നുണകളുടെ ചീട്ടുകൊട്ടാരം നിർമ്മിക്കുന്ന വാസ്തുശിൽപ്പികളായി പ്രതിപക്ഷം – മുഖ്യമന്ത്രി

0
24

സംസ്ഥാനത്ത് എൽഡിഎഫിന് അനുകാലമായ ജനവികാരമാണ് ഉള്ളതെന്നും സർക്കാറിൻറെ പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തി രേഖപ്പെടുത്തുന്ന നിലയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫിനെതിരായി ജനവികാരം സൃഷ്ടിക്കാൻ നിലവിൽ ഉയർത്തിക്കൊണ്ടുവരുന്ന വ്യാജ ആരോപണങ്ങൾക്ക് ക‍ഴിയില്ല. വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ പുച്ചത്തോടെ തള്ളിക്കളഞ്ഞുവെന്നും പ്രതിപക്ഷം നാടിൻ്റെ അതിജീവനത്തിനുള്ള ശ്രമങ്ങൾക്ക് തുരങ്കം വെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

യുഡിഎഫ് കാലത്ത് റഗുലേറ്ററി കമ്മീഷൻ അനുമതിയില്ലാതെ 66225 കോടിയുടെ കരാറുണ്ടാക്കി; ഇല്ലെന്ന് ചെന്നിത്തല തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും: എകെ ബാലൻ ലിൻറോ ജോസഫിൻറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് തിരുവമ്പാടി മണ്ഡലത്തിൽ റോഡ്ഷോ നാടിന് വേണ്ടി അവർ ഒന്നും പറയുന്നില്ല എൽഡിഎഫ് അവതരിപ്പിച്ച പ്രകടന പത്രികയുടെ പ്രോഗ്രസ്സ് റിപ്പോർട്ട് രീതി പാർലിമെന്ററി ചരിത്രത്തിലെ പുതിയ അധ്യായമാണെന്നും വർഗീയതയ്ക്കും സ്വകാര്യവൽക്കരണത്തിനും എതിരായ ബദൽ നയം പ്രയോഗികമാണ് എന്ന് കേരളം തെളിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തിൽ കേരള ജനത പൂർണ വിശ്വാസമാണ് ആർപ്പിക്കുന്നത്.ചില മാധ്യമങ്ങൾ യു ഡി എഫിന്റെ ഘടക കക്ഷിയായി പ്രവർത്തിക്കുന്നുവെന്നും യുഡിഎഫിന്റെയും ബിജെപി യുടെയും നശീകരണ രാഷ്ട്രീയത്തിന് കേരളം നൽകുന്ന മറുപടിയായിരിക്കും തിരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മീറ്റ് ദ പ്രസ്

ഏത് പ്രതിസന്ധിയെയും അതിജീവിക്കാമെന്നും ഏതു പീഡാനുഭവത്തില്‍ നിന്നും തിരിച്ചുവരവ് സാധ്യമാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവെക്കുന്നത്. ലോകമാകെ കൊവിഡ് മഹാമാരിയോട് പോരാടിക്കൊണ്ടിരിക്കുന്നതും രോഗവ്യാപനത്തിന്‍റെ പുതിയ ഘട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ ഈ കാലത്ത് ഇതിനെയൊക്കെ നമുക്ക് അതിജീവിക്കാം എന്ന പ്രത്യാശയും പ്രതീക്ഷയുമാണ് ഈസ്റ്റര്‍ നല്‍കുന്നത്. എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍.

ഇന്ന് വൈകുന്നേരം തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. ഈ പ്രചാരണത്തില്‍ തുടക്കം മുതല്‍ ദൃശ്യമാവുന്ന കാര്യം കേരളം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വലിയ ഭൂരിപക്ഷം നല്‍കും എന്നതു തന്നെയാണ്. സംസ്ഥാനത്ത് എല്‍ഡിഎഫ് അനുകൂല ജനവികാരം നിലനില്‍ക്കുന്നു. അത് ആരും മനഃപൂര്‍വ്വം സൃഷ്ടിച്ചതല്ല. ജനാഭിപ്രായം സ്വയം രൂപീകരിക്കപ്പെട്ടതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുന്നവരാണ് സംസ്ഥാനത്തെ ആബാലവൃദ്ധം ജനങ്ങളും.

നുണകളുടെ മലവെള്ളപ്പാച്ചില്‍ സൃഷ്ടിച്ചിട്ടും മാധ്യമങ്ങളെ അണിനിരത്തി പടയോട്ടം നടത്തിയിട്ടും എല്‍ഡിഎഫിനെതിരായ ജനവികാരം സൃഷ്ടിക്കാന്‍ ഒരു ശക്തിക്കും കഴിഞ്ഞില്ല. ജനവിധി ബോധപൂർവം അട്ടിമിറക്കാനുള്ള നീക്കങ്ങളും ജനങ്ങള്‍ തള്ളുകയാണ്.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ആവര്‍ത്തിച്ചുന്നയിച്ച് സര്‍ക്കാരിനെ സംശയ നിഴലിലാക്കുക എന്ന ഒറ്റ അജണ്ടയില്‍ ഒതുങ്ങുന്ന പ്രതിപക്ഷ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ ഗൗരവം നല്‍കുന്നില്ല. സര്‍ക്കാര്‍ ചെയ്യുന്ന ഏതു നല്ല കാര്യത്തെയും വക്രീകരിക്കാന്‍ ശ്രമിക്കുകയല്ലാതെ ജനങ്ങള്‍ക്കു വേണ്ടി എന്ത് നല്ല കാര്യമാണ് പ്രതിപക്ഷം ചെയ്തിട്ടുള്ളത്? നാടിന്‍റെ അതിജീവനത്തിനുള്ള ശ്രമങ്ങളെ തുരങ്കം വെക്കുകയല്ലാതെ എന്ത് മഹാകാര്യമാണ് യു.ഡി. എഫും ബിജെപിയും സാധ്യമാക്കിയിട്ടുള്ളത്? നാടിനു വേണ്ടിയുള്ള ഒരു നല്ല വാക്ക് ഇവരില്‍ നിന്ന് നാം കേട്ടിട്ടുണ്ടോ?

അഞ്ചുകൊല്ലത്തിലൊരിക്കല്‍ പോളിങ് ബൂത്തില്‍ പോയി സമ്മതിദാനവകാശം രേഖപ്പെടുത്തിയാല്‍ ജനങ്ങള്‍ക്കു പിന്നെ ഭരണത്തില്‍ കാര്യമില്ല എന്ന ധാരണ പൊളിച്ചെഴുതി എന്നതാണ് ഈ സര്‍ക്കാര്‍ ഉണ്ടാക്കിയ വലിയ നേട്ടം. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോ വര്‍ഷവും എത്രമാത്രം നടപ്പാക്കി എന്ന് ജനസമക്ഷം പറഞ്ഞാണ് മുന്നോട്ടു പോയത്. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ പുരോഗതി ജനങ്ങളെ തെരഞ്ഞെടുപ്പുഘട്ടമല്ലാത്ത വേളകളില്‍ അറിയിക്കുന്ന പതിവ് ഇന്ത്യന്‍ പാര്‍ലമെന്‍ററി ജനാധിപത്യക്രമത്തില്‍ കേരളം എഴുതിച്ചേര്‍ത്ത പുതിയ അധ്യായമാണ്. അതുകൊണ്ടുതന്നെയാണ് എല്‍ഡിഎഫ് പറയുന്ന വാക്കുകള്‍ ജനങ്ങള്‍ വിശ്വസിക്കുന്നത്.

സമാനതകളില്ലാത്ത പ്രകൃതിദുരന്തങ്ങള്‍, ആരോഗ്യരംഗത്തെ വെല്ലുവിളികള്‍, നോട്ടുനിരോധനം പോലുള്ള കേന്ദ്ര നയങ്ങള്‍ ഉണ്ടാക്കിവച്ച ദുരന്തം എന്നിവയെല്ലാം നേരിട്ടും അതിജീവിച്ചുമാണ് ഈ അഞ്ചു വര്‍ഷം കേരളം മുന്നോട്ടുനീങ്ങിയത്.

ഇതിനിടയില്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയെ എങ്ങനെ തളര്‍ത്താമെന്ന് ഗവേഷണം നടത്തുകയായിരുന്നു പ്രതിപക്ഷം.
ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് പൊതുമേഖലയെയും സാമൂഹിക മേഖലയിലെ സര്‍ക്കാരിന്‍റെ ഇടപെടലുകളെയും തകര്‍ത്തുകൊണ്ട് മുന്നേറുന്ന ഘട്ടമാണിത്.
ഇതിനൊരു ബദലില്ല എന്ന നിരാശാബോധം പടര്‍ത്തുന്ന പ്രചരണം വ്യപകമായി നടക്കുന്നു. ഇത്തരമൊരു ഘട്ടത്തിലാണ് ബദല്‍ നയങ്ങള്‍ പ്രായോഗികമാണ് എന്ന് നാട് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ പരിമിതമായ അധികാരപരിധിക്കുള്ളില്‍ നിന്നുകൊണ്ടുപോലും ഇടതുപക്ഷം അത തെളിയിച്ചു. ഇത് ഈ കാലഘട്ടത്തിലെ പാവപ്പെട്ടവരുടെയും തൊഴിലെടുക്കുന്നവരുടെയും യുവാക്കളുടെയും ആശയാഭിലാഷങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിന് പരമപ്രധാനമാണ്.

വര്‍ഗീയതയെ ചെറുക്കുന്നതിനും മതനിരപേക്ഷതയില്‍ വിശ്വാസമില്ലാത്ത ശക്തികളുമായി ഒരുതരം സന്ധിയും ചെയ്യാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഇടതുപക്ഷം കേരളത്തിന്‍റെ പൊതുമണ്ഡലത്തില്‍ ഇനിയും ശക്തിയാര്‍ജിക്കേണ്ടതുണ്ട്.
ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ കേരള ജനത പരിപൂര്‍ണ്ണമായ വിശ്വാസമര്‍പ്പിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ എങ്ങും കണ്ട ദൃശ്യങ്ങള്‍. അത് ഞങ്ങളെ എതിർക്കുന്നവർക്ക് പോലും സമ്മതിക്കേണ്ടിവന്നു. മതനിരപേക്ഷതയുടെയും അഴിമതിയില്ലായ്മയുടെയും സ്ത്രീ സുരക്ഷിതത്വത്തിന്റെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെടുന്ന തുല്യതയുടെയും വിളനിലമായി ഈ കേരളം തുടരാന്‍ പാടില്ല എന്ന് നിര്‍ബന്ധമുള്ള ചിലരുണ്ട്. അവര്‍ക്ക് സഹിക്കാനാകുന്നതല്ല ഇടതുപക്ഷത്തിന്റെ ഈ മുന്നേറ്റം.

കേരളത്തിന്റെ മണ്ണില്‍ നിന്ന് ഇടതുപക്ഷത്തെ തുടച്ചുനീക്കണം എന്ന് പ്രതിജ്ഞയെടുത്ത ശക്തികള്‍ നയിക്കുന്ന ഏതാനും മാധ്യമങ്ങളാണ് പ്രതിപക്ഷത്തിന്റെ ഘടക കക്ഷികളായി പ്രവര്‍ത്തിച്ചത്.

ചിലരെ വിലക്കെടുക്കുകയാണ്. അത്തരക്കാരുടെ ചുമലില്‍ കയറിനിന്ന് നടത്തുന്ന യുഡിഎഫിന്റെയും ബിജെപിയുടെയും നശീകരണ രാഷ്ട്രീയത്തിന് കേരളം നല്‍കുന്ന മറുപടികൂടിയാകും ഈ തെരഞ്ഞെടുപ്പിലെ ജനവിധി.

ജനങ്ങള്‍ നിരാകരിച്ച രാഷ്ട്രീയമാണ് യുഡിഎഫിന്‍റേത്. ജനങ്ങള്‍ നെഞ്ചോടുചേര്‍ത്ത് നിർത്തുന്ന രാഷ്ട്രീയമാണ് എല്‍ഡിഎഫിന്‍റേത്.
ബിജെപിയോടും വെല്‍ഫയര്‍ പാര്‍ടിയോടും തരാതരം പോലെ കൂട്ടുചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ത്തുകളയാം എന്ന വ്യാമോഹത്തിനാണ് കേരളം തിരിച്ചടി നല്‍കാന്‍ പോകുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഉജ്വലമായ വിജയം ഇറപ്പാക്കി ഈ നാടിന്റെ നന്മയ്ക്കും പുരോഗതിക്കും സംഭാവന നല്‍കണമെന്ന് എല്ലാ സമ്മതിദായകരോടും അഭ്യര്‍ത്ഥിക്കുന്നു.

ജനങ്ങളോട് എന്താണ് പറയാനുള്ളത് എന്ന് നിങ്ങള്‍ ഇന്നലെ ചോദിച്ചിരുന്നു. ഈ നാടിനെ അതിന്റെ എല്ലാ ഔന്നത്യത്തോടെയും നന്‍മയോടെയും സംരക്ഷിക്കാനുള്ള; നമ്മുടെ മതനിരപേക്ഷ അടിത്തറയ്ക്ക് പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കാനുള്ള കാവലാളായി ഓരോരുത്തരും സ്വയം മാറണമെന്നാണ് ഈ ഘട്ടത്തില്‍ കേരളീയര്‍ക്കു മുന്നില്‍ വെക്കാനുള്ള അഭ്യര്‍ത്ഥന.

പ്രതിപക്ഷ നേതാവിന്റെ വൈദ്യുതി കരാര്‍ ആരോപണം

നേരം പുലരുമ്പോള്‍ കുറെ ആരോപണങ്ങള്‍ വായിക്കുക: അവയ്ക്ക് മറുപടി കിട്ടുമ്പോള്‍ അടുത്ത ദിവസം പുതിയത് വായിക്കുക- ഇതാണ് പ്രതിപക്ഷ ധര്‍മ്മമെന്ന് പ്രതിപക്ഷ നേതാവ് കരുതിയിട്ടുണ്ട്.

1. കെഎസ്ഇബിയുടെ യൂണിറ്റിന് 2.80 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതി ലഭിക്കുന്ന കരാറിലൂടെ 1000 കോടി രൂപയുടെ നഷ്ടം അരോപിക്കുന്ന അങ്ങ് പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.67 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതിയും 7.25 നിരക്കില്‍ സോളാര്‍ വൈദ്യുതിയും വാങ്ങുന്ന കരാറുകള്‍ വഴിയുള്ള നഷ്ടം വെളിപ്പെടുത്തുമോ?

2. രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കാറ്റാടി വൈദ്യുതി യൂണിറ്റിന് 5.02 രൂപയ്ക്കും സോളാര്‍ വൈദ്യുതി യൂണിറ്റിന് 4.29 രൂപയ്ക്കും വാങ്ങുന്നതു വഴിയുള്ള നഷ്ടം അങ്ങ് കണക്കാക്കിയിട്ടുണ്ടോ?

3. യൂണിറ്റിന് 2.80 രൂപ തോതില്‍ കെഎസ്ഇബി ഏര്‍പ്പെട്ട ദീര്‍ഘകാല കരാറിനെ എതിര്‍ക്കുന്ന അങ്ങ് കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ഏര്‍പ്പെട്ട 1565 മെഗാവാട്ടിന്‍റെ 11 ദീര്‍ഘകാല കരാറുകള്‍ യൂണിറ്റിന് 3.91 മുതല്‍ 5.42 രൂപ വരെ നിരക്കില്‍ ഏര്‍പ്പെട്ടതിനെ എതിര്‍ത്തിരുന്നോ?

4. യുഡിഎഫ് ഗവണ്‍മെന്‍റ് യൂണിറ്റിന് 3.91 മുതല്‍ 5.42 രൂപ വരെ നിരക്കില്‍ ഏര്‍പ്പെട്ട ദീര്‍ഘകാല കരാറുകള്‍ വഴി കേരളത്തിനുണ്ടാകുന്ന നഷ്ടം അങ്ങ് കണക്കാക്കിയിട്ടുണ്ടോ?

5. കെഎസ്ഇബി ചുരുങ്ങിയ നിരക്കില്‍ വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഏര്‍പ്പെടുന്നതു ഭാവിയില്‍ തങ്ങള്‍ക്ക് ദോഷകരമായേക്കാം എന്ന യുഡിഎഫ് കാലത്തെ ദീര്‍ഘകാല കരാറുകാരുടെ ആശങ്കയാണോ അങ്ങയുടെ അക്ഷേപങ്ങള്‍ക്ക് പിന്നില്‍?

6. വേനല്‍ക്കാലത്തെ വര്‍ദ്ധിച്ച ഉപയോഗം നിറവേറ്റാന്‍ യൂനിറ്റിന് 3.04 നിരക്കില്‍ 2 മാസത്തേക്ക് വൈദ്യുതി വാങ്ങുന്നതിനെ ആക്ഷേപിക്കുന്ന അങ്ങ് യുഡിഎഫ് കാലത്ത് യൂണിറ്റിന് 7.45 രൂപ നിരക്കില്‍ വരെ വൈദ്യുതി കരാറാക്കിയതിനെക്കുറിച്ച് എതിര്‍പ്പറിയിച്ചിരുന്നോ?

7. പുനരുപയോഗ ഊര്‍ജം നിശ്ചിത അളവില്‍ കെഎസ്ഇബി വാങ്ങാതിരുന്നതിനെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച റഗുലേറ്ററി കമ്മീഷന്‍ 125 കോടി രൂപ കെഎസ്ഇബിക്ക് പിഴയിട്ടപ്പോള്‍ താങ്കള്‍ എന്ത് പരിഹാര നടപടിയാണ് സ്വീകരിച്ചത്.

8. യൂണിറ്റിന് 2.80 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതി ലഭിക്കുന്ന കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട താങ്കള്‍ പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.67 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതിയും 7.25 നിരക്കില്‍ സോളാര്‍ വൈദ്യുതിയും വാങ്ങുന്ന കരാറുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുമോ?

9. രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.02 നിരക്കില്‍ കാറ്റാടി വൈദ്യുതി വാങ്ങുന്നതിനും യൂണിറ്റിന് 4.29 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി വാങ്ങുന്നതിനുമുള്ള കരാറുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുമോ?

ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നത്? അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ നിരന്തരം വിളിച്ചു പറയുകയും അത് ചില മാധ്യമങ്ങളിലൂടെ അമിത പ്രാധാന്യം നല്‍കി പ്രചരിപ്പിക്കുകയും ചെയ്താല്‍ ഇല്ലാതാകുന്നതാണോ ഈ കണക്കുകള്‍?

കടക്കെണി ആരോപണം

ഇതില്‍ വസ്തുതകളുണ്ടോ എന്ന് പരിശോധിക്കണമെങ്കില്‍ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത് ഗുണകരമാകും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച State Finances : A Study of the Budget എന്ന പ്രസിദ്ധീകരണത്തിൽ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്‍റെ കടം ആഭ്യന്തര വരുമാനത്തിന്‍റെ അനുപാതമായി 31.2 ശതമാനമാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഇത് 33.1 ആണ്. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ പഞ്ചാബില്‍ ഇത് 40.3 ശതമാനമാണ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ 34 ശതമാനമാണ്. പശ്ചിമ ബംഗാളില്‍ 37.1 ശതമാനമാണ്. ബീഹാറില്‍ ഇത് 31.9 ശതമാനമാണ്.

ഇതെല്ലാം താരതമ്യം ചെയ്യുമ്പോള്‍ കേരളം എന്തോ കടക്കെണിയിലാണെന്ന വ്യാജപ്രചരണം ഇവര്‍ ബോധപൂര്‍വ്വം നടത്തുന്നതാണെന്ന് വ്യക്തമാകും.

യുഡിഎഫ് 2005-06 ല്‍ അധികാരം വിട്ട് ഒഴിഞ്ഞപ്പോള്‍ കടം ആഭ്യന്തരവരുമാനത്തിന്‍റെ 35 ശതമാനമായിരുന്നു. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ 2011ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ ഇത് 31.8 ശതമാനമായി കുറഞ്ഞു. പിന്നീട് ആഭ്യന്തര വരുമാനത്തിന്‍റെ അടിസ്ഥാന വര്‍ഷം കണക്കാക്കിയതില്‍ വ്യത്യാസം വന്നപ്പോള്‍ കടത്തിന്‍റെ അനുപാതം കുറഞ്ഞു. യുഡിഎഫ് 2015-16ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ ധാരാളം ബാധ്യതകള്‍ മാറ്റിവയ്ക്കുകയുണ്ടായി. എന്നിട്ടും കടം ആഭ്യന്തര വരുമാനത്തിന്‍റെ 29 ശതമാനമായി. ഈ ബാധ്യതകളെല്ലാം ഏറ്റെടുത്തശേഷവും 2016-17ല്‍ കടം ആഭ്യന്തര വരുമാനത്തിന്‍റെ 30.2 ശതമാനമായി മാത്രമേ വര്‍ദ്ധിച്ചിട്ടുള്ളൂ.

നുണകളുടെ ചീട്ടുകൊട്ടാരം നിര്‍മിക്കുന്ന വാസ്തുശില്‍പ്പികളായി മാറിയ പ്രതിപക്ഷത്തിന് ഈ കണക്കുകള്‍ മറുപടി നല്‍കും.

വികസന ചർച്ച – ഉമ്മന്‍ചാണ്ടിക്കുള്ള മറുപടി

ജനങ്ങള്‍ നല്‍കുന്ന തിരിച്ചടി കൂടുതല്‍ കടുത്തതാകും എന്ന തിരിച്ചറിവിൽ നിന്നാണ് ഉമ്മന്‍ചാണ്ടി ചില വാദങ്ങളുമായി വന്നത്. പക്ഷെ വ്യാജ പ്രചാരണങ്ങള്‍ സമാഹരിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്. അദ്ദേഹം പറഞ്ഞ എല്ലാ കാര്യങ്ങളും എടുത്തു പറഞ്ഞ് മറുപടി നല്‍കാന്‍ ഇവിടെ സമയക്കുറവുണ്ട്. ചില കാര്യങ്ങള്‍ മാത്രം പറയാം.

ക്ഷേമ പെന്‍ഷനുകള്‍
യുഡിഎഫ് അധികാരംവിട്ട് ഒഴിയുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ 600 രൂപയായിരുന്നു. 18 മാസത്തെ കുടിശ്ശികയും ബാക്കിയുണ്ടായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഇത് 1600 രൂപയാക്കി. കുടിശ്ശികയില്ലാതെ വിതരണം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ഒരു കുടിശ്ശികപോലും അവശേഷിപ്പിക്കാതെ 60 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നു. ലഭിക്കുന്നവരുടെ എണ്ണത്തിലും നല്‍കുന്ന തുകയിലും എല്‍ഡിഎഫ് ഉണ്ടാക്കിയ ഈ വര്‍ധനയോട് താരതമ്യം ചെയ്യാന്‍ എന്തു കണക്കാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്.
80 വയസ്സിനു മുകളിലുള്ളവര്‍ക്ക് 1500 രൂപ പെന്‍ഷന്‍ നല്‍കാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നു എന്ന് ഉമ്മന്‍ചാണ്ടി പറയുന്നുണ്ട്. എന്നിട്ട് കൊടുത്തോ? അതും കുടിശ്ശികയാക്കിയിട്ടല്ലേ പോയത്? വലിയ അവകാശവാദമാണ്. 800 മുതല്‍ 1500 രൂപ വരെ പെന്‍ഷന്‍ മുന്‍ സര്‍ക്കാര്‍ നല്‍കി എന്ന്.

വാഗ്ദാനങ്ങള്‍ക്കും പൊയ് വെടികള്‍ക്കുംമാത്രം ഒരു പരിധിയുമില്ലാത്ത കാലമായിരുന്നില്ലേ അത്.

ഇന്ന്, എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പെന്‍ഷന്‍ ലഭിക്കുന്ന 60 ലക്ഷം പേരില്‍ 49 ലക്ഷം പേര്‍ ക്ഷേമ പെന്‍ഷനും ബാക്കി 11 ലക്ഷം പേര്‍ ക്ഷേമനിധി പെന്‍ഷനുമാണ് വാങ്ങുന്നത്. പ്രതിവര്‍ഷം 100 രൂപ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച് കുടിശ്ശികയില്ലാതെ പെന്‍ഷന്‍ വീടുകളിലെത്തിക്കുന്നുണ്ട്. ക്ഷേമ പെന്‍ഷനുവേണ്ടി യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 9,311 കോടി രൂപ നല്‍കിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 33,500 കോടി രൂപ ചെലവഴിച്ചു.

ഇതൊന്നും ഞങ്ങള്‍ പറഞ്ഞു നടക്കാറില്ല. ജനങ്ങള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നതാണ്. ആ അനുഭവത്തെ ഇല്ലാതാക്കാൻ ഉമ്മന്‍ചാണ്ടി വെല്ലുവിളിച്ചാൽ കഴിയില്ല.

സൗജന്യ അരി
യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് എപിഎല്‍ ഒഴികെ മറ്റെല്ലാവര്‍ക്കും അരി സൗജന്യമാക്കി എന്ന വിചിത്ര വാദമാണ് മറ്റൊന്ന്. എഎവൈ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരി യുഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്ത കാര്യമാകാം പറയുന്നത്. അക്കാലമെല്ലാം മാറി എന്നത് അഞ്ചുകൊല്ലത്തെ ഇടവേളയിൽ ഉമ്മന്‍ചാണ്ടി വിട്ടു പോയിക്കാണും.

ബിപിഎല്ലില്‍ കേന്ദ്രം ഒഴിവാക്കിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പ്രളയവും കോവിഡും അടക്കമുള്ള പ്രതിസന്ധികളില്‍ റേഷനും ഭക്ഷ്യകിറ്റും നല്‍കി ജനങ്ങളെ പട്ടിണിക്കിടാതിരിക്കാന്‍ ഇടപെട്ടുകൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. റേഷന്‍ സംവിധാനം പരിഷ്കരിച്ച് സുതാര്യമായ വിതരണം എല്‍ഡിഎഫ് സര്‍ക്കാരാണ് നടപ്പാക്കിയത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ 2011ല്‍ ഓണത്തിന് ആരംഭിച്ച ഭക്ഷ്യകിറ്റ് യുഡിഎഫ് സര്‍ക്കാര്‍ തുടരുക മാത്രമാണ് ചെയ്തത്. യുഡിഎഫ് കാലത്ത് എപിഎല്‍ വിഭാഗത്തിന് ഒരുഘട്ടത്തിലും സൗജന്യമായി അരി നല്‍കിയിരുന്നില്ല. 2011ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അരി കിലോഗ്രാമിന് 2 രൂപയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ബിപിഎല്‍ വിഭാഗത്തിന് സൗജന്യമായാണ് അരി നല്‍കുന്നത്.

ഇതിലൊക്കെ തെറ്റായ വാദങ്ങളുയര്‍ത്തിയിട്ട് എന്തു നേട്ടമാണ് പ്രതിപക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്?
ഞങ്ങള്‍ ആവര്‍ത്തിക്കുന്നു, ഈ നല്‍കുന്നതൊന്നും സര്‍ക്കാരിന്റെ ഔദാര്യങ്ങളല്ല. ജനങ്ങളുടെ അവകാശമാണ്. ആ അവകാശം ലഭ്യമാക്കാന്‍ ഉറപ്പോടെ നില്‍ക്കുന്നവരാണ് എല്‍ഡിഎഫ്. അതാണ് യുഡിഎഫുമായുള്ള വ്യത്യാസം.

എന്തായാലും വികസന ചലഞ്ച് ഉമ്മൻ ചാണ്ടി ഏറ്റെടുത്തത് നന്നായി. പക്ഷെ സത്യം പറയണം. ഉമ്മന്‍ ചാണ്ടിയുടെ വാദം യു ഡിഎഫ് കാലത്ത് പതിനൊന്ന് രാഷ്ട്രീയ കൊലപാതകങ്ങളേ നടന്നുള്ളൂ എന്നാണ്.
കഴിഞ്ഞ നിയമസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന, ഇന്നത്തെ പ്രതിപക്ഷ നേതാവ് നല്‍കിയ ഒരു മറുപടി ഉണ്ട്. പതിനാറാം സമ്മേളനത്തില്‍ ചോദ്യം നമ്പര്‍ 301 ചോദിച്ചത് സി രവീന്ദ്രനാഥ്

എ) ഈ സര്‍ക്കാര്‍ അതായത് ഉമ്മന്‍ചാണ്ടി സര്‍ക്കാർ അധികാരത്തില്‍ വന്നതിനു ശേഷം എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

രമേശ് ചെന്നിത്തല നല്‍കുന്ന ഉത്തരം: ഈ സര്‍ക്കാര്‍ (ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍) അധികാരത്തില്‍ വന്ന ശേഷം 29 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്.
ആ 29 ആണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ 11 ആക്കിയത്.

ഈ സര്‍ക്കാരിന്‍റെ കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറച്ചുകൊണ്ടുവരാനായിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.

ഇനി റബ്ബര്‍ സബ്സിഡിയുടെ കാര്യമെടുക്കാം: 300 കോടി വകയിരുത്തി എന്ന് കണ്ടു. അതില്‍ 219 കോടി രൂപ കുടിശ്ശിക ആയിരുന്നു. നിങ്ങള്‍ വരുത്തിയ കുടിശ്ശിക റബ്ബര്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തത് എൽ. ഡി. എഫ്. സര്‍ക്കാരാണ്. ആദ്യ മൂന്നു വര്‍ഷം കൊണ്ടു തന്നെ കുടിശിക അടക്കം 1200 കോടി രൂപ ഈ സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു.

ഇത്തരം തട്ടിപ്പു വാദങ്ങള്‍ നിരത്തി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതുതന്നെ യുഡിഎഫിന്‍റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്നതിന് തെളിവാണ്.