തുടരുന്ന വിജയയാത്ര-പ്രചാരണരംഗത്തെ അനുഭവങ്ങളും രാഷ്‌ട്രീയവും മുഖ്യമന്ത്രി പങ്കുവയ്‌‌ക്കുന്നു

0
73

തയ്യാറാക്കിയത്‌: കെ ശ്രീകണ്‌ഠൻ 

സ്വന്തം മണ്ഡലമായ ധർമടത്തുനിന്ന്‌ തുടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണം, എല്ലാ ജില്ലയുംകടന്ന്‌ തിരികെ അവിടെ എത്തിയത്‌ ലക്ഷങ്ങളുമായി സംവദിച്ചാണ്‌. ആവേശം ഇരച്ചുകയറിയ വേദികളിൽ ആ വാക്കുകൾക്ക്‌ കാതോർത്ത്‌ ജനങ്ങൾ ഒത്തുകൂടുകയായിരുന്നില്ല, മറിച്ച്‌ ഓടിക്കൂടുകയായിരുന്നു.

വേദികളിൽനിന്ന്‌ വേദികളിലേക്ക്‌ ജനങ്ങളുടെ ആവേശം ഏറ്റുവാങ്ങിയായിരുന്നു പിണറായിയുടെ പടയോട്ടം. ഒരാഴ്‌ച ധർമടത്ത്‌ പ്രചാരണം നടത്തിയശേഷം മാർച്ച്‌ 17നാണ്‌ അദ്ദേഹം സംസ്ഥാന പര്യടനത്തിനിറങ്ങിയത്‌. ദിവസേന നാലും അഞ്ചും യോഗങ്ങളിൽ പ്രസംഗിച്ചും തെരഞ്ഞെടുപ്പ്‌ പ്രവർത്തനം വിലയിരുത്തിയുമുള്ള പ്രചാരണയാത്ര. 17 ദിവസം പിന്നിടുമ്പോഴും ആ യാത്ര തുടരുകയാണ്‌.

കാസർകോട്‌മുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളിൽ അദ്ദേഹത്തിന്റെ യോഗങ്ങളിൽ ആയിരങ്ങളാണ്‌ തടിച്ചുകൂടിയത്‌. ചെല്ലുന്നയിടങ്ങളിലെല്ലാം ജനം പ്രവഹിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഇത്രയേറെ ജനങ്ങളെ തന്നിലേക്ക്‌ അടുപ്പിച്ച മറ്റൊരു നേതാവില്ല.

രാഷ്‌ട്രീയ വിഷയങ്ങളിലും പ്രതിപക്ഷ ആരോപണങ്ങളിലും കൃത്യതയോടെ മറുപടി. സമയനിഷ്‌ഠയിലെ സൂക്ഷ്‌മത. നേരും നെറിയുമുള്ള വാക്കുകൾ. മനോധൈര്യം നൽകുന്ന സാമീപ്യം. ഉപ്പുകുറുക്കിയെടുക്കുന്ന മാതിരി കുറുക്കിയെടുത്ത്‌ പകരുന്ന ആത്മവിശ്വാസം. നിശ്ചയദാർഢ്യവും കരുതലും വികസനകാഴ്‌ചപ്പാടും നിറഞ്ഞ വാക്കുകളിലൂടെ ജനനായകന്റെ കടന്നുവരവ്‌.

പൊതുപ്രചാരണത്തിന്‌ സമാപനം കുറിക്കുമ്പോൾ ഒരു കാര്യം അദ്ദേഹത്തിന്‌ ഉറപ്പാണ്‌. ഭരണത്തുടർച്ചയുടെ ചരിത്രമെഴുതാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു. പ്രചാരണരംഗത്തെ അനുഭവങ്ങളും രാഷ്‌ട്രീയവും മുഖ്യമന്ത്രി പങ്കുവയ്‌‌ക്കുന്നു.

? തെരഞ്ഞെടുപ്പ് പര്യടനം പൂർത്തിയാക്കിയപ്പോൾ ജനങ്ങളുടെ പ്രതികരണം നൽകുന്ന സൂചന എന്താണ്.

സംസ്ഥാനത്താകെ എൽഡിഎഫിന്‌ അനുകൂലമായ വലിയ ജനവികാരം നിലനിൽക്കുന്നു. ജനങ്ങൾ സ്വമേധയാ ആവേശപൂർവം പ്രചാരണയോഗങ്ങളിൽ എത്തുന്ന കാഴ്ചയാണ് എല്ലായിടത്തും കാണാൻ കഴിഞ്ഞത്‌. സംഘാടകരുടെ പ്രതീക്ഷകളെ മറികടക്കുന്ന ജനപങ്കാളിത്തമാണ് എല്ലാ ജില്ലയിലും കണ്ടത്.

2016ലേതിനേക്കാൾ ഉജ്വലമായ വിജയം നൽകാൻ ജനങ്ങൾ തീരുമാനിച്ചതിന്റെ അടയാളമാണിത്. വികസന വിരോധികളായ യുഡിഎഫിനെയും ബിജെപിയെയും ജനങ്ങൾ മൂലയ്‌ക്കിരുത്താൻ തീരുമാനിച്ചിരിക്കുകയാണ്‌. വികസനത്തിന്റെ കാര്യത്തിൽ ഇനി സമയം കളയാൻ നമുക്കാകില്ല. വികസനത്തുടർച്ചയാണ്‌ വേണ്ടത്‌ എന്ന തിരിച്ചറിവും കേരളത്തിന്റെ മതേതര മനസ്സും വിധിയെഴുത്തിൽ തീർച്ചയായും പ്രതിഫലിക്കും.

? ഭക്ഷ്യക്കിറ്റും ക്ഷേമ പെൻഷനും വോട്ട്‌ പിടിക്കാൻ ഉപയോഗിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കിറ്റും പെൻഷനും വോട്ട്‌ ലക്ഷ്യമാക്കിയുള്ളതാണെന്ന്‌ പറയുന്നതിൽ കഴമ്പുണ്ടോ.

വികസനവും ക്ഷേമവും ജനങ്ങളുടെ അവകാശമാണ് എന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷത്തിന്റേത്‌. ആ അവകാശം ഉറപ്പുവരുത്താനുള്ള സമരമാർഗമായാണ്‌ ഭരണത്തെയും കാണുന്നത്. അതുകൊണ്ടാണ് അവ രണ്ടിലും വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് സാധിച്ചത്.

കിറ്റും പെൻഷനുമൊക്കെ വോട്ടിനുവേണ്ടി കൊടുക്കുന്നവയാണെന്ന്‌ കരുതുന്നതുകൊണ്ടാണ് പ്രതിപക്ഷം അതിനെതിരെ നീങ്ങിയത്. അത് അവരുടെ ബോധം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ കഷ്ടപ്പെടുന്ന ജനങ്ങൾക്കാണ് ഭക്ഷ്യക്കിറ്റ് നൽകിയത്. അതുകൊണ്ട് നമ്മുടെ നാട്ടിൽ ലോക്‌ഡൗൺ കാലത്ത് പട്ടിണി ഉണ്ടായില്ല.

ഒരാളും പട്ടിണി കിടക്കരുതെന്നത്‌ എൽഡിഎഫിന്റെ നന്മയാണ്‌. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചതും കൃത്യമായി അർഹരുടെ കൈയിലെത്തിക്കുന്നതും ഈ നാടിനോടും ജനങ്ങളോടുമുള്ള കടമ നിർവഹിക്കുന്നതിന്റെ ഭാഗമായാണ്. അതൊന്നും കാണിച്ച്‌ വോട്ട് തേടുന്നത് എൽഡിഎഫിന്റെ ലക്ഷ്യമല്ല. യുഡിഎഫ് ചെയ്യാത്ത കാര്യങ്ങൾ ഇടതുപക്ഷം ചെയ്യുമ്പോൾ ജനങ്ങൾ അത് മനസ്സിലാക്കും എന്നുമാത്രം.

? അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ മാറ്റമാണ് കഴിഞ്ഞ അഞ്ചു വർഷം ഉണ്ടായത്. കിഫ്‌ബിയടക്കമുള്ള സംവിധാനങ്ങൾ ഇതിൽ വലിയ പങ്കു വഹിച്ചു. എന്നാൽ, കിഫ്‌ബിക്കെതിരെ യുഡിഎഫും ബിജെപിയും യോജിച്ച്‌ നീങ്ങുകയാണ്‌. ഇത്‌ യഥാർഥത്തിൽ കേരളത്തിനെതിരായ നീക്കമല്ലേ.

രാഷ്ട്രീയവിരോധം നാടിനോടുള്ള പകയായി എങ്ങനെ മാറുന്നു എന്ന്‌ കിഫ്‌ബിയോട് ബിജെപിയും കോൺഗ്രസും സ്വീകരിക്കുന്ന നിലപാടിൽനിന്ന് വ്യക്തമാകും. കേരളത്തിനെതിരായ നീക്കം നേരത്തേ തൊട്ടേ നടക്കുന്നുണ്ട്. സഹകരണമേഖലയെ തകർക്കാൻ ശ്രമിച്ചത് നമുക്കറിയാം. പ്രളയത്തിനുശേഷം സഹായം നിഷേധിക്കുക മാത്രമല്ലല്ലോ ഉണ്ടായത്. കേരളം രക്ഷപ്പെടാൻ പാടില്ല എന്ന നിർബന്ധത്തോടെ സംഭാവനകൾപോലും തടയാൻ നോക്കിയില്ലേ.

കൊലപാതകികളുടെ നാട് എന്ന തരത്തിൽ അപവാദ പ്രചാരണങ്ങൾ നടത്തിയതാരാണ്? വികസനം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ നിയോഗിച്ചില്ലേ? ഇത്തരം നീക്കങ്ങളിലെല്ലാം ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടായിരുന്നു. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനുംവേണ്ടി നിലകൊള്ളുന്നവരും, അതിനെ അട്ടിമറിക്കാൻ ഏതറ്റംവരെ പോകുന്നവരും തമ്മിലുള്ള മത്സരമാണ് എന്ന് ഞങ്ങൾ പറയുന്നത്.

63,200 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയിലൂടെ നടപ്പാക്കുന്നത്. അവയാകട്ടെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ 140 മണ്ഡലത്തിലും നടപ്പാക്കുകയാണ്. ആകാശകുസുമം, മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നൊക്കെ കിഫ്ബിയെ ആക്ഷേപിച്ചവർതന്നെ സ്വന്തം മണ്ഡലങ്ങളിൽ കിഫ്‌ബി പദ്ധതികൾ വേണ്ട എന്ന് പറയുന്നില്ല.

ഇതാണ് അവരുടെ ഇരട്ടത്താപ്പ്. അതുകൊണ്ടുതന്നെ വികസനം ചർച്ചയാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. സ്വന്തം ജീവിതാനുഭവത്തിലൂടെയാണ് ജനങ്ങൾ ഈ സർക്കാരിനെ വിലയിരുത്തുന്നത്. ആ അനുഭവം ഏതെങ്കിലും വ്യാജ പ്രചാരണംകൊണ്ട് മായ്ചുകളയാൻ പറ്റില്ല.

? ആഴക്കടൽ വിവാദത്തിൽ വലിയ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ടോ. ഉദ്യോഗസ്ഥർക്കൊപ്പം പ്രതിപക്ഷത്തിനും പങ്കുണ്ടെന്ന് കരുതുന്നുണ്ടോ.

ഗൂഢാലോചനയുടെ ഭാഗമായി അല്ലാതെ എങ്ങനെയാണ് ഒരു കടലാസ് കമ്പനി ഇത്തരം കാര്യങ്ങൾ ചെയ്യുക എന്നാലോചിച്ചു നോക്കൂ. അവർ നടത്തിയ വഴിവിട്ട ശ്രമങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ആ തട്ടിപ്പ്‌ കമ്പനിയുടെ “രേഖകൾ’ എല്ലാം പ്രതിപക്ഷ നേതാവിന്റെ കൈയിൽമാത്രം എത്തിയതെങ്ങനെ? പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ഉദ്യോഗസ്ഥൻ സ്വന്തമായി പലർക്കും അയച്ച വാട്സാപ് സന്ദേശങ്ങൾ പുറത്തുവിട്ട് തെറ്റിധാരണ പരത്താൻ ശ്രമിച്ചത് യാദൃച്ഛികമാണെന്നു കരുതാൻ പറ്റില്ല.

മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച്‌ സർക്കാരിനെതിരെ തിരിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നത് എന്ന്‌ ഇതിനകം വ്യക്തമായി. അതിനായി പലരെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഈ സർക്കാരിന്റെ കൈകൾ ശുദ്ധമായതുകൊണ്ടും അത് ജനങ്ങൾക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടുമാണ് ആ ഗൂഢപദ്ധതി വിജയിക്കാതെ പോയത്.

? കേരളത്തോടും പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന മറ്റ്‌ സംസ്ഥാനങ്ങളോടും കേന്ദ്രം സ്വീകരിക്കുന്ന പല നടപടികളും ഫെഡറൽ തത്വങ്ങൾക്ക്‌ വിരുദ്ധമല്ലേ. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത്‌ ജനാധിപത്യത്തിനുതന്നെ ഭീഷണിയല്ലേ.

1959ൽ ഇ എം എസ് മന്ത്രിസഭയെ താഴെയിറക്കിയതുമുതൽ കോൺഗ്രസാണ് ആ രീതി തുടങ്ങിവച്ചത്. അത് ഇപ്പോൾ ബിജെപി കുറേക്കൂടി വീറോടെ നടപ്പാക്കുന്നു. സംസ്ഥാന വിഷയങ്ങളായ ക്രമസമാധാനം, വിദ്യാഭ്യാസം, കൃഷിമുതൽ സാമ്പത്തിക കാര്യങ്ങളിൽവരെ കേന്ദ്രം കൈകടത്തുകയാണ്.

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ഇങ്ങനെ ഫെഡറൽ തത്വങ്ങളുടെയും ഭരണഘടനയുടെയും നഗ്നമായ ലംഘനം തുടരെത്തുടരെ ഉണ്ടാകുന്നു.

ജിഎസ്ടി നഷ്ടപരിഹാരം തടഞ്ഞുവച്ചത് ഒരു ഉദാഹരണം. സംസ്ഥാനങ്ങളോട് ആലോചിക്കാതെ സംസ്ഥാനങ്ങളെ ബാധിക്കുന്ന നിയമങ്ങൾ പാസാക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്രവിഹിതം 75 ശതമാനത്തിൽനിന്ന്‌ 60 ശതമാനമാക്കി 2015-–-16 മുതൽ കുറച്ചു. പദ്ധതി ഗ്രാന്റുകൾ നിർത്തലാക്കി. ഇങ്ങനെ ഒരു പരമ്പരതന്നെയുണ്ട്. ഇത്തരം നടപടികൾ ഭരണഘടനയുടെ സത്ത ചോർത്തുന്നതാണ്.

മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതിന് മതവിശ്വാസം ഒരു ഘടകമാകുന്ന നിലയിൽവരെ ആ സമീപനം എത്തിനിൽക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ മുന്നിൽനിൽക്കുക എന്ന ദൗത്യമാണ് ഇടതുപക്ഷ ജനാധിപത്യ ശക്തികൾ ഏറ്റെടുത്തിട്ടുള്ളത്.

? സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതായാണ് ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കുന്നത്. യഥാർഥത്തിൽ അങ്ങനെയാണോ.

കേന്ദ്ര ഏജൻസികൾക്ക് എതിരെ ഒരന്വേഷണവും പ്രഖ്യാപിച്ചിട്ടില്ല. അവർ കേരളത്തിൽ നടത്തുന്ന അന്വേഷണങ്ങളുടെ ഭാഗമായി തെറ്റായ നീക്കങ്ങൾ ഉണ്ടാകുന്നു, അവയെക്കുറിച്ച് പരാതികൾ നിരന്തരം ഉയരുന്നു. അതേക്കുറിച്ച്‌ അന്വേഷിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തം സർക്കാരിനുണ്ട്. നിയമത്തിനു മുന്നിൽ ആർക്കും അപ്രമാദിത്വമില്ല. എല്ലാവരും സമന്മാരാണ്.

? എൻആർസി നടപ്പാക്കില്ലെന്ന്‌ ആദ്യം പ്രഖ്യാപിച്ച സംസ്ഥാനമാണ്‌ കേരളം. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അത്‌ നടപ്പാക്കുമെന്നാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ പറഞ്ഞത്‌.

അത് ബിജെപിയുടെ മോഹമാണ്. ഇടതുപക്ഷം ഉള്ളിടത്തോളം ആ മോഹം നടക്കാൻ പോകുന്നില്ല. ഇവിടെ ഒരു കരുതൽ തടങ്കൽ പാളയംപോലും ഉണ്ടാകുകയുമില്ല. കേന്ദ്രത്തിന്റെ ഈ നീക്കത്തിന്‌ യുഡിഎഫ്‌ രഹസ്യമായി ഒത്താശ ചെയ്യുകയാണ്‌. പൗരത്വ നിയമം നടപ്പാക്കുന്നതിനെതിരെ അവസാന ശ്വാസംവരെ ചെറുത്തുനിൽക്കും.

? വോട്ടർപട്ടികയിലെ ഇരട്ടവോട്ട്‌ വിവാദം എൽഡിഎഫിനെതിരെ തിരിച്ചുവിടാനാണ്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ശ്രമിക്കുന്നത്‌.

കേരളീയരെ അടച്ചാക്ഷേപിക്കുന്ന സമീപനമാണ്‌ പ്രതിപക്ഷ നേതാവിന്റേത്‌. കള്ളവോട്ടുകാരാണ്‌ എന്ന്‌ പ്രചരിപ്പിച്ച്‌ രാജ്യാന്തരതലത്തിൽ നമ്മുടെ പ്രതിച്ഛായ തകർക്കുകയാണ്‌. ഇരട്ട സഹോദരങ്ങളെയും ഒരേ പേരുകാരെയും കള്ളവോട്ടുകാരായി ആക്ഷേപിച്ചു.

വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനാണ്. ഏതായാലും അദ്ദേഹം പറയുന്നതരത്തിൽ ഇരട്ട വോട്ട് ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടവരിൽ അധികവും അദ്ദേഹത്തിന്റെതന്നെ പാർടിയിലെ നേതാക്കളും സ്ഥാനാർഥികളും ഒക്കെയാണ്. സ്വന്തം അമ്മപോലും ഇരട്ടവോട്ടിന്‌ ഉടമയാണെന്ന്‌ കണ്ടെത്തിയിട്ടും ആക്ഷേപം തുടരുന്നതിനുപിന്നിൽ മറ്റെന്തോ ലക്ഷ്യമാണ്‌.

? സംസ്ഥാനത്ത്‌ തുടർഭരണമുണ്ടാകുമെന്നാണ്‌ സർവേകളെല്ലാം പ്രവചിക്കുന്നത്‌. ഇതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ.

എൽഡിഎഫ്‌ കൂടുതൽ ശക്തമായി അധികാരത്തിൽ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അതിന് വ്യത്യസ്തമായ ഒരു കാര്യം സർവേകളിൽ വരില്ലല്ലോ.

ഇടതുപക്ഷത്തെയും സിപിഐ എമ്മിനെയും അകാരണമായി എതിർക്കുന്ന പല മാധ്യമങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഈ സർവേകൾ എല്ലാം നടത്തിയിട്ടുള്ളത്. സർവേകളിൽ പ്രവചിക്കുന്നതിനേക്കാൾ അനുകൂലമാണ് ജനങ്ങളുടെ വികാരം, അത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുകയും ചെയ്യും.