നേതൃസ്വരങ്ങളിൽ വീര്യം നിറഞ്ഞ് … ” പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ല “

0
24

– കെ വി –

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പൊതുപ്രചാരണം കൊടിയിറക്കത്തിലാണ്. ഒട്ടേറേ ദേശീയ നേതാക്കളടക്കം താരപ്പൊലിമയുള്ള .പ്രമുഖർ പലരും വന്നുപോയി. സി പി ഐ -എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ. നാടിനെ ള്ളക്കിമറിച്ച പ്രസംഗങ്ങളുടെ മാറ്റൊലി നിലച്ചിട്ടില്ല. അവരുടെ പ്രസ്താവനകളിലെ കതിരും പതിരും തിരയേണ്ട സമയമാണിത്. അക്കൂട്ടത്തിൽ മുഴക്കമകലാതെ നീണ്ടുനിൽക്കുന്നത് ഏതൊക്കെയെന്ന് നമുക്ക് വിലയിരുത്താം.

 

ഒപ്പം വാക്കുകളുടെ വിശ്വാസ്യതയും പൊരുളും തേടുകയുമാവാം. ഏതായാലും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പിച്ചും ഉച്ചത്തിലും നടത്തിയ ഒരു പ്രഖ്യാപനമാണ് കേരളത്തിന്റെ ഉള്ളിൽ തട്ടിയത്. അതിതാണ് – ജനങ്ങളെ മതത്തിന്റെ പേരിൽ രണ്ടുതട്ടിലാക്കുന്ന ” പൗരത്വ നിയമ ഭേദഗതി ഇവിടെ നടപ്പാക്കില്ല . ദേശീയ ജനസംഖ്യാ രജിസ്റ്ററും ഇവിടെ ഉണ്ടാവില്ല. അത്തരത്തിൽ ആർക്കുംവേണ്ടി കരുതൽ തടങ്കൽ പാളയവും തുറക്കില്ല” . വർഗീയധ്രുവീകരണം കൊതിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്റെ ധാർഷ്ട്യത്തിനേറ്റ ഉശിരൻ പ്രഹരമായി ഈ പ്രഖ്യാപനം.

 

മതനിരപേക്ഷ മനസ്സുള്ളവർക്കും ന്യൂനപക്ഷ സമുദായങ്ങൾക്കും ഇത് വലിയ സമാശ്വാസവും പകർന്നു. അതേസമയം നരേന്ദ്രമോദിയുടെയും അമിത്ഷാ ഉൾപ്പെടെയുള്ള കേന്ദമന്ത്രിമാരുടെയും പ്രസംഗങ്ങൾ കേവല രാഷ്ട്രീയവൈരം തീർക്കലിനപ്പുറം കടന്നില്ല. കോൺഗ്രസ് നേതാക്കളിൽ എ കെ ആന്റണിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രസംഗങ്ങളും ഇതേ നിലവാരത്തിലായിരുന്നു. നരേന്ദ്രമോദി ആദ്യ ഘട്ടത്തിൽ പാലക്കാട്ട് വികസന വാഗ്ദാനങ്ങൾ നിരത്തിയാണ് ബി ജെ പിക്ക് വോട്ടിനഭ്യർത്ഥിച്ചത്.

 

പ്രളയകാലത്ത് സംസ്ഥാനത്തിന് അർഹമായ ധനസഹായം തരാതിരുന്ന, വിദേശത്തുനിന്നു കിട്ടുമായിരുന്ന സംഭാവനയടക്കം തടഞ്ഞ മോദിയുടെ ആ വാക്കുകൾ ആര് വിശ്വസിക്കും. ഒടുവിൽ തിരുവനന്തപുരത്ത് വന്നപ്പോൾ മുഖ്യമായി മോദി ഉന്നയിച്ചത് എൽ ഡി എഫും കോൺഗ്രസ്സും അഴിമതിക്കാരാണെന്ന ആരോപണമാണ്. ഇത് പറയാൻ ധാർമികമായി ഒട്ടും യോഗ്യതയില്ലാത്ത പാർട്ടിയുടെ നേതാവാണ് മോദി.

രാജ്യത്തിന്റെ ചരിത്രത്തിൽ ദേശസുരക്ഷയ്ക്കുള്ള ആയുധ ഇടപാടിൽ കോഴ വാങ്ങുമ്പോൾ കൈയോടെ പിടിക്കപ്പെട്ട ഒരേയൊരു നേതാവേയുള്ളൂ. അത് ബി ജെ പി ദേശീയ അധ്യക്ഷനായിരന്ന ബംഗാരു ലക്ഷ്മണനാണ്. പരമ ശുദ്ധനെന്നു പേരുകേട്ട എ ബി വാജ്പേയ് പ്രധാനമന്ത്രിയായി വാഴുമ്പോഴായിരുന്നു ഈ കച്ചവടം. പിടിക്കപ്പെടുന്നതിനുമുമ്പ് എത്ര കോടികൾ തട്ടി എന്നത് ഊഹിക്കാവുന്നതിലും അപ്പുറമാണ്. തെഹൽക എന്ന വാർത്താമാധ്യമമാണ് അഴിമതി രഹസ്യങ്ങൾ സ്റ്റിങ് ഓപ്പറേഷനിലൂടെ വിദഗ്ധമായി മാന്തി പുറത്തിട്ടത്.

മോദി അധികാരത്തിൽ വന്നശേഷംതന്നെ കോർപ്പറേറ്റ് കമ്പനികളിൽനിന്ന്
ബി ജെ പി വാങ്ങിയത് 2319 കോടി രൂപയാണ്. എം എൽ എ മാരെ ചാക്കിട്ടുപിടിച്ച് സംസ്ഥാനങ്ങളിൽ ഭരണത്തിലെത്താനും കോൺഗ്രസ് നേതാക്കളെ വശത്താക്കാനും ഈ ഫണ്ടാണ് ബി ജെ പി ചെലവഴിക്കുന്നത്. അദാനി , അംബാനിമാർ ഉൾപ്പെടുന്ന അതിസമ്പന്ന വ്യവസായ- ബിസിനസ് കമ്പനികൾ ” സംഭാവന” നൽകിയവയിൽപെടും. മുമ്പൊരിക്കലും ഒരു പ്രധാനമന്ത്രിയുടെ കാലത്തും കേന്ദ്രം ഭരിച്ച ഒരു പാർട്ടിയും ഇത്രയും ഭീമമായ തുക കൈപ്പറ്റിയിട്ടില്ല. കഴിഞ്ഞ ഏഴുവർഷത്തിനകം ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച ഫണ്ടിൻ്റെ കണക്കാണിത്.

അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആർ ) ഔദ്യോഗികമായി വിവരശേഖരണം നടത്തി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കോർപ്പറേറ്റ് സംഭാവന സംബന്ധിച്ച് ഈയിടെ വെളിപ്പെടുത്തിയത്. ഇതനുസരിച്ച് 2014 മുതൽ 2021 വരെ കോർപ്പറേറ്റുകളിൽനിന്ന് ദേശീയ പാർട്ടികൾക്ക് മൊത്തം ലഭിച്ച സംഭാവനയുടെ 82 ശതമാനമാണ് ബി ജെ പിക്ക് കിട്ടിയത്. ഈ കാലയളവിൽ രാഷ്ട്രീയ പാർട്ടികൾക്ക് കോർപ്പറേറ്റുകൾ കൈമാറിയ ആകെ ഫണ്ട് 2818.05 കോടി രൂപയാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും, അതിനുമുൻപും ഒപ്പവും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംഘപരിവാർ ഫണ്ട് വാരിക്കോരി ചെലവഴിച്ചിരുന്നു. ഹിന്ദുത്വ അനുഭാവമുളളവരെ സ്ഥാനാർത്ഥികളാക്കാനും ജയിപ്പിക്കാനും കോൺഗ്രസ് അടക്കമുള്ള കക്ഷികൾക്ക് ഇടനിലക്കാർ മുഖേന ഫണ്ട് നൽകിയിരുന്നു. പുതുച്ചേരിയിലും കർണാടകത്തിലും ഗോവയിലും മദ്ധ്യപ്രദേശിലും ബി ജെ പിയുടെ പക്ഷത്തേക്കുള്ള എം എൽ എ മാരുടെ കാലുമാറ്റം എളുപ്പമാക്കിയത് ഈ തന്ത്രമായിരുന്നു.

പുതിയ നിയമസഭകളിലേക്ക് ജയിച്ചുകയറിയ അംഗങ്ങളിൽ ബി ജെ പി ക്കാർ കുറവായിട്ടും മന്ത്രിസഭാ രൂപീകരണത്തിന് അവകാശമുന്നയിച്ചതും തങ്ങൾ നേരത്തേ ഉന്നംവെച്ച ചിലർ പിന്തുണയ്ക്കുമെന്ന മുൻധാരണ ഉള്ളതുകൊണ്ടായിരുന്നുതാനും. കോൺഗ്രസിനും ബി ജെ പിക്കും കൂടുതൽ ഫണ്ട് കിട്ടിയത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ്. കോൺഗ്രസിന് 376.02 കോടി രൂപയാണ് ലഭിച്ചത്.

കേരളത്തിലും തങ്ങൾക്ക് വലയിൽ വീഴ്ത്താൻ പറ്റിയവരെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കാൻ ബി ജെ പി ബഹുമുഖ തന്ത്രങ്ങൾ പയറ്റുകയുണ്ടായി. 40 സീറ്റ് കിട്ടിയാൽ തങ്ങൾ മന്ത്രിസഭയുണ്ടാക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പറഞ്ഞത് വൻ തോതിലുള്ള ഫണ്ട് വരവിൻ്റെ പിൻബലത്തിലാണ്.

കോൺഗ്രസ് നേതാക്കളിൽ ആന്റണിയും രാഹുലും ബി ജെ പിയെ തീരെ മുഷിപ്പിക്കാത്ത വിധത്തിൽ ഇടതുപക്ഷ വിരുദ്ധ പ്രസംഗങ്ങളാണ് എല്ലായിടത്തും നടത്തിയത്. ആക്ഷേപങ്ങളിൽ എൽ ഡി എഫിന്റെ വിജയം സർവനാശത്തിനിടയാക്കുമെന്ന ആന്റണിയുടെ നിരീക്ഷണം അങ്ങേയറ്റം പരിഹാസ്യമായിരുന്നു. കുപ്രസിദ്ധമായ ” വിമോചന സമര”ത്തിന്റെ രാഷ്ടീയപാരമ്പര്യമാണല്ലോ ആന്റണിയുടേത്. അദ്ദേഹത്തിന്റെ ബുദ്ധി ഉപദേശകർ എന്നും മലയാള മനോരമക്കാരാണുതാനും . അപ്പോൾ ഇടതുപക്ഷവിരോധം തികട്ടിവരിക സ്വാഭാവികം.

പല്ലുകടിച്ചുകൊണ്ടുള്ള ആന്റണിയുടെ അധിക്ഷേപങ്ങളിൽ ഇതുവരെ കൂടുതൽ മാറ്റുള്ളത് 1982-ലെ വെളിപാടായിരുന്നു. 1980- 82 ൽ ആന്റണി കോൺഗ്രസ്സിന്റെകൂടി പങ്കാളിത്തത്തോടെ . സി പി ഐ -എം നയിച്ച ഭരണമായിരുന്നല്ലോ കേരളത്തിൽ . രണ്ടുവർഷത്തിനിടെ അന്നത്തെ നായനാർ സർക്കാരിനെ ആന്റണിഗ്രൂപ്പ് പിന്നിൽ നിന്നുകുത്തി മറച്ചിട്ടു.

ആ സന്ദർഭത്തിൽ ആന്റണി പ്രകടിപ്പിച്ച അഭിപ്രായം മലയാള മനോരമയും മറ്റും ഇന്നത്തെപ്പോലെതന്നെ ലീഡ് വാർത്തയാക്കി കൊണ്ടാടി – ” 100 കൊല്ലത്തേക്ക് മാർക്സിസ്റ്റുകാർ ഇനി അധികാരത്തിൽ വരില്ല ” . പക്ഷേ , അഞ്ചുവർഷം കഴിഞ്ഞപ്പോൾ വൻ ഭൂരിപക്ഷത്തോടെ സി പി ഐ – എം നയിച്ച മുന്നണി വീണ്ടും അധികാരത്തിലെത്തി. അതായത് ആന്റണിയുടെ 100 വർഷത്തിന് ആയുസ്സ് അഞ്ചുവയസ്സ്. അദ്ദേഹം പറയുന്നതിന് ഇരുപതിലൊന്ന് മൂല്യമേ കല്പിക്കേണ്ടൂ എന്നർത്ഥം. എന്നാൽ, അന്നത്തേതിനെയും മറികടക്കുന്നതാണ് ആന്റണിയുടെ ഇപ്പോഴത്തെ സർവനാശ പ്രയോഗം.

അതുപക്ഷേ, ബാധകമായിത്തീരുക കേരളത്തിലെ കോൺഗ്രസ്സിനാണ്. ആന്റണി പാർലമെന്ററിപ്രവർത്തനം മതിയാക്കി ഡെൽഹിയിൽനിന്ന് തിരച്ചെത്തുമ്പോഴേക്ക് ഇവിടെ കോൺഗ്രസ്സിന്റെ കഥ കഴിഞ്ഞിരിക്കും. അതിൽനിന്ന് തന്റെ പാർട്ടിയെ രക്ഷിക്കാൻ വല്ല സൂക്തങ്ങളും സൂത്രങ്ങളും ആന്റണിയുടെ പക്കലുണ്ടോ …? രാഷ്ടീയ നിരീക്ഷകർ ഉയർത്തുന്ന ചോദ്യം അതാണ്.