ദൂരദര്‍ശന്‍ ന്യൂസ് കാവി പൂശിയ പുതിയ ലോഗോ പുറത്തിറക്കി. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചിരിക്കുന്നത്. നേരത്തെ മഞ്ഞയും നീലയും ആയിരുന്നു.
ദൂരദർശൻ ലോഗോ മാറ്റുക മാത്രമാണ് ചെയ്തതെന്നും അതിൻ്റെ മൂല്യങ്ങൾ അതേപടി തുടരുമെന്നും ഡിഡി ന്യൂസിൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വ്യക്തമാക്കി. കൃത്യവും സത്യസന്ധവുമായ വാർത്തകളാണ് തങ്ങൾ കൊണ്ടുവരുന്നതെന്നും പോസ്റ്റിൽ പറയുന്നു. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടര്‍ ജനറല്‍ എക്‌സ് പോസ്റ്റില്‍ പ്രതികരിച്ചു.
കൃത്യവും സത്യസന്ധവുമായ വാർത്തകൽ കൊണ്ടുവരുന്ന ദൂരദർശനിൽ ഈയിടെയാണ് കേരള സ്റ്റോറി എന്ന സംഘപരിവാർ പ്രൊപ്പഗാണ്ട മുന്നോട്ട് വെക്കുന്ന സിനിമ പ്രദർശിപ്പിച്ചത്. ഇപ്പോൾ ദൂരദർശൻ മോദി സർക്കാരിന് അനുകൂലമായ വാർത്തകളും പരിപാടികളുമാണ് നിരന്തരം സംപ്രേക്ഷണം ചെയ്യുന്നത്.
ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലോഗോ മാറ്റിയത് സംഘപരിവാറിനുവേണ്ടിയാണെന്നും ഡിഡി ന്യൂസ് എന്ന പേരുമാറ്റി ബിജെപി ന്യൂസ് എന്നാക്കിക്കൂടെയെന്നും എക്‌സ് പോസ്റ്റുകളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽക്ക് കാവിവത്കരിക്കാൻ തുടങ്ങിയതിന്റെ ബാക്കിയാണ് ഈ നടപടികൾക് പിറകിലെന്ന് സംഭവത്തിൽ വിമർശനം ഉയരുന്നുണ്ട്.