കുഴൽപ്പണക്കടത്ത് കേസിൽ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കീഴിൽ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കൃഷ്ണദാസ് പക്ഷം തുറന്നടിച്ചതോടെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ബിജെപി കോർകമ്മിറ്റി യോഗത്തിൽ ചേരി തിരിഞ്ഞ് വാക്കുതർക്കവും ആരോപണ- പ്രത്യാരോപണങ്ങളും. അപമാനഭാരം കൊണ്ട് ജനങ്ങളെയും പ്രവര്‍ത്തകരെയും അഭിമുഖീകരിക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാക്കിവെച്ചത് കെ സുരേന്ദ്രനും വി മുരളീധരനും ചേർന്നാണ്. എല്ലാം കാണുകയും കേള്‍ക്കുകയും മനസികക്കുകയും ചെയ്യുന്ന ജനങ്ങളെ കാലിയാക്കരുത്. ഇക്കുറി ഒരു സീറ്റ് പോലും കിട്ടാതെ തോറ്റിട്ടും അത് പരിശോധിക്കാൻ ഇതുവരെ തയ്യാറായില്ല. അഹങ്കാരവും ധാര്‍ഷ്ട്യവും കേരളസമൂഹം ഉള്‍കൊള്ളില്ല. ബിജെപിയെ കൊള്ളരുതാത്ത പാര്‍ട്ടിയാക്കി സുരേന്ദ്രനും മുരളീധരനും മാറ്റിയെന്ന് കൃഷ്ണദാസ് പക്ഷം ആഞ്ഞടിച്ചു.
ഇതോടെ വി മുരളീധര പക്ഷം നേതാക്കൾ പ്രകോപിതരായി രംഗത്തുവന്നു. സംസ്ഥാന പ്രസിഡന്റിനെതിരെ ആരോപണം വന്നപ്പോൾ വായും പൂട്ടിയിരുന്നു ചില നേതാക്കളും കോർകമ്മിറ്റിയിൽ ഉണ്ടെന്ന് മുരളീധരനെ അനുകൂലിക്കുന്നവർ പറഞ്ഞു. മുതിർന്ന ചില നേതാക്കളുടെ പരസ്യ പ്രതികരണം അനുചിതമാണെന്ന് എറണാകുളത്തുനിന്നുള്ള നേതാവ് സി കെ പത്മനാഭനെ പരോക്ഷമായി വിമർശിച്ചു. മെഡിക്കൽ കോളേജ് അഴിമതിയാരോപണം വന്നപ്പോൾ എല്ലാവരെയും സംരക്ഷിക്കാൻ നേതൃത്വം ഒന്നിച്ചുനിന്നും ഇതൊന്നും ആരും മറക്കരുതെന്ന് എം ടി രമേശിനുള്ള ഒളിയമ്പായി ഒരു വിഭാഗം പറഞ്ഞു.
എന്നാൽ, ഏതിനും മറുപടിയായി കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾ എഴുന്നേറ്റു. വിജയസാധ്യതയുള്ള പല മണ്ഡലങ്ങളിലും ബി ജെ പി പരാജയപ്പെടാന്‍ കാരണം സംസ്ഥാന അധ്യക്ഷന്റെ ഗ്രൂപ്പ് പ്രവര്‍ത്തനമാണെന്നും ചില നേതാക്കള്‍ ആരോപിച്ചു. എന്തടിസ്ഥാനത്തിലാണ് പ്രസിഡന്റ് മകനെ സാമ്പത്തികം കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത്. ഇതിനു വ്യ്കതമായ മറുപടി ഉണ്ടാകണം. ആരോപണം വന്നപ്പോള്‍ മാറിനിന്ന അഡ്വാനിയുടെയും ഗഡ്കരിയുടെയും മാതൃക സുരേന്ദ്രനും ബാധകമാണെന്നും കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടി.
തർക്കവും വാക്കേറ്റവും അതിരുവിട്ടതോടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണൻ വിഷയത്തിൽ ഇടപെട്ടു. എന്നാൽ, പ്രശ്നം പരിഹരിക്കാനായില്ല. ഒരു തീരുമാനം കൈക്കൊള്ളാതെയാണ് കോർകമ്മിറ്റിയോഗം പിരിഞ്ഞത്. അതിനിടെ ബിജെപി ഔദ്യോഗിക നേതൃത്വത്തിനെതിരെ തുറന്ന ഏറ്റുമുട്ടലിന് തയ്യാറായി കൃഷ്ണദാസ് പക്ഷം രംഗത്തുവന്നു. ചൊവ്വാഴ്ച പി കെ കൃഷ്ണദാസും ബുധനാഴ്ച എം ടി രമേശും വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. നിലവിലെ നേതാക്കൾക്കെതിരെ ഇരുവരും വാർത്താസമ്മേളനത്തിൽ ആഞ്ഞടിക്കുമെന്നാണ് സൂചന. കോർകമ്മിറ്റി യോഗം തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പ് സമവായ യോഗം ചേർന്നിരുന്നു. വി മുരളീധരൻ, കുമ്മനം രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് സമവായ യോഗം ചേർന്നത്. കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവരാണ് ഈ യോഗത്തിൽ പങ്കെടുത്തത്. എന്നാൽ, ഈ യോഗത്തിലും സമവായം ഉണ്ടാക്കാൻ കഴിഞ്ഞില്ല.