എൽഡിഎഫിന്റെ ജനപിന്തുണ കുത്തനെ വർധിച്ചു, 104 മണ്ഡലങ്ങളിൽ 2016 ലേക്കാൾ കൂടുതൽ വോട്ട്

0
137

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടും മണ്ഡലങ്ങളും നേടിയ എൽ ഡി എഫിന്റെ ജനപിന്തുണ കുത്തനെ കൂടിയെന്ന് കണക്കുകൾ. 2016 ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും 2021 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡി എഫ് നേടി. 104 മണ്ഡലങ്ങളിലാണ് എൽഡിഎഫ് 2016 ലേക്കാൾ വോട്ട് നേടിയത്. 36 മണ്ഡലങ്ങളിൽ മാത്രമാണ് വോട്ടിൽ കുറവ് വന്നത്. ഏറ്റവും വോട്ടു കൂടിയ മണ്ഡലം കോട്ടയം ജില്ലയിലെ പൂഞ്ഞാറാണ്. 36398 വോട്ടാണ് ഇവിടെ കൂടിയത്.

2016 ൽ മൂന്നാം സ്ഥാനത്തായിരുന്ന ഇവിടെ ഇക്കുറി പിസി ജോർജിനെ മുട്ടുകുത്തിച്ച എൽഡി എഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ നേടിയത് 58668 വോട്ടാണ്. 2016 ൽ ഡെമോക്രാറ്റിക് കേരള കോൺഗ്രസിലെ പി സി ജോസഫിന് 22270 വോട്ടാണ് ലഭിച്ചിരുന്നത്. കൂടിയ വോട്ടിന്റെ എണ്ണത്തിൽ രണ്ടാമത് ഉടുമ്പഞ്ചോലയാണ്.ഇവിടെ രണ്ടാമതും മത്സരിച്ച മന്ത്രി എം എം മണി 2016 ൽ നേടിയതിനേക്കാൾ 26568 വോട്ട് കൂടുതൽ നേടി വിജയിച്ചു. ഇരുപത്തിനായിരത്തിലേറെ വോട്ട് കൂടുതൽ നേടിയ മണ്ഡലങ്ങൾ മൂന്നെണ്ണം കൂടിയുണ്ട്.കടുത്തുരുത്തി (23873), വട്ടിയൂർക്കാവ് (20670), കളമശേരി (20533) എന്നിവ. കളമശേരി കഴിഞ്ഞതവണ യുഡി എഫ് ജയിച്ച മണ്ഡലമായിട്ടും എൽഡിഎഫിന് വോട്ട് കുത്തനെ കൂട്ടി വിജയിക്കാനായി. 2016 ലേ ക്കാൾ എൽഡിഎഫിനു 15000 ലേറെ വോട്ട് കൂടിയ മറ്റ് മണ്ഡലങ്ങൾ. ചെങ്ങന്നൂർ (18622 ), അരുവിക്കര (17180), തൊടുപുഴ (16259), വർക്കല (15714), ചേലക്കര (15644), ചിറ്റൂർ (15402), വടക്കാഞ്ചേരി (15084).