വിമാനം വൈകിയാലും നേരത്തെയായാലും റദ്ദായാലും ടിക്കറ്റിന്റെ ഇരട്ടി നഷ്ടപരിഹാരം; പുതിയ നിയമവുമായി സൗദി

0
556
Saudi Arabian Airlines (Saudia) plane. (SPA)

സൗദി അറേബ്യയിൽ വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ നിയമം നവംബർ 20ന് നിലവിൽ വരും. വിമാനം അനിശ്ചിതമായി വൈകുക, നേരത്തെയാക്കുക, മുന്നറിയിപ്പില്ലാതെ റദ്ദാക്കുക, ഓവർ ബുക്കിങ് മൂലം സീറ്റ് നിഷേധിക്കുക തുടങ്ങിയ സന്ദർഭ ങ്ങളിൽ യാത്രക്കാരന് വിമാന ടിക്കറ്റിന്റെ ഇരട്ടിത്തുക (200%) വരെ നഷ്ടപരിഹാരം നൽകണമെന്നാണ് നിയമം. ടിക്കറ്റ് എടുക്കുന്നതു മുതൽ യാത്ര അവസാനിച്ച് ലഗേജ് എടുക്കുന്നതുവരെയുള്ള സേവനത്തിൽ വീഴ്ച വരുത്തുന്നതിന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ യാത്രക്കാരന് അവകാശമുണ്ട്.

വിമാന സേവനം മെച്ചപ്പെടുത്തുകയും യാത്രക്കാരന്റെ അവകാശം സംരക്ഷിക്കുകയുമാണ് ലക്ഷ്യമെന്നു ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദഹ്‍മസ് അറിയിച്ചു. ലഗേജ് നഷ്ടപ്പെട്ടാൽ 6568 റിയാൽ വരെ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. 2 മണിക്കൂറിൽ കൂടുതൽ വിമാനം വൈകുകയാണെങ്കിൽ വിമാന കമ്പനിക്കെതിരെ പരാതിപ്പെടാം. ഹജ്, ഉംറ യാത്രാ വിമാനങ്ങൾക്കും നിയമം ബാധകമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പരാമർശിക്കാത്ത സ്റ്റോപ് ഓവർ ഉണ്ടെങ്കിലും പരാതിപ്പെട്ട് നഷ്ടപരിഹാരം തേടാം.