എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് മുൻ ഡിസിസി ജനറൽ സെക്രട്ടറിയും

0
23

എറണാകുളം കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച ഡിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായിരുന്ന അഡ്വ. ഷെരീഫ് മരക്കാര്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. കളമശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തിലെ ഐഎന്‍ടിയുസി സ്ഥാപക നേതാവായ വി പി മരയ്ക്കാറുടെ മകനാണ് ഷെരീഷ്. കളമശേരി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച് പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു രാജി.

എറണാകുളം ജില്ലിയിലെ മുസ്ലിംലീഗിന്റെ ഏക സിറ്റിംഗ് സീറ്റായ കളമശ്ശേരി 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ സുപ്രധാന മണ്ഡലങ്ങളിലൊന്നാണ്. പാലാരിവട്ടം പാലം അഴിമതി കേസില്‍ കുറ്റാരോപിതനായി ജാമ്യത്തില്‍ കഴിയുന്ന വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ മണ്ഡലമെന്ന നിലയില്‍ യുഡിഎഫിന്റെ വിധി പറയാനിരിക്കുന്ന കളമശ്ശേരി, അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിനുമുന്‍പേ ചര്‍ച്ചയായി കഴിഞ്ഞു. 2008-ലെ മണ്ഡലപുനര്‍നിര്‍ണ്ണയത്തിലൂടെ നിലവില്‍ വന്ന മണ്ഡലത്തില്‍ അതിനുശേഷം 2011, 2016 വര്‍ഷങ്ങളിലായി നടന്ന തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി കെ ഇബ്രാഹിംകുഞ്ഞായിരുന്നു വിജയിച്ചിരുന്നത്.

2011ല്‍ മുന്നാം സ്ഥാനക്കാരായിരുന്ന ബിജെപിയുടെ പി കെ കൃഷ്ണദാസ് മണ്ഡലത്തില്‍ 8438 വോട്ടുകള്‍ നേടിയപ്പോള്‍ 2016ല്‍ എന്‍ഡിഎ മുന്നണിയില്‍ നിന്ന് മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ഥി വി ഗോപകുമാര്‍ 24244 വോട്ടുകളാണ് മണ്ഡലത്തില്‍ നേടിയത്.