പാലാരിവട്ടം പാലം അഴിമതി: ജാമ്യം കിട്ടാൻ ഇബ്രാഹിംകുഞ്ഞ് കബളിപ്പിച്ചെന്ന് ഹൈക്കോടതി

0
21

മുൻ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി . പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ ജാമ്യം ലഭിക്കാൻ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചുവോയെന്ന് സംശയിക്കുന്നതായി ഹൈക്കോടതി നിരീക്ഷിച്ചു.

പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ ജാമ്യം ലഭിക്കുന്നതിനായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ കബളിപ്പിച്ചുവെന്ന് സംശയിക്കുന്നതായി ഹൈക്കോടതി പറഞ്ഞു. ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ ഹർജി സമർപ്പിച്ചപ്പോഴാണ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്.

ഗുരുതര അസുഖം ബാധിച്ച് ചികിത്സയിൽ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷ സമർപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചതും. എന്നാൽ, ഗുരുതര രോഗമുള്ള ഇബ്രാഹിംകുഞ്ഞ് പിന്നീട് പൊതുപരിപാടികളിൽ പങ്കെടുത്തതായി കണ്ടിട്ടുണ്ട്. ജാമ്യം ലഭിക്കുന്നതുവേണ്ടി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ കബളിപ്പിക്കുകയായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു- ഹൈക്കോടതി നിരീക്ഷിച്ചു.

എറണാകുളം ജില്ല വിട്ടുപോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഉപാധികളോടെയായിരുന്നു ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ചത്.

വിജിലൻസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ച് ഇബ്രാഹിംകുഞ്ഞ് ബന്ധുവിന്റെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന രേഖ ഉണ്ടാക്കി പ്രവേശിപ്പിക്കുകയായിരുന്നു. ജില്ല വിട്ടുപോകരുതെന്നതടക്കമുള്ള ഉപാധികളോടെയായിരുന്നു ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

എന്നാൽ, ജാമ്യം കിട്ടി ഏതാനും ആഴ്ചകൾക്കകം കളമശേരിയിൽ പൊതുയോഗത്തിൽ ഇബ്രാഹിംകുഞ്ഞ് ജെ പങ്കെടുത്തു. ഇതിനുശേഷം സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ പാണക്കാട്ടേക്ക് രഹസ്യയാത്ര നടത്തിയിരുന്നു. ഇത് പുറത്തുവന്നതോടെയാണ് പുതിയ ആവശ്യവുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, ഇബ്രാഹിം കുഞ്ഞിന് ഇളവ് നൽകരുതെന്ന് സർക്കാർ വ്യക്തമാക്കി. തനിക്കെതിരെ വിവിധയിടങ്ങളിൽ നിന്നായി വിമർശനങ്ങൾ ഉയർന്നതോടെ ജാമ്യ ഹർജി ഇബ്രാഹിംകുഞ്ഞ് പിൻവലിച്ചു.