നിയമസഭാ തെരെഞ്ഞടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദരയുടെ പത്രിക പിന്‍വലിപ്പിക്കാന്‍ ലക്ഷങ്ങൾ നൽകിയെന്ന വെളിപ്പെടുത്തലില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തത് ജനപ്രാതിനിധ്യനിയമം 117 (ബി, ഇ) വകുപ്പുകള്‍ അനുസരിച്ച്. സംഭവത്തിൽ കെ സുന്ദര, പൊലീസിൽ പരാതി നൽകിയ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശൻ എന്നിവരുടെ മൊഴി ബദിയടുക്ക പൊലീസ് രേഖപ്പെടുത്തി. പ്രാഥമികാന്വേഷണം പൂർത്തിയായെന്നും പൊലീസിൽ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ജനപ്രാതിനിധ്യനിയമം 117 (ബി, ഇ) വകുപ്പുകള്‍ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തതെന്നും കാസർകോട് ഡിവൈഎസ്പി പി പി സദനനന്ദൻ പറഞ്ഞു.
കെ സുന്ദരയ്ക്ക് സുരക്ഷ നല്കാന് പൊലീസ് തീരുമാനിച്ചു. ബിജെപി പണം നൽകിയെന്ന് വെളിപ്പെടുത്തിയതിനാൽ ബിജെപിക്കാർ ഭീഷണിപ്പെടുത്തുന്നുവെന്ന് സുന്ദര നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ. മഞ്ചേശ്വരം മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയുടെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ ബി ജെ പി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും 15,000 രൂപ വിലവരുന്ന റെഡ്മി ഫോണും നൽകിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ. ഞായറാഴ്ചയാണ് സുന്ദരയുടെയും വി വി രമേശന്റെയും മൊഴിയെടുത്തത്. ബദിയടുക്ക ഇന്‍സ്പെക്ടര്‍ കെ സലീമാണ് വിശദമായ മൊഴി രേഖപ്പെടുത്തിയത്. മാര്‍ച്ച് 21നാണ് ബിജെപി നേതാക്കൾ കെ സുന്ദരയ്ക്ക് വീട്ടിലെത്തി പണവും മൊബൈല്‍ ഫോണും കോഴയായി നൽകിയത്.