താങ്ങാനാവാത്ത തോൽവി :ലോക് ഡൗണായാലും തള്ളും തല്ലും കസറും

0
28

 

– കെ വി –

മനക്കോട്ടകൾ തകർന്ന് തരിപ്പണമായതിന്റെ കടുത്ത നിരാശ . വീമ്പുപറച്ചിലുകൾ വല്ലാതെ ചീറ്റിപ്പോയതിന്റെ ജാള്യം. സാധാരണ പ്രവർത്തകരും അണികളും ഉയർത്തുന്ന കണിശ വിമർശനങ്ങൾക്ക് മറുപടി പറയാനാവാത്ത ആശയക്കുഴപ്പം . ഫണ്ട് മുക്കലിന്റെയും വോട്ടുമറിക്കലിന്റെയും ആവലാതികൾ വേറെ. പോരാത്തതിന് ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്ഷേപങ്ങളും പ്രത്യാരോപണങ്ങളും .

എന്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചാലും കോൺഗ്രസ് – ബി ജെ പി നേതൃത്വത്തിലെ തമ്മിൽത്തല്ല് തടയാനാവില്ല. വാർത്താ മാധ്യമങ്ങളിലൂടെതന്നെ പരസ്യവഴക്ക് തുടങ്ങിക്കഴിഞ്ഞു. താങ്ങാനാവാത്ത തോൽവിയുടെ ഞെട്ടലിൽ പുളയുകയാണ് യു ഡി എഫും എൻ ഡി എയും .

യാഥാർത്ഥ്യവുമായി തെല്ലും പൊരുത്തപ്പെടാത്ത അമിത പ്രതീക്ഷകളാണ് പ്രതിപക്ഷ കക്ഷികൾ കെട്ടിപ്പൊക്കിയിരുന്നത്. സർക്കാർവിരുദ്ധ വികാരം നാടെങ്ങും ആളിപ്പടരുകയാണെന്നും ഭരണമാറ്റം അനായാസമാണെന്നും താഴേത്തട്ടിൽവരെ അനുയായികളെ വിശ്വസിപ്പിക്കുന്ന പ്രചാരണമായിരുന്നു നേതൃത്വത്തിന്റേത്. ഇനിയും അഞ്ചുവർഷം അധികാരത്തിൽനിന്ന് പുറത്തുനിൽക്കേണ്ടിവന്നാലുള്ള അവസ്ഥയെക്കുറിച്ച് വലിയ ആശങ്ക വളർത്തുകയും ചെയ്തിരുന്നു കോൺഗ്രസ്സും മുസ്ലീം ലീഗും.

അതുകൊണ്ട് എന്ത് വിലകൊടുത്തും ഭരണം തിരിച്ചുപിടിച്ചേ തീരൂ എന്ന തോന്നലുമുളവാക്കി. അത്രയും മുറ്റിനിന്ന ആവേശവേലിയേറ്റത്തിൽനിന്നുള്ള ദയനീയപതനം ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. തികച്ചും അചിന്ത്യമായ തോതിലുള്ള തിരിച്ചടിയുടെ കാരണം വ്യക്തമാണെങ്കിലും അത് തുറന്ന് വെളിപ്പെടുത്താനാവാതെ വിഷണ്ണരാണ് പ്രാദേശിക നേതാക്കൾ. അവരുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ വിശദീകരണം നൽകാനാവാതെ ഉഴലുകയാണ് ജില്ലാ നേതൃത്വവും . അതിനിടെയാണ് സംസ്ഥാന തലത്തിൽ കോൺഗ്രസ്സിലെയും ബി ജെ പി യിലെയും ഗ്രൂപ്പുവക്താക്കൾ വിചിത്രമായ രീതിയിൽ വിഴുപ്പലക്കൽ ആരംഭിച്ചത്.

മുപ്പത് സീറ്റുവരെ തങ്ങൾ നേടുമെന്നും ഒരു മുന്നണിക്കും കേവലഭൂരിപക്ഷം കിട്ടാത്ത തൂക്കുനിയമസഭ വരുമെന്നുമായിരുന്നു ബി ജെ പി ദേശീയ – സംസ്ഥാന നേതാക്കളുടെ കൊണ്ടുപിടിച്ച പ്രചാരണം. പക്ഷേ, നേമത്ത് കഴിഞ്ഞ തവണ കോൺഗ്രസ്സിന്റെ കൈക്കുമ്പിളിൽ വിരിഞ്ഞ താമര ഇക്കുറി ഞെട്ടറ്റ് മുങ്ങി . മുൻ ഗവർണർ മാത്രമല്ല, മെട്രോ മാനും സൂപ്പർ താരവുംവരെ പതറിവീണു. നിലവിലെ ഏകസീറ്റും നഷ്ടമായതിനു പുറമെ മൂന്നാം സ്ഥാനമുള്ള മണ്ഡലങ്ങളും വോട്ടുവിഹിതവും എണ്ണവും കുറഞ്ഞു.

കമ്യൂണിസ്റ്റുവിരോധം ഊതിക്കത്തിച്ച് സകല സാമുദായിക- വർഗീയ സംഘടനകളെയും ഏകോപ്പിക്കാൻ മുന്നിട്ടിറങ്ങിയ മുസ്ലീം ലീഗിനും വലിയ തിരിച്ചടിയാണേറ്റത്. 2016 ൽ ജയിച്ച നാലു സീറ്റുകൾ കൈവിട്ടുപോയി – കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശ്ശേരി, അഴീക്കോട് . കൊടുവള്ളിയിൽ എം കെ മുനീർ കഷ്ടിച്ച് ജയിച്ചുകയറിയതാണ് ചെറിയ ആശ്വാസം.

അതുമില്ലെങ്കിൽ മലപ്പുറം ലീഗായി മാറുമായിരുന്നു. ലീഗിന്റെ വോട്ടുകളും ഭൂരിപക്ഷവും എല്ലാ മണ്ഡലങ്ങളിലും കുറയുകയാണുണ്ടായത് – വേങ്ങരയിൽ പി കെ കുഞ്ഞാലിക്കുട്ടിക്കും തിരൂരങ്ങാടിയിൽ കെ പി എ മജീദിനും ഉൾപ്പെടെ . മലപ്പുറം ലോക്സഭാ സീറ്റിലാകട്ടെ, ഭൂരിപക്ഷത്തിൽ ഒരു ലക്ഷത്തിൽപരം വോട്ടുകൾ മുമ്പത്തേക്കാൾ കുറഞ്ഞു. നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധത്തിന്റ അലയൊലി പാണക്കാട്ടോളമെത്തിയിട്ടുണ്ട്.

കോൺഗ്രസ് നേതാക്കൾ പരസ്പരം പഴിപറഞ്ഞ് പോരായ്മകളിൽനിന്നും വീഴ്ചകളിൽനിന്നും സ്വന്തം തലയൂരാനാണ് ശ്രമിക്കുന്നത്. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കുറ്റപ്പെടുത്തി രാജിവെക്കാനൊരുങ്ങുകയാണ് പല ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരും . അദ്ദേഹത്തെ മാറ്റി പകരം സ്ഥാനാരോഹണത്തിന് കാത്തുനിൽക്കുകയാണ് ബി ജെ പി യിലേക്ക് നേരത്തേ കാലുനീട്ടിയ കെ സുധാകരൻ. അതിനിടെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തലയെ മാറ്റാനും ആലോചന മുറുകുകയാണ്.

ബി ജെ പിയിലാകട്ടെ , രണ്ട് മണ്ഡലത്തിൽ മത്സരിച്ച കെ സുരേന്ദ്രനെതിരെ പാളയത്തിൽ പട മൂർഛിക്കുകയാണ്. എതിർ ഗ്രൂപ്പിലെ ശോഭാ സുരേന്ദ്രനെ കേന്ദ്ര സഹമന്ത്രികൂടിയായ വി മുരളീധരനടക്കം ചേർന്ന് തോല്പിക്കാൻ ശ്രമിച്ചെന്ന പരാതി വേറെയുണ്ട്.

പല മണ്ഡലങ്ങളിലേക്കും കേന്ദ്ര നേതൃത്വത്തിൽനിന്ന് കൊടുത്ത ഫണ്ട് നേതാക്കൾ മുക്കിയെന്ന ആരോപണവും കൊഴുക്കുന്നു. കുഴൽപ്പണമായി അയച്ച ഫണ്ട് ആർ എസ് എസ് നേതാക്കളിൽ ചിലരുടെ ഒത്താശയോടെ കൊള്ളയടിച്ച കേസ് അന്വേഷണത്തിലാണ്.

ഏതായാലും ജനാധിപത്യ – മതനിരപേക്ഷ ബോധമുള്ള പൗരസമൂഹം നിറഞ്ഞ സന്തോഷത്തിലാണ് . കേന്ദ്രഭരണത്തിന്റെ പിൻബലമുള്ള സകല പ്രലോഭനങ്ങളെയും പണമൊഴുക്കിനെയും പുറന്തള്ളി വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ അക്കൗണ്ട് പൂട്ടിക്കാൻ കേരളത്തിന് കഴിഞ്ഞിരിക്കുന്നു. ദേശീയതലത്തിൽതന്നെ മതനിരപേക്ഷതയുടെ ശീതള തീരമാവുകയാണ് ഇടതുപക്ഷ വേരോട്ടമുള്ള ഈ മണ്ണ്.

പൊള്ളിപ്പിടയുന്ന ആനുകാലിക ഇന്ത്യയുടെ അതിജീവനപ്പോരാട്ടത്തിന് ഉശിരൻ പ്രചോദനമാവുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി . മതാധിഷ്ഠിത രാഷ്ട്രവാദവും അർധ ഫാസിസ്റ്റ് നടപടികളുംകൊണ്ട് സ്വൈരജീവിതം തകർക്കുന്ന നരേന്ദ്ര മോദിവാഴ്ചയുടെ ഗോഗ്വാവിളികളെ വിറപ്പിക്കുന്ന ഉച്ചത്തിലുള്ള താക്കീതാണ് എൽ ഡി എഫ് ആർജിച്ച എതിരറ്റ ജനസമ്മതി .

ഒപ്പം ഹിന്ദുത്വശക്തികളോട് തോളുരുമ്മി അപ്പുറം ചാടാൻ ഊഴം കാത്തുനിൽക്കുന്ന കോൺഗ്രസ് നേതാക്കൾക്കും ഷോക്ക് ട്രീറ്റ്മെന്റാണ് ഈ തെരഞ്ഞെടുപ്പുഫലം. കെട്ടുറപ്പുള്ള ഇടതുപക്ഷ-ജനാധിപത്യ ഐക്യത്തിനേ വർഗീയധ്രുവീകരണ രാഷ്ട്രീയത്തെ പ്രതിരോധിക്കാനാവൂ എന്നാണ് കേരളം അടയാളപ്പെടുത്തുന്നത്. മൃദുഹിന്ദുത്വത്തെ പുണരുന്ന കോൺഗ്രസ്സിന് വിശ്വാസ്യത വീണ്ടെടുക്കൽ എളുപ്പമല്ല.

രാജ്യം അഭിമുഖീകരിക്കുന്ന കോവിഡ്കാല ദുരിതങ്ങൾ, കാർഷികക്കെടുതികൾ , സാധന വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം മുതലായ ഗുരുതര പ്രശ്നങ്ങൾക്ക് സത്വരപരിഹാരമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിസമ്പന്നർക്കു മാത്രം “അഛാ ദിൻ ” ഒരുക്കുന്ന നരേന്ദ്ര മോദിയുടെ കോർപ്പറേറ്റ് അനുകൂല ഭരണത്തിൽ സാധാരണക്കാർ പൊറുതിമുട്ടിക്കഴിയുകയാണ്. പക്ഷേ, മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്സിന് രാഷ്ട്രീയമായ ഇടപെടൽശേഷിയില്ല. നേതൃരാഹിത്യംകൊണ്ട് തകർച്ചയിലുമാണ്.

സംഘടനാ തെരഞ്ഞെടുപ്പുപോലും നടത്താതെ അവരോധിക്കപ്പെട്ട രാഹുൽ ഗാന്ധിയടക്ക മുള്ള ഭാരവാഹികളാവട്ടെ, ബി ജെ പിയുടെ ബി ടീമായി അധഃപതിച്ച അവസ്ഥയും. രാജ്യത്തെ മുടിക്കുന്ന സമ്പദ്നയങ്ങളിലും അഴിമതിയിലും അവർ ഒപ്പത്തിനൊപ്പമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി നയിക്കുന്ന നമ്മുടെ സംസ്ഥാനം മാത്രമാണ് ബദൽ സമ്പദ് നയവും ജനക്ഷേമ പരിപാടികളുമായി രാജ്യത്തിനുതന്നെ മാതൃകയായി മുന്നോട്ട് കുതിക്കുന്നത്.

മതേതര-ജനാധിപത്യ- ഫെഡറൽ ഭരണസംവിധാനങ്ങൾ കടുത്ത പരീക്ഷണങ്ങൾ നേരിടുന്ന ദേശീയ രാഷ്ട്രീയസാഹചര്യത്തിൽ കേരളം പ്രത്യാശയുടെ പച്ചത്തുരുത്താണ്. ഒരു തരത്തിലുള്ള അപവാദപ്പെയ്ത്തിനും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നേരിനെയും നന്മയെയും മുക്കിക്കളയാനാവില്ലെന്ന് നാം തെളിയിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ ഭാവിയിലേക്കുകൂടി വിരൽചൂണ്ടുന്ന ഉത്തരേന്ത്യൻ കർഷകരുടെ വിമോചനപ്പോരാട്ടത്തിനും ആവേശം പകരുന്നതാണ് മലയാളക്കരയുടെ ജനവിധി. ഈ ചരിത്രദൗത്യത്തിൽ പങ്കുവഹിച്ച എല്ലാവർക്കും തീർച്ചയായും അഭിമാനിക്കാം.