‘കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കില്ല’ ; സി.പി.ഐ(എം)

0
16

കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കില്ലെന്ന് സിപിഐഎം. കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അന്വേഷണം തെരഞ്ഞെടുപ്പ് ലാക്കാക്കിയും വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ലക്ഷ്യംവെച്ചും ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷംകേന്ദ്ര സര്‍ക്കാര്‍ സംവിധാനമായ ഇ.ഡിയുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇ.ഡിയെ നിയന്ത്രിക്കുന്ന കേന്ദ്ര ധനമന്തി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം കിഫ്ബിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉയര്‍ത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയിലാണ് ഇപ്പോള്‍ തിടുക്കത്തില്‍ ഇ.ഡി അന്വേഷണവുമായി എത്തിയത്. ധനമന്ത്രിയുടെ നടപടി അധികാര ദുര്‍വിനിയോഗംവഴി തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്.

എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾക്കൊപ്പം കക്ഷി-രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ നിലയുറപ്പിക്കുന്നതാണ് ബിജെപിയേയും കോൺഗ്രസ്സിനേയും അസ്വസ്ഥമാക്കുന്നത്. കേരളത്തിലെ വികസന കുതിപ്പിനു പിന്നിലെ ചാലകശക്തി കിഫ്ബിയാണെന്നത് പകൽ പോലെ വ്യക്തമാണ്. അതുകൊണ്ടാണ് ഇവർ കിഫ്ബിയെ തകർക്കുന്നതിന് ശ്രമിക്കുന്നത്. ഇത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇത് കേരള ജനത സമ്മതിച്ചു കൊടുക്കില്ലെന്നും സിപിഐഎം വ്യക്തമാക്കി.