കോൺഗ്രസിനെ പിടിച്ചു കുലുക്കി ആഭ്യന്തര കലഹങ്ങൾ; പാർട്ടി പിളർപ്പിലേക്ക്

0
56

ആഭ്യന്തര കലഹം രൂക്ഷമായതോടെ കോൺഗ്രസ്‌ വീണ്ടും പിളർപ്പിലേക്ക്‌. സോണിയ കുടുംബത്തിന്റെ ഏകാധിപത്യവാഴ്‌‌ചയ്‌‌ക്കെതിരെ ശബ്‌ദമുയർത്തിയ വിമത നേതാക്കൾ വീണ്ടും കടുത്ത വിമർശനവുമായി പോരിനിറങ്ങി. കഴിഞ്ഞദിവസം ജമ്മുവിൽ പ്രത്യേക യോഗം ചേർന്ന നേതാക്കൾ അടുത്ത്‌ ഹരിയാനയിലെ കുരുക്ഷേത്രയിൽ ഒത്തുചേരും. കൂടുതൽ സംസ്ഥാനങ്ങളിൽ ബദൽ യോഗങ്ങൾ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.

ഇതിനിടെ ജമ്മുവിൽ സോണിയ കുടുംബത്തെ പിന്തുണയ്‌ക്കുന്നവർ മുതിർന്ന നേതാവ്‌ ഗുലാംനബി ആസാദിന്റെ കോലംകത്തിച്ചു. ഗുലാംനബിയെയും സംഘത്തെയും കോണ്‍​ഗ്രസില്‍നിന്ന് പുറത്താക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

കേരളം അടക്കം അഞ്ച്‌ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ വിമതമുന്നണിയായ ‘ജി–-23’ സജീവമാക്കുന്നത്‌ ഹൈക്കമാന്‍ഡ് ഗൗരവത്തോടെയാണ്‌ കാണുന്നത്‌. ജമ്മുയോഗത്തിന്‌ പിന്നാലെ ജമ്മു- കശ്‌മീർ കോൺഗ്രസ്‌ പ്രസിഡന്റ്‌ ഗുലാംഅഹമദ്‌ മിറിനെ ഡൽഹിയിലേക്ക്‌ വിളിപ്പിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ജമ്മു കശ്‌മീരിന്റെ ചുമതലയുള്ള രജനി പാട്ടീൽ എന്നിവരുമായി മിർ കൂടിക്കാഴ്‌ച നടത്തി. മുതിർന്ന നേതാവ്‌ അംബികാ സോണിയും ഇവരെക്കണ്ട്‌ സ്ഥിതി വിലയിരുത്തി.

ജമ്മു കശ്‌മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ എപ്പോൾ വേണമെങ്കിലും നടക്കാമെന്നിരിക്കെ ഗുലാംനബി‌ക്കെതിരെ പ്രത്യക്ഷ നീക്കം വേണ്ടെന്ന നിർദേശമാണ്‌ പ്രാദേശിക ഘടകത്തിന്‌ ഹൈക്കമാന്‍ഡ്‌ നൽകിയത്‌.