ദാനിഷ് സിദ്ദിഖി ഫോട്ടോ പ്രദർശനം ചൊവ്വാഴ്ച തലസ്ഥാനത്ത്

0
28

 

അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട മാധ്യമ രക്തസാക്ഷി ദാനിഷ് സിദ്ദിഖിന് പ്രണാമമായി കേരള മീഡിയ അക്കാദമി കേരള പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ച് ഫോട്ടോ പ്രദർശനം ജൂലൈ 27 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.
പുലിറ്റ്‌സർ സമ്മാന ജേതാവായ ദാനിഷ് ക്യാമറയിൽ പകർത്തിയ മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ ജ്വലിക്കുന്ന അപൂർവ്വ ചിത്രങ്ങലാണ് പ്രദർശിപ്പിക്കുക.

അന്ത്യയാത്രാ രംഗങ്ങളും ഉണ്ടാകും. ദാനിഷിന്റെ ടെലിവിഷൻ അഭിമുഖം ഉൾപ്പെടുത്തിയ പ്രത്യേക വീഡിയോയും അവതരിപ്പിക്കും. ചൊവ്വാഴ്ച രാവിലെ 8 ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്ന് ദാനിഷിന്റെ നിശ്ചലചിത്രം ക്യാമറയിൽ ക്ലിക്ക് ചെയ്ത് പ്രദർശനം ഉദ്ഘാടനം ചെയ്യും.
മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനാകും.

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കെ.പി., കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി അഭിജിത്, ഭാരത്ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ക്യാപിറ്റൽ ലെൻസ് വ്യു പ്രതിനിധി രാഗേഷ് നായർ, മീഡിയ അക്കാദമി സെക്രട്ടറി എൻ.പി സന്തോഷ് എന്നിവർ സംസാരിക്കും.

ഭാരത് ഭവനിൽ നടക്കുന്ന പ്രദർശനം രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയാണ്. ഇതിന് മദ്ധ്യേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമപ്രവർത്തകരും മാധ്യമഫോട്ടോഗ്രാഫർമാരും ഓൺലൈനിലൂടെ രക്തസാക്ഷി പ്രണാമം നടത്തും.

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ താലിബാന്റെ ഷെല്ലാക്രമണത്തിലാണ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയുടെ ഇന്ത്യയിലെ മൾട്ടിമീഡിയ തലവനായിരുന്ന മുംബൈ സ്വദേശിയായ 41 കാരൻ ദാനിഷ് കൊല്ലപ്പെട്ടത്. ഇന്ത്യയിലെ കോവിഡ് ദുരിതങ്ങൾ, പൗരാവകാശ, കർഷക പ്രക്ഷോഭങ്ങൾ, അഫ്ഗാൻ – ഇറാഖ് യുദ്ധങ്ങൾ, റോഹിങ്ക്യൻ അഭയാർത്ഥി ദുരിതം, ഹോങ്കോങ് പ്രതിഷേധം, നേപ്പാൾ ഭൂകമ്പം തുടങ്ങി ദാനിഷ് പകർത്തിയ ചിത്രങ്ങൾ പ്രദർശനത്തിലുണ്ടാകും.

റോഹിങ്ക്യൻ അഭയാർത്ഥികളുടെ നരകയാതന ലോകത്തിന് മുന്നിൽ കൊണ്ടുവന്നതിനാണ് 2018 ൽ ദാനിഷിന് പുലിറ്റ്‌സർ ലഭിച്ചത്. പുലിറ്റ്‌സർ കിട്ടിയ ഏക ഇന്ത്യക്കാരനാണ്. ദൽഹിയിൽ വംശീയ അക്രമണത്തിന്റെ ഭീകരത ദൃശ്യമാക്കിയ ഫോട്ടോ 2020 ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്‌സ് തെരഞ്ഞെടുത്തിരുന്നു. ദാനിഷിനെ കൊന്നെങ്കിലും ചിത്രങ്ങൾ മരിക്കില്ല എന്ന സന്ദേശമാണ് ഫോട്ടോ പ്രദർശനത്തിലൂടെ നൽകുക.