കർണാടക ബിജെപി സ്ഥാനാർഥി ശോഭ കരന്ത്ലജെക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്

0
278

കലാപമുണ്ടാക്കാനുള്ള ശ്രമത്തിനും വർഗീയ സ്പർദ്ധ ഉണ്ടാക്കാനുള്ള ശ്രമത്തിനുമെതിരെ കർണാടകയിലെ ബിജെപി സ്ഥാനാർഥി ശോഭാ കരന്ത്ലജെക്കെതിരെ തമിഴ്‌നാട് മധുരൈ പോലീസ് കേസെടുത്തു. ഐപിസി 153, 153 എ, 505 (1) (ബി), 505 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വിദ്വേഷ പ്രസ്താവനയെന്നും എഫ്ഐആറില്‍ പറയുന്നു.

വെറുപ്പും വിദ്വേഷവും സമൂഹത്തില്‍ കലര്‍ത്തി ജാതീയവും വംശീയവുമായി ജനങ്ങളെ വേര്‍തിരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ബി.ജെ.പിയുടെ പതിവ് രീതിയാണ് ശോഭ കരന്ത്ലജെയുടെ പ്രസ്താവനയും. ഇത്തരം പരാമര്‍ശങ്ങളിലൂടെ മതസൗഹാര്‍ദ്ദം ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമർശവുമായി ബി ജെ പി സ്ഥാനാർഥി ശോഭാ കരന്ത്ലജെ രംഗത്തെത്തിയത്. ഇരു സംസ്ഥാനങ്ങൾക്കുമെതിരെ വർഗീയ – വിദ്വേഷ പരാമർശങ്ങളാണ് ബംഗളൂരു നോർത്തിലെ ബി ജെ പി സ്ഥാനാർഥി ശോഭാ കരന്ത്ലജെ നടത്തിയത്.

തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നാണ് ശോഭ കരന്ത്ലജെ പറഞ്ഞത്. കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ പറഞ്ഞു. വിദ്വേഷ പരാമർശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.