കോൺഗ്രസ്‌ തന്റെയും ആയിരക്കണക്കിന്‌ പ്രവർത്തകരുടെയും ജീവിതം കളഞ്ഞെന്ന് എ വി ​ഗോപിനാഥ്

0
29

കോൺഗ്രസ്‌ പാർട്ടി തന്നെ വഴിയിൽ ഉപേക്ഷിച്ചെന്നും തന്റെയും ആയിരക്കണക്കിന്‌ പ്രവർത്തകരുടെയും ജീവിതം കളഞ്ഞെന്നും കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ഡിസിസി പ്രസിഡന്റുമായ എ വി ​ഗോപിനാഥ്. നേതൃത്വം തന്നോട് വലിയ ശത്രുത കാണിക്കുന്നു. ഇനി ഒത്തുപോകാനാകില്ല. ആശയപരമായി യോജിക്കാൻ കഴിയുന്നവരുമായി ചേർന്ന്‌‌ പൊതുരംഗത്തുതന്നെ നിൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

കുറേ വർഷമായി കോണ്‍​ഗ്രസില്‍ നിരന്തരം അവഗണനയാണ്‌. ഭാരവാഹിയാണെങ്കിലും എന്താണ്‌ ഭാരവാഹിത്വമെന്ന്‌ നേതാക്കളോടുതന്നെ ചോദിക്കണം. കാര്യങ്ങൾ നേരിട്ട്‌ പറയുന്നവരെ മാറ്റിനിർത്തുന്നു. തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്‌. അതിന്‌ ആർക്കും കഴിയില്ല. കോൺഗ്രസിൽ ഓരോ വ്യക്തിക്കുനസരിച്ചാണ്‌ ഭരണഘടന. അവരുടെ കുടുംബ താൽപ്പര്യങ്ങൾക്കനുസരിച്ച്‌ പ്രവർത്തിക്കാനാകില്ല. അണികളിലേക്കാണ്‌ നേതാക്കൾ വരേണ്ടത്‌. അല്ലാതെ നേതാക്കളെ അന്വേഷിച്ച്‌ പോകുകയല്ല വേണ്ടത്‌.

പാലക്കാട്ടിലും നെന്മാറയിലും മത്സരിച്ച്‌ തോറ്റു, അല്ലെങ്കിൽ തോൽപ്പിച്ചു. അതിനെക്കുറിച്ച്‌ ഒരന്വേഷണവുമില്ല. എന്തിനാണ്‌ ഞങ്ങളെ അവഗണിക്കുന്നത്‌. ഞങ്ങൾ എന്ത്‌ തെറ്റ്‌ ചെയ്‌തു. നേരിട്ട്‌ പറയണം. അല്ലെങ്കിൽ പുറത്താക്കട്ടെയെന്നും എ വി ഗോപിനാഥ്‌ പറഞ്ഞു.

ബിജെപിക്ക്‌ ഇന്ത്യയിൽ അവസരമുണ്ടാക്കിയത് കോൺഗ്രസാണ്‌. കേരളത്തിൽ ദുർബലമായിരുന്ന ബിജെപിക്ക്‌ ഒരംഗത്തെയുണ്ടാക്കുകയും മൂന്നാമത്തെ കക്ഷിയാക്കി വളർത്തിയതും കോൺഗ്രസിന്റെ ദുർബലതയാണ്‌. എൽഡിഎഫ്‌ നേതാക്കളുമായി നല്ല ബന്ധമാണ്‌. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ കെ ബാലൻ, സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ എന്നിവരുമായി നല്ല അടുപ്പമുണ്ട്‌. എ വി ഗോപിനാഥ്‌ പറഞ്ഞു.

ജില്ലയിലെ എ വിഭാഗത്തിന്റെ ശക്തനായ നേതാവായ എ വി ഗോപിനാഥ്‌ പാർട്ടി
വിടുന്നതോടെ പെരിങ്ങോട്ടുകുറുശി പഞ്ചായത്തിലെയും ജില്ലയിലെ മറ്റിടങ്ങളിലെയും കോൺഗ്രസ്‌ പ്രവർത്തകരും ഗോപിനാഥിന്റെ വഴി സ്വീകരിക്കും.

നിലവിൽ പെരിങ്ങോട്ടുകുറുശി പഞ്ചായത്ത്‌ അംഗമാണ്‌. കാൽനൂറ്റാണ്ടുകാലം പെരിങ്ങോട്ടുകുറുശി പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു. 1991ൽ ആലത്തൂർ നിയമസഭാ മണ്ഡലത്തിൽനിന്ന്‌ കോൺഗ്രസ്‌ സ്ഥാനാർഥിയായി നിയമസഭയിലുമെത്തി.