ഡിസിസി സെക്രട്ടറി പീഡിപ്പിച്ചെന്ന് മഹിള കോൺഗ്രസ് നേതാവിന്റെ പരാതി, പൊലീസ് അന്വേഷണം തുടങ്ങി

0
17

ഡിസിസി സെക്രട്ടറി പീഡിപ്പിച്ചതായി മഹിള കോണ്‍ഗ്രസ് ജില്ല ഭാരവാഹിയുടെ പരാതി. ബത്തേരിക്കടുത്ത മാനിക്കുനി പാമ്പനായി വീട്ടില്‍ ആര്‍ പി ശിവദാസിനെതിരെയാണ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ മഹിള നേതാവ് ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും മകളെയും തന്നെയും സോഷ്യല്‍മീഡിയ വഴിയും മറ്റും മോശമായി ചിത്രീകരിച്ച് അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

പരാതിയുടെ പൂർണരൂപം

2019 ഡിസംബര്‍ 6ന് പകല്‍ 11 മണിക്കാണ് സംഭവം. ഡിസംബര്‍ 7ന് രാഹുല്‍ഗാന്ധിയുടെ ബത്തേരിയിലെ പരിപാടിയുമായി ബന്ധപ്പട്ട് സംസാരിക്കാനാണ് ആര്‍ പി ശിവദാസ് വീട്ടിലെത്തിയത്. സംഭാഷണത്തിന് ശേഷം കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ അടുക്കളയിലെത്തിയപ്പോള്‍ പുറകെ വന്ന് വട്ടമിട്ട് പിടിക്കുകയും ബലമായി നിലത്ത് പിടിച്ച് കടത്തി ബലാത്കാരത്തിന് മുതിരുകയും ചെയ്തു. കുതറി മാറി കരഞ്ഞ് കൊണ്ട് പുറത്തേക്കോടി വരാന്തയിലെത്തിയപ്പോള്‍ പുറകെ വന്നു. ഒച്ചവെക്കരുതെന്നും വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന്കളയുമെന്നും മകളെയും തന്നെയും കുറിച്ച് മോശമായ രീതിയില്‍ സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തി പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തിലാക്കുമെന്നും ഭീഷണിപ്പെടുത്തി.
കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതിനാലാണ് അന്ന് പൊലീസില്‍ പരാതി നല്‍കാതിരുന്നത്. എന്നാല്‍ പിന്നീട് തന്റെ മകള്‍ക്ക് വരുന്ന വിവാഹാലോചനകള്‍ എല്ലാം ശിവദാസന്‍ മുടക്കുകയാണെന്നും അതിനാലാണ് ഇപ്പോള്‍ പരാതി നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കുന്നു.