ദേശീയ അന്വേഷണ ഏജൻസിയ്ക്ക് (എൻ.ഐ.എ.) എതിരെ വെളുപ്പെടുത്തലുമായി ആക്ടിവിസ്റ്റും കര്‍ഷക നേതാവുമായ അഖില്‍ ഗൊഗോയി. എന്‍.ഐ.എ കസ്റ്റഡിയിലിരിക്കെ ജയിലില്‍ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതെന്നും അതിക്രൂരമായാണ് എൻ.ഐ.എ പെരുമാറിയതെന്നും അഖില്‍ ഗൊഗോയി പറയുന്നു. ജയിലില്‍ നിന്ന് അദ്ദേഹം അയച്ച കത്തിലാണ് താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് പറഞ്ഞത്.
‘എന്‍.ഐ.എ ആസ്ഥാനത്ത്, എന്നെ ലോക്കപ്പ് നമ്പര്‍ ഒന്നിലാണ് പാര്‍പ്പിച്ചിരുന്നത്. വൃത്തിയില്ലാത്ത പുതപ്പാണ് എനിക്ക് നല്‍കിയത്. 34 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ തറയില്‍ കിടക്കേണ്ടി വന്നു.
ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്ന് ചോദ്യം ചെയ്യലിനിടെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആര്‍.എസ്.എസില്‍ ചേരില്ലെന്ന് പറഞ്ഞപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഗൊഗോയി പറഞ്ഞു.
അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് അസമിലെ ജനങ്ങളോട് അദ്ദേഹം മറ്റൊരു കത്തില്‍ ആഹ്വാനം ചെയ്തിരുന്നു.
അസമിനെ രക്ഷിക്കാനായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഏറ്റവും ശക്തനായ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിബ്സാഗര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് അഖില്‍ ഗൊഗോയി മത്സരിക്കുന്നത്.അസമിനെയും ജനങ്ങളുടെ ഭാവിയെയും ജനാധിപത്യ വിരുദ്ധ ബി.ജെ.പിയില്‍ നിന്ന് രക്ഷിക്കാനാണ് ഞാന്‍ ജയിലില്‍ നിന്ന് ഈ കത്ത് അയയ്ക്കുന്നതെന്ന് അഖില്‍ ഗൊഗോയ് പറഞ്ഞിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച അഖിൽ ഗൊഗോയ്ക്കെതിരെ യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ കർഷക സംഘടനയായ ക്രിഷക് മുക്തി സൻഗ്രം സമിതിയുടെ ചുമതല വഹിക്കുന്ന വ്യക്തിയാണ് അഖിൽ. സി.എ.എക്കെതിരായ സമരം നടത്തിയതിന് 2019 ഡിസംബർ 27നാണ് അഖില്‍ ഗൊഗോയിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
Recent Comments