ടൂറിസം മേഖലയിൽ സമ്പൂർണ്ണ വാക്‌സിനേഷൻ ഉറപ്പാക്കും,മേഖല ഘട്ടംഘട്ടമായി തുറക്കും

0
31

 

ടൂറിസം മേഖലയിൽ സമ്പൂർണ്ണ വാക്‌സിനേഷൻ ഉറപ്പാക്കുമെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും വീണാ ജോർജ്ജും അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്ന് നൽകും.സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കും.

കൊവിഡ് ഭീഷണിയിൽ നിന്നും സംസ്ഥാനത്തെ ടൂറിസം മേഖല തിരിച്ചുവരവിന് ഒരുങ്ങുമ്പോഴാണ് രണ്ടാം വ്യാപനവും തുടർന്ന് ലോക്ഡൗണും വന്നത്. 15 ലക്ഷത്തോളം പേരാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്.

ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾ ഇല്ലാതായതോടെ, ടൂറിസം മേഖല തളർന്നു. രോഗവ്യാപനം കുറയുന്ന മുറയ്ക്ക് ടൂറിസം മേഖല തുറക്കാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും വാക്‌സിനേഷൻ ഉറപ്പാക്കും.

നിലവിൽ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാത്തവർക്കും വാക്‌സിനേഷൻ നൽകും. വയനാട് ജില്ലയിലെ ടൂറിസം മേഖലയിൽ ഭൂരിഭാഗം പേർക്കും ഒന്നാം ഡോസ് നൽകികഴിഞ്ഞു. ഏഴ് ദിവസത്തിനുള്ളിൽ വാക്‌സിനേഷൻ പൂർത്തിയാക്കി വൈത്തരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കും.

കുമരകം ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വാക്‌സിനേഷൻ ആരംഭിച്ച് കഴിഞ്ഞു. അടുത്ത ഘട്ടമെന്ന നിലയിൽ കുമരകവും മൂന്നാറും തുറക്കും. ഒരു ജില്ലയിൽ രണ്ട് ടൂറിസ്റ്റ് കേന്ദ്രമെങ്കിലും കാലതാമസമില്ലാതെ തുറക്കാനാണ് ലക്ഷ്യമിടുന്നത്.