വരുമാനം ഇനി ട്വിറ്റര്‍ വഴിയും

0
40

 

വരുമാനം നേടാന്‍ കഴിയുന്ന സൂപ്പര്‍ഫോളോസ് ഫീച്ചര്‍ അവതരിപ്പിച്ച് ട്വിറ്റർ. സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായുള്ള ഉള്ളടക്കം പങ്കുവെക്കുന്നതിലൂടെ പ്രതിമാസം വരുമാനം നേടാന്‍ കഴിയുമെന്നതാണ് സൂപ്പര്‍ ഫോളോസിന്റെ പ്രത്യേകത. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും മറ്റും 2.99 ഡോളര്‍, 4.99 ഡോളര്‍, 9.99 ഡോളര്‍ എന്നിങ്ങനെ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് നിശ്ചയിക്കാം. എക്‌സ്‌ക്ലൂസീവ് കണ്ടന്റുകളായിരിക്കും സൂപ്പര്‍ ഫോളോവേഴ്‌സിനായി പങ്കുവെക്കുക. ഈ ഓപ്ഷന്‍ ലഭ്യമായ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് സൂപ്പര്‍ ഫോളോ എന്ന ബട്ടണ്‍ കാണാന്‍ സാധിക്കും. സൂപ്പര്‍ ഫോളോ ചെയ്യാനുള്ള തുക എത്രയെന്നും എങ്ങനെയാണ് പണം അടേക്കണ്ടതെന്നും അവിടെ വിവരം ലഭിക്കും.
സൂപ്പര്‍ ഫോളോയിലൂടെ വരുമാനം നേടണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അതിലൊന്ന്, അക്കൗണ്ടിന് കുറഞ്ഞത് 10000 ഫോളോവേഴ്‌സുണ്ടാവണം എന്നതാണ്. ഒരു മാസത്തില്‍ 25 തവണയെങ്കിലും അക്കൗണ്ടില്‍ ട്വീറ്റുകളിട്ടിരിക്കണം. 18 വയസ് തികയണം തുടങ്ങിയവയാണ് നിബന്ധനകള്‍. സൂപ്പര്‍ ഫോളോസ് ഓപ്ഷന്‍ വേണ്ടവര്‍ ഹോം ടൈംലൈനിലെ സൈഡ്ബാറില്‍ മോണിറ്റൈസേഷനില്‍ സൂപ്പര്‍ ഫോളോസ് സെലക്റ്റ് ചെയ്യണം.
നിലവില്‍ കാനഡയിലും അമേരിക്കയിലുമുള്ള ഐ ഒ എസ് യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. വൈകാതെ എല്ലാ രാജ്യങ്ങളിലേക്കും സൂപ്പര്‍ ഫോളോ സേവനം ലഭ്യമാക്കുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സംഗീതജ്ഞര്‍, എഴുത്തുകാര്‍, ഗെയിമര്‍മാര്‍, ജ്യോതിഷികള്‍, സൗന്ദര്യ വിദഗ്ധര്‍, കൊമേഡിയന്‍സ്, കായിക വിദഗ്ധര്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ ഫീച്ചര്‍ കാര്യമായി ഉപയോഗപ്പെടുമെന്നും ട്വിറ്റര്‍ കൂട്ടിച്ചേര്‍ത്തു.