വൈകിവന്ന ബോധോദയം : ഇന്തോനേഷ്യൻ സൈന്യം രണ്ട് വിരലുകളുടെ പരീക്ഷണം അവസാനിപ്പിച്ചു

0
28

സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഇനി കന്യകാത്വ പരിശോധനയ്ക്ക് വിധായരാകേണ്ട എന്ന് ഇന്തോനേഷ്യന്‍ സൈനിക മേധാവി ജനറല്‍ അന്‍ഡിക പേര്‍കസ്. ഇന്തോനേഷ്യയില്‍ നാഷണല്‍ മിലിട്ടറി ഫോഴ്സില്‍ ചേരുന്നതിന് മുന്നോടിയായി വനിതാ കേഡറ്റുകളില്‍ നടത്തിയിരുന്ന കന്യകാത്വ പരിശോധനയാണ് നിര്‍ത്തലാക്കാന്‍ തീരുമാനമായത്.

മനുഷ്യാവകാശ സംഘടനകൾ വളരെക്കാലമായി ഈ നടപടിയെ അപലപിക്കുകയും അപമാനകരവും ആഘാതകരവുമാണെന്ന് പറയുകയും ചെയ്തിരുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എച്ച്.ഒ.) ഇതിനെതിരെ രംഗത്ത് വന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇന്തോനേഷ്യന്‍ സൈനിക വിഭാഗം ഈയൊരു നടപടിക്ക് തയാറായത്. ഇത്തരം കന്യകാ പരിശോധനകള്‍ വനിതാ കേഡറ്റുകള്‍ക്ക് മാനസികമായ പിരിമുറുക്കം ഉണ്ടാക്കിയിരുന്നു.

ഇത്തരം പരിശോധനകള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്നായിരുന്നു ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍. 2015ല്‍ അന്നത്തെ ആരോഗ്യ മന്ത്രിയായ നില മൊലൂക് ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. അതോടെ ഈ വിഷയം വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ഇനി മുതല്‍ കേഡറ്റുകളുടെ കായിക ക്ഷമതയും നട്ടെല്ലിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനവും വര്‍ണാന്ധതയുടെ പരിശോധനയും മാത്രതായിരിക്കും കണക്കിലെടുക്കുകയെന്നും കന്യകാത്വ പരിശോധനകള്‍ സൈന്യത്തില്‍ ഇനി മുതല്‍ ഉണ്ടാവില്ലെന്നും ആര്‍മി മേധാവി അന്‍ഡിക പേര്‍കസ പറഞ്ഞു.