വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ ഫിക്സ്ചർ പുറത്ത് ; കർണാടകയും കേരളവും നേർക്കുനേർ

0
24

ഈ വർഷത്തെ വിജയ് ഹസാരെ ട്രോഫിയിലെ ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ പുറത്ത്. കേരളത്തിന് അതിശക്തരായ കർണാടകയാണ് എതിരാളികൾ. മാർച്ച് എട്ടിന് ഡെൽഹിയിലാണ് പോരാട്ടം നടക്കുക. ലീഗ് ഘട്ടത്തിൽ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് മിന്നും ഫോമിലുള്ള കർണാടകയ്ക്കെതിരായ പോരാട്ടം കേരളത്തിന് കടുകട്ടിയാകുമെന്നാണ് കരുതപ്പെടുന്നത്.

ലീഗ് ഘട്ടത്തിൽ കളിക്കാനില്ലാതിരുന്ന മനീഷ് പാണ്ടെ, കൃഷ്ണപ്പ ഗൗതം എന്നിവർ നോക്കൗട്ട് മത്സരങ്ങളിൽ ടീമിലേക്ക് തിരിച്ചെത്തുന്നതോടെ കർണാടക അതിശക്തരാകും. അതേ സമയം പരിക്കിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായ സൂപ്പർ താരം സഞ്ജു സാംസണില്ലാതെയാകും കേരളം, കർണാടയ്ക്കെതിരായ ക്വാർട്ടർ ഫൈനലിൽ കളിക്കുക.

മാർച്ച് എട്ടിന് രണ്ട് ക്വാർട്ടർ ഫൈനലുകളാണുള്ളത്. കേരളം-കർണാടക മത്സരത്തിന് പുറമേ, ഗുജറാത്ത്, ആന്ധ്രയേയും ഇതേ ദിനം ക്വാർട്ടറിൽ നേരിടും. മാർച്ച് 9 നും രണ്ട് ക്വാർട്ടർ മത്സരങ്ങളുണ്ട്. ആദ്യത്തേതിൽ കരുത്തരായ മുംബൈ, സൗരാഷ്ട്രയ്ക്കെതിരെ കളിക്കുമ്പോൾ രണ്ടാം മത്സരത്തിൽ ഉത്തർപ്രദേശ്, ഡെൽഹിയും ഉത്തരാഖണ്ഡും തമ്മിൽ നടക്കാനിരിക്കുന്ന എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടും.

ക്വാർട്ടർ മത്സരങ്ങളുൾപ്പെടെ ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് മത്സരങ്ങളെല്ലാം ഡെൽഹിയിലാണ് നടക്കുക. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയവും, പാലം എയർഫോഴ്സ് ഗ്രൗണ്ടിലുമാകും ഈ മത്സരങ്ങൾ. ഫൈനൽ മത്സരം മാർച്ച് 14 ന് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അരങ്ങേറും.