“മമതാ ബാനര്‍ജി” വിവാഹിതയാവുന്നു; വരന്‍ സേലം സ്വദേശി എ എം സോഷ്യലിസം

0
27

തമിഴ്നാട്ടിലെ  മമതാ ബാനര്‍ജി ഞായറാഴ്ച വിവാഹിതയാവുകയാണ്. സേലത്ത് വെള്ളി ആഭരണ നിര്‍മാണശാല നടത്തുന്ന സോഷ്യലിസമാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് നടക്കുന്ന വിവാഹത്തിന് അടുത്ത ബന്ധുക്കളും ചുരുക്കം ചില സുഹൃത്തുക്കളും മാത്രം പങ്കെടുക്കും. ക്ഷണിതാക്കള്‍ക്ക് തമിഴ് ഭാഷയില്‍ അച്ചടിച്ച വിവാഹ ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. വധൂവരന്‍മാരുടെ ഇടതും വലതുമായി കമ്യൂണിസവും ലെനിനിസവും മാര്‍ക്സിസവുമുണ്ടാകും.

മമതയുടെയും സോഷ്യലിസത്തിന്റെയും വിവാഹം വീട്ടുകാർ മുൻകൈയെടുത്ത് നടത്തുന്നതാണ്. സിപിഐയുടെ സേലം ജില്ലാ സെക്രട്ടറി എ മോഹനന്റെ മകന്‍ എ എം സോഷ്യലിസവും സമീപത്തുള്ള കോണ്‍ഗ്രസ് കുടുംബത്തിലെ പി മമതാ ബാനര്‍ജിയും തമ്മിലാണ് വിവാഹം. കമ്യൂണിസവും ലെനിനിസവും സോഷ്യലിസത്തിന്റെ സഹോദരങ്ങളാണ്. മൂത്ത സഹോദരന്‍ ലെനിനിസത്തിന്റെ മകനാണ് മാര്‍ക്‌സിസം.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കമ്യൂണിസം ഇല്ലാതായെന്ന പ്രചാരണം മനസിനെ വല്ലാതെ വേദനിപ്പിച്ചെന്നും താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള ഇഷ്ടം കൊണ്ട് മക്കള്‍ക്ക് കമ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നിങ്ങനെ പേരിടുകയായിരുന്നുവെന്നും മോഹനന്‍ പറയുന്നു. രണ്ടാമത്തെ മകന്‍ ലെനിനിസത്തിനു കുഞ്ഞുണ്ടായപ്പോള്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് മാര്‍ക്സിസം എന്ന് പേരിട്ടു.

മോഹനന്റെ മൂത്ത മകന്‍ കമ്യൂണിസം അഭിഭാഷകനാണ്. ലെനിനസവും സോഷ്യലിസവും ചേര്‍ന്ന് സേലത്ത് വെള്ളി ആഭരണ നിര്‍മ്മാണശാല നടത്തുന്നു. മൂന്നു പേരും സിപിഐ പ്രവര്‍ത്തകരാണ്. സോഷ്യലിസത്തിന്റെ വധു മമത ബാനര്‍ജിയുടെ കുടുംബം കോണ്‍ഗ്രസുകാരാണ്. മമതാ ബാനര്‍ജി ബംഗാളില്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവായിരുന്ന കാലത്താണ് കുടുംബത്തില്‍ കുഞ്ഞു പിറക്കുന്നത്. അങ്ങനെയാണ് മമതാ ബാനര്‍ജി എന്ന് പേരിട്ടത്.

വീട്ടില്‍ ചെറിയൊരു ചടങ്ങായാണ് വിവാഹം. എന്നാല്‍ ക്ഷണക്കത്ത് ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സോഷ്യലിസത്തിന്റെയും മമതാ ബാനര്‍ജിയുടെയും കുടുംബങ്ങളിലെ മൊബൈല്‍ ഫോണുകള്‍ക്ക് വിശ്രമമില്ലാതായി- ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.