ബി.ജെ.പി എം.എല്‍.എയുടെ മകന്‍ ആപ്പിള്‍ ഐ ഫോണ്‍ ഉപയോഗിച്ച്‌​ ​ കേക്ക്​ മുറിച്ചു; വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ

0
55

കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എയുടെ മകന്‍ ആപ്പിള്‍ ഐ ഫോണ്‍ ഉപയോഗിച്ച്‌​ ​പിറന്നാള്‍ കേക്ക്​ മുറിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കനകഗിരി എം.എല്‍.എ ബസവരാജ്​ ദാദെസുഗുറിന്‍റെ മകന്‍ സുരേഷാണ്​ വിവാദമു​ണ്ടാക്കിയത്​​.

മേശയുടെ മുകളില്‍ നിരത്തിവെച്ച കേക്കുകള്‍ക്ക്​ മുകളിലൂടെ ഐഫോണ്‍ നീക്കിക്കൊണ്ടാണ്​ സുരേഷ്​ ആഘോഷിച്ചത്​. സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആര്‍പ്പുവിളിക്കുന്നതും വിഡിയോയില്‍ കാണാം. സുരേഷ്​ എന്ന് പേരിന്‍റെ ഒരോ അക്ഷരത്തിനായി ഒരോ കേക്കുകളാണ്​ തയാറാക്കിയത്​.​

കോവിഡ്​ മഹാമാരിക്കാലത്ത്​ പണം ധൂര്‍ത്തടിക്കുന്ന എം.എല്‍.എയുടെ മകന്‍റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച്‌​ കോണ്‍ഗ്രസ്​ രംഗത്തെത്തി. ബല്ലാരിക്കടുത്ത്​ ഹോസ്​പേട്ടയിലാണ്​ ബര്‍ത്ത്​ഡേ ആഘോഷങ്ങള്‍ അരങ്ങേറിയതെന്ന്​ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ആഡംബര കാറുകളിലാണ്​ സുഹൃത്തുക്കളെയും ബന്ധുക്കളെയും സുരേഷ്​ പരിപാടി നടന്ന സ്​ഥലത്തെത്തിച്ചതെന്ന്​ ചില ഇന്‍സ്റ്റഗ്രാം സ്​റ്റോറികളിലൂടെ വ്യക്തമാണ്​​. ശേഷം ഓഡിയുടെ ആഡംബര കാര്‍ ഓടിച്ചാണ്​ സുരേഷ്​ ബെല്ലാരിലേക്ക്​ വിരുന്നിന്​ പോയത്​.

മകന്‍ ചെയ്​തതില്‍ തെറ്റൊന്നുമില്ലെന്ന്​ എം.എല്‍.എ വിശദീകരിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ്​ റിപ്പോര്‍ട്ട്​ ചെയ്​തു. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ്​ സുരേഷ്​ പിറന്നാള്‍ ആഘോഷിച്ചതെന്നാണ്​ അദ്ദേഹം നല്‍കുന്ന ന്യായീകരണം. കോവിഡ്​ മഹാമാരി ഇനിയും അവസാനിക്കാത്തതിനാലാകാം സുരേഷ്​ ഐ ഫോണ്‍ ഉപയോഗിച്ച്‌​ കേക്ക്​ മുറിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2018ല്‍ തെരഞ്ഞെടുപ്പ്​ സമയത്ത്​ ഫണ്ടില്ലെന്ന്​ പറഞ്ഞ്​ സ്വന്തം മണ്ഡലത്തില്‍ നിന്ന്​ പരിവെടുത്തയാളാണ്​ ബസവരാജെന്ന്​ പ്രദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം മൂന്നിലധികം ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടിയ ഇയാള്‍ അന്ന്​ തന്നെ തന്‍റെ മനോഭാവം വ്യക്തമാക്കിയതാണ്​.