈടാക്കുന്ന നികുതിയിൽ നിന്നും ഒരംശം പോലും സംസ്ഥാന സരക്കാരൂകൾക്കു ധനകാര്യം കമ്മിഷൻ വഴിയുള്ള വിഹിതമായി വീതിച്ചു കൊടുകേണ്ടതുമില്ല.

ജിഎസ്‌ടിയിൽ പ്പെടുത്തിയാൽ വില കുറയുമോ?

2018-19 കാലഘട്ടത്തിൽ തൊട്ട് മുമ്പത്തെ വർഷത്തേക്കാൾ അന്താരാഷ്ട്ര മാർക്കെറ്റിൽ ഗ്യാസിന്റെ വില 485.92 ($/MT) യിൽ നിന്നും 526.00 ($/MT) ആയി കൂടി. ഏകദേശം 8 ശതമാനത്തിന്റ കൂടുതൽ.  പക്ഷെ ഇന്ത്യയിലെ മാർക്കറ്റിൽ ഗ്യാസിന്റെ വില 653.46 ൽ നിന്നും 768.12 രൂപയായി (17.55 ശതമാനത്തിന്റെ വർദ്ധനവ്). അതായത്, അന്താരാഷ്ട്ര മാർക്കെറ്റിൽ 8 ശതമാനത്തിന്റെ വർദ്ധനവ് ഇന്ത്യയിൽ ഇരട്ടിയായി. ജി എസ് ടി റേറ്റിൽ മാറ്റവും ഇല്ല. അപ്പോൾ അധിമായുള്ള 8 ശതമാനത്തിന്റെ വർദ്ധനവ് ഗ്യാസ് കമ്പനികൾക്ക് ആണ്.

ഇനി നേരെ തിരിച്ചുള്ള ഒരു കാര്യം നോക്കാം. 2018-19 ൽ നിന്നും 2019-20 കാലഘട്ടത്തിൽ അന്താരാഷ്ട്ര മാർക്കെറ്റിൽ ഗ്യാസിന്റെ വില 526.00 ($/MT) ൽ നിന്നും 453.75.00 ($/MT) ആയി കുറഞ്ഞു. ഏകദേശം 14 ശതമാനത്തിന്റ കുറവ്.  പക്ഷെ ഇന്ത്യയിലെ മാർക്കറ്റിൽ ഗ്യാസിന്റെ വില 768.12 ൽ 694.73 രൂപയായി )9.55 ശതമാനത്തിന്റെ മാത്രം കുറവ്). അതായത് അന്താരാഷ്ട്ര മാർക്കെറ്റിൽ 14 ശതമാനത്തിലെ കുറവ് ഇന്ത്യയിൽ മാറ്റം വരുത്തിയത് വെറും 9.55 ശതമാനം മാത്രം. അതേ സമയത്ത്, ജി എസ് ടി നിരക്കുകളിൽ, ഒരു മാറ്റവും ഉണ്ടായതുമില്ല. അപ്പോൾ അധിമായുള്ള 4.5 ശതമാനത്തിന്റെ ലാഭം ഗ്യാസ് കമ്പനികൾക്ക് ആണ്.

ജിഎസ്‌ടിയിൽ പ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ നിലപാട്

ഈ കഴിഞ്ഞ ജൂലൈ ഓഗസ്റ് പാര്ലമെന്റ് സെഷനുകളിൽ കുറഞ്ഞത് 10 പേരെങ്കിലും പെട്രോൾ ഡീസലും ജി എസ് ടി യിൽ ഉള്പെടുത്തുമോ എന്നു ചോദിച്ചപ്പോൾ  കേന്ദ്ര സർക്കാരിന് അത്തരം ഒരു നീക്കമില്ല എന്നാണ് രേഖാമൂലം മറുപടി നൽകിയത്. കേരളത്തിൽ നിന്നുള്ള രാജ്യസഭാ എം പിയായ ശ്രീ എളമരം കരീം സമാന ചോദ്യം ചോദിച്ചിരുന്നു. അതിനു മറുപടി സർക്കാരിന് അങ്ങനെ ഒരു കാര്യം അജണ്ടയിൽ ഇല്ല എന്നാണ്.

കോവിഡ് കാരണം സംസ്ഥാന നികുതി നികുതിയേതര വരുമാനത്തിൽ വലിയ കുറവാണ് സംസ്ഥാനം അനുഭവിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കടമെടുക്കൽ സ്വാതന്ത്ര്യം പോലും നിലവിലെ നിയമത്തിൽ പരിമിതമാണ്. സാമൂഹ്യ പെൻഷന് പ്രതിമാസം 900  കോടിക്കുമേല്‍. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും   ശമ്പള പെൻഷൻ പരിഷ്കരണത്തിലൂടെ അധികമായി വേണ്ടത് 14500 കോടി രൂപക്ക് മേല്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചെലവിനായി  ഇനിയും വന്‍തുക വേണ്ടി വരുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന നികുതി  കുറയ്ക്കുന്നത് വന്‍ പ്രതിസന്ധിക്ക് കാരണമാകും.

പകരം ചുരുങ്ങിയ കാലം കൊണ്ട് വളരെ വലിയ വർദ്ധനവ് പെട്രോൾ ഡീസൽ നികുതിയിൽ വരുത്തിയ കേന്ദ്രനയം മാറിയേ തീരൂ. ജനങ്ങളുടെ മേൽ കോവിഡ് സാഹചര്യത്തിൽ ഇത്തരത്തിൽ അധികഭാരം ചുമത്തുന്ന കേന്ദ്രനയത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ച് നിൽക്കേണ്ടതുണ്ട്. ഇത് യേറെ നാളായുള്ള സർകാരിന്റെ നിലപാടാണ്. ഇത് പലതവണ ഈ സഭയിൽ  ബോധിപ്പിച്ചിട്ടുള്ളതും കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുള്ളതുമാണ്. അതിനാൽ ഇക്കാര്യത്തില് സഭ നടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യേണ്ട സാഹചര്യം നിലവിലില്ല.