സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ

0
22

 

സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. അതേസമയം ടിപിആർ കൂടിയ സ്ഥലങ്ങളിൽ കോവിഡ് നിർണയ പരിശോധന കൂട്ടും.

രോഗസ്ഥിരീകരണനിരക്ക് ഉയർന്നുനിൽക്കുന്ന തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കോവിഡ് നിർണയ പരിശോധന കൂട്ടും. രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളിലാകും കൂടുതൽ പരിശോധനകൾ.

ക്വാറന്റീനും സമ്പർക്കപ്പട്ടിക തയ്യാറാക്കലും ശക്തമാക്കും. വീടുകളിൽ സൗകര്യമില്ലാത്തവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. അനുബന്ധരോഗമുള്ളവരെ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കും.

രോഗവ്യാപനം കുറഞ്ഞ എ, ബി കാറ്റഗറികളിൽ ഇന്ന് മുതൽ ഇളവുകൾ നൽകും. റെസ്‌റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവ ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം.

ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ഗെയിമുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ജിമ്മുകൾക്കും എ സി ഒഴിവാക്കി പ്രവർത്തിക്കാം. എന്നാൽ വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആകണമെന്നും നിർദേശമുണ്ട്. എന്നാൽ ഒരേസമയം 20 പേരിൽ കൂടുതൽ പാടില്ല.

വിനോദസഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാനും അനുമതിയുണ്ട്. വാക്‌സിൻ എടുത്തവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമാകും പ്രവേശനം.

എ, ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. സി കാറ്റഗറിയിൽ 50 ശതമാനം ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കാവൂ.