Tuesday
3 October 2023
25.8 C
Kerala
HomeExplainerഭക്ഷ്യധാന്യവിപണിയും കോർപ്പറേറ്റുകൾക്ക്; റേഷൻ സമ്പ്രദായം നിർത്താൻ നീക്കം

ഭക്ഷ്യധാന്യവിപണിയും കോർപ്പറേറ്റുകൾക്ക്; റേഷൻ സമ്പ്രദായം നിർത്താൻ നീക്കം

– കെ വി –

പാചകവാതകത്തിനുള്ള സബ്സിഡി ഇല്ലാതാക്കിയതുപോലെ ഭക്ഷ്യധാന്യ ന്യായവില ഷോപ്പുകളും നിർത്തലാക്കാർ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. റേഷൻ സാധന ഗുണഭോക്താക്കളുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കുന്നത് നേരത്തേ തുടങ്ങിയ നടപടിയുടെ തുടർച്ചയായാണ്. റേഷന് അർഹതയുള്ളവരുടെ എണ്ണവും സംസ്ഥാനങ്ങൾക്കുള്ള വിഹിതവും കുറയ്ക്കാൻ ദേശീയ നീതി ആയോഗ് ആണ് നിർദേശിച്ചിരിക്കുന്നത്. ഭക്ഷ്യധാന്യ ഉപ്പാദനത്തിൽ കമ്മിസംസ്ഥാനമായ കേരളത്തിന് ഇത് വലിയ ആഘാതമാവും.

രാജ്യത്ത് മൊത്തം നൽകിവരുന്ന ഭക്ഷ്യസബ്സിഡിയിൽ അരലക്ഷം കോടി രൂപ ലാഭിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. സൗജന്യനിരക്കിൽ റേഷൻ സാധനങ്ങൾ വാങ്ങുന്ന 10 കോടി കാർഡുടമകളെകൂടി ഒഴിവാക്കാനാണ് കല്പന . ഗ്രാമങ്ങളിൽ 50 നഗരങ്ങളിൽ 40 എന്ന ശതമാനക്രമത്തിൽ റേഷൻ ഗുണഭോക്താക്കളെ നിജപ്പെടുത്തണമെന്നാണ് മാർഗരേഖയിൽ ആവശ്യപ്പെടുന്നത്. നിലവിൽ ഇത് യഥാക്രമം 75 ശതമാനവും 50 % വുമാണ്.

സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം 1960 മുതൽ നിലവിലുള്ള സംസ്ഥാനമാണ് നമ്മുടേത്. നാണ്യവിളകൾ കൂടുതൽ ഉപ്പാദിപ്പിച്ച് കയറ്റുമതിയിലൂടെ വിദേശനാണ്യശേഖരത്തിൽ ഗണ്യമായ സംഭാവന കേരളം നൽകുന്നുണ്ട്. അതുകൂടി പരിഗണിച്ചും ഭക്ഷ്യധാന്യ വിള കുറഞ്ഞ സംസ്ഥാനമെന്ന നിലയ്ക്കും നമുക്ക് ഉയർന്ന തോതിൽ കേന്ദ്രവിഹിതം അനുവദിച്ചിരുന്നു. അത് ഓരോ കാരണങ്ങൾ കണ്ടെത്തി പല ഘട്ടങ്ങളിലായി വെട്ടിക്കുറയ്ക്കുകയുണ്ടായി. അന്നൊക്കെ ശക്തമായ പ്രതിഷേധം ഉയർന്നതുമാണ്. ലോകത്തിനുതന്നെ മാതൃകയാണ് നമ്മുടെ സംസ്ഥാനത്തെ വിപുലമായ ഭക്ഷ്യ പൊതുവിതരണ
സംവിധാനം . അതിന്റെ ഭാവി ഇനി കണ്ടറിയേണ്ടിവരും.

ഭഷ്യമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബി ജെ പി യുടെ എം പി ശാന്തകുമാർ അധ്യക്ഷനായ കമ്മീഷനെ കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. ന്യായവില ഷോപ്പ് സമ്പ്രദായമേ ഉപേക്ഷിക്കാനാണ് അദ്ദേഹം നൽകിയ ശുപാർശ . അതനുസരിച്ച് റേഷന് അർഹതയുള്ളവരുടെ എണ്ണം 67 ശതമാനത്തിൽനിന്ന് 40 ലേക്ക് നേരത്തേ കുറച്ചിരുന്നു. കടകളിൽനിന്ന് വിലയിളവ് കൊടുക്കുന്നത് ഒഴിവാക്കണമെന്നാണ് കമ്മീഷൻ അഭിപ്രായപ്പെട്ടത്. പകരം പാചകവാതക സിലിൻഡറിന് ആദ്യം നൽകിയപോലെ അർഹത പ്പെട്ടവർക്കുമാത്രം ബാങ്കുകൾ വഴി സബ്സിഡി അനുവദിക്കലാണ് പരിഗണനയിൽ . ഗ്യാസിൻ്റെ കാര്യത്തിൽ ഉണ്ടായ അനുഭവം കണക്കെ ക്രമേണ അതും എടുത്തുകളയും.

സംസ്ഥാനത്ത് കേന്ദ്ര മാനദണ്ഡപ്രകാരം റേഷൻസാധനങ്ങൾ സൗജന്യനിരക്കിൽ ലഭിക്കുന്ന 38.93 ലക്ഷം മുൻഗണനാ വിഭാഗം കാർഡുടമകളാണുള്ളത്. 5,94,159 അന്ത്യോദയ അന്നയോജന കാർഡുകളും (എ എ വൈ – മഞ്ഞ) 32,99, 551 മുൻഗണനാ വിഭാഗം ( പിങ്ക് – പി എ എച്ച് എച്ച് ) കാർഡുകളും അടക്കമാണിത്. മൊത്തത്തിലുള്ള 89.80 ലക്ഷം കാർഡുടമകളിൽ പകുതിയിൽ താഴെയേ മുൻഗണനാ ലിസ്റ്റിൽ പെടുന്നുള്ളൂ. ബാക്കിയുള്ളവർക്ക് പരിമിതമായ അളവിലാണ് സാധന വിതരണം ; വിലയിൽ ചെറിയ ഇളവോടെ. എന്നാലും സ്വകാര്യ വിപണിയിൽ സാധന വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ പൊതുവിതരണ സംവിധാനത്തിൻ്റെ പങ്ക് വളരെ വലുതാണ്.

കേരളത്തിന് ഇപ്പോൾ വർഷത്തിൽ 14.25 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് റേഷൻ വിഹിതമായി കേന്ദ്രത്തിൽനിന്ന് ലഭിക്കുന്നത്. എന്നാൽ ഭക്ഷ്യകമ്മി ഇല്ലാത്ത സംസ്ഥാനങ്ങളായ കർണാടകത്തിന് 25.56 മെട്രിക് ടണ്ണും തമിഴ്നാടിന് 36.78 മെട്രിക് ടണ്ണും ഭക്ഷ്യധാന്യങ്ങൾ കിട്ടുന്നുണ്ട്. ജനസംഖ്യാനുപാതികമായി നോക്കിയാലും കേരളത്തിനുള്ള വിഹിതം അത്ര മെച്ചമല്ല.

നമ്മുടെ സംസ്ഥാനത്തെ ജനസംഖ്യയിൽ 1. 745 കോടി ആളുകൾ ഗ്രാമങ്ങളിലാണ് . നഗരങ്ങളിൽ 1. 593 കോടി പേരുണ്ട്. ഇവരിൽ 1.54 കോടി പേർക്കുമാത്രമാണ് റേഷൻസാധനങ്ങൾ സൗജന്യനിരക്കിൽ കിട്ടുന്നത്. ഇനി അതിലും കുറയും.
ദരിദ്ര – സമ്പന്ന വ്യത്യാസമില്ലാതെ ജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ മിതവിലയ്ക്ക് ലഭ്യമാക്കൽ രാഷ്ട്രത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ലോക പട്ടിണി സൂചികയിൽ നിലവിൽ പാക്കിസ്താനും ബംഗ്ലാദേശിനും ശേഷമാണ് ഇന്ത്യ. 107 രാജ്യങ്ങളുള്ള ഭക്ഷ്യ സുരക്ഷാ സ്ഥിതി പട്ടികയിൽ തൊന്നൂറ്റി നാലാം സ്ഥാനത്താണ് നമ്മൾ. ഇനിയും പരിതാപകരമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങുമെന്നാണ് പുതിയ കാർഷിക പരിഷ്ക്കാരങ്ങൾ നൽകുന്ന സൂചന. കാർഷിക വിള സംഭരണവും വില നിർണയാവകാശവും പൂർണമായി വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുകയാണ് കേന്ദ്രം. ഇതിനെതിരെ മൂന്നുമാസത്തിലേറെയായി കർഷകലക്ഷങ്ങൾ രാജ്യവ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന നടപടികളും തുടരുകയാണ്.

കാർഷിക ഉല്പാദനമേഖലയിൽ ആശങ്കിന്നതുപോലെ കമ്പോളമത്സരത്തിലും കുത്തകാധിപത്യം വരുന്നതോടെ സാധാരണ ജനങ്ങൾക്ക് ജീവിതഭാരം കൂടുമെന്ന് തീർച്ച.

RELATED ARTICLES

Most Popular

Recent Comments