1.96 ശതമാനം 2000 രൂപ നോട്ടുകൾ ഇനി തിരിച്ചെത്താനുണ്ട്; RBI

0
52

പൊതുവിപണിയിൽ നിന്ന് പിൻവലിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും രാജ്യത്തെ മുഴുവൻ 2000 രൂപ നോട്ടുകളും റിസർവ് ബാങ്കിൽ തിരിച്ചെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. 7,000 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇനിയും കേന്ദ്ര ബാങ്കിൽ എത്താനുണ്ടെന്നാണ് റിപ്പോർട്ട്‌. 2023 മെയ് 19 നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് പിൻവലിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 31 ലെ കണക്ക് പ്രകാരം 6977.6 കോടി രൂപയുടെ 2000 നോട്ടുകൾ ഇപ്പോഴും ആരുടെയൊക്കെയോ കൈവശമുണ്ട്.

അതേസമയം രാജ്യത്തെ വിപണിയിലുണ്ടായിരുന്ന 98.04 ശതമാനം 2000 രൂപ നോട്ടുകളും ഇതിനോടകം തിരിച്ചെത്തിയിട്ടുണ്ട്. 1.96 ശതമാനം 2000 രൂപ നോട്ടുകളാണ് വിപണിയിലുള്ളത്. ഒക്ടോബർ ഒന്ന് വരെ 7117 കോടി രൂപയുടെ നോട്ടുകളാണ് തിരിച്ചെത്താനുണ്ടായിരുന്നത്. ഒരു മാസത്തിനിടെ 139.4 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ റിസർവ് ബാങ്കിൽ തിരിച്ചെത്തി.

2016 നവംബറിലാണ് രാജ്യത്ത് പുതിയ 2000 രൂപ നോട്ട് അച്ചടിച്ചിറക്കിയത്. 500 ൻ്റെയും ആയിരത്തിൻ്റെയും വിപണിയിലുണ്ടായിരുന്ന കറൻസികൾ നിരോധിച്ച ശേഷമായിരുന്നു ഇത്. എന്നാൽ 2018-19 കാലത്ത് തന്നെ ഈ നോട്ടിൻ്റെ അച്ചടി അവസാനിപ്പിച്ചു. 2017 മാർച്ചിന് മുൻപാണ് ഇതിൽ 89 ശതമാനം 2000 രൂപ നോട്ടുകളും വിപണിയിലെത്തിയത്. 2018 മാർച്ച് 31 ന് വിപണിയിൽ 6.73 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളുണ്ടായിരുന്നു. 2023 മാർച്ച് 31 ആയപ്പോഴേക്കും ഇത് 3.62 ലക്ഷം കോടിയായി കുറഞ്ഞിരുന്നു.