Exclusive : കെ സുധാകരനെയും വി ഡി സതീശനെയും ഒതുക്കാൻ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ രഹസ്യയോഗം

0
30

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ദയനീയ തോൽവിക്ക് പിന്നാലെ കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കാനുള്ള നീക്കം എന്ത് വില കൊടുത്തും തടയണമെന്ന് എ ഗ്രൂപ്പിന്റെ രഹസ്യയോഗത്തിൽ തീരുമാനം.

ഇതിനൊപ്പം വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തെ എതിർക്കാനും ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന രഹസ്യയോഗത്തിൽ ധാരണയായി. കോൺഗ്രസിൽ കലാപം രൂക്ഷമായതോടെതോടെയാണ് ഐ ഗ്രൂപ്പിനെതിരെ തുറന്ന പോരിനൊരുങ്ങി എ ഗ്രൂപ്പ് രംഗത്തുവന്നത്.

ഇതിന്റെ ഭാഗമായി എ ഗ്രൂപ്പ് നേതാക്കൾ തിരുവനന്തപുരത്ത് രഹസ്യയോഗം ചേർന്നു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദിന്റെ കവടിയാറിലെ ഫ്ലാറ്റിലാണ് രഹസ്യയോഗം വിളിച്ചു ചേർത്തത്. ഉമ്മൻചാണ്ടിക്ക് പുറമെ യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, എം എം ഹസൻ, തമ്പാനൂർ രവി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ ബാബു തുടങ്ങിയ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമെതിരെ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നത്. കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളി രാമചന്ദ്രനും മാത്രമാണെന്ന് എ ഗ്രൂപ്പ് നേതാക്കൾ പരസ്യമായി വ്യക്തമാക്കിയിരുന്നു. എതിർ ഗ്രൂപ്പുകളുടെ നീക്കങ്ങൾ ശക്തമായി ചെറുക്കാൻ യോഗം തീരുമാനിച്ചു.

വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയാൽ അത് എ ഗ്രൂപ്പിന് ക്ഷീണമാകുമെന്നും അതിനാൽ ഈ നീക്കം മുളയിലേ നുള്ളണമെന്നും കെ ബാബുവും തമ്പാനൂർ രവിയും അടക്കമുള്ളവർ പറഞ്ഞു. മാത്രമല്ല, കെ സുധാകരൻ കെപിസിസി പ്രസിഡന്റായത് അത് ഫലത്തിൽ എ ഗ്രൂപ്പിനായിരിക്കും തിരിച്ചടിയാകുകയെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

കനത്ത തോൽവി കോൺഗ്രസിൽ വലിയ കലാപത്തിന് വഴിയൊരുക്കിയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വലിയൊരു വിഭാഗം നേതാക്കൾ രംഗത്തുവന്നിരുന്നു. എന്നാൽ, കെപിസിസി അധ്യക്ഷസ്ഥാനം സ്വയം ഒഴിയില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. ഉചിതമായ തീരുമാനമെടുക്കാം. പ്രതിസന്ധിയിൽ ഇട്ടെറിഞ്ഞുപോകുന്നത് ഒളിച്ചോടുന്നതിന് തുല്യമെന്നും അദ്ദേഹം പറഞ്ഞു.

തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഹൈബി ഈഡൻ, ജോസഫ് വാഴയ്ക്കൻ, ഷാനിമോൾ ഉസ്മാൻ തുടങ്ങി പല പ്രമുഖ നേതാക്കളും മുല്ലപ്പള്ളിക്കെതിരെ രംഗത്തുവന്നിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് പല പ്രമുഖ നേതാക്കളും ആവശ്യം ഉന്നയിച്ചിരുന്നു.

എന്നാൽ, കെ മുരളീധരൻ, കെ സുധാകരൻ തുടങ്ങിയ നേതാക്കൾ തിരക്കിട്ട നേതൃമാറ്റം വേണ്ടെന്ന നിലപാടിലാണ്. ബുധനാഴ്ച മുരളീധരൻ മാധ്യമങ്ങളെ കണ്ടതിനുപിന്നാലെയാണ് എ ഗ്രൂപ്പ് നേതാക്കൾ തിരുവനന്തപുരത്ത് രഹസ്യയോഗം ചേർന്നത്.