കട്ടപ്പന മോഷണകേസ്; പ്രതികൾ നരബലി നടത്തിയതിന് സൂചന

0
82

കട്ടപ്പനയിൽ നവജാത ശിശു അടക്കം രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവം നരബലിയെന്ന് സംശയം. കട്ടപ്പനയിൽ നടന്ന മോഷണക്കേസുമായി ബന്ധപെട്ട അന്വേഷണത്തിലാണ് നിർണായകമായ വെളിപ്പെടുത്തലുണ്ടായത്. മോഷണക്കേസിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തു വന്നത്. ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് മോഷണശ്രമത്തിനിടെ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരയ്ക്കൽ നിതീഷ്(31) എന്നിവർ പിടിയിലായത്. പ്രതികൾ രണ്ടുപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണ് സൂചന. പൊലീസ് പരിശോധിനിയിൽ, വിഷ്ണുവിന്റെ വീട്ടിൽ അമ്മയെയും സഹോദരിയേയും പൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.

ഏറെക്കാലമായി ഇവരെ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് നിഗമനം. പ്രതികളിലൊരാളായ നിതീഷ് പൂജാരി കൂടിയാണ്. മോഷണക്കേസിൽ കൂടുതൽ തൊണ്ടി മുതലുകൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് പൊലീസ് വിഷ്ണുവിന്റെ വീട്ടിലെത്തുന്നത്. എന്നാൽ വീട്ടിൽ ചില പൂജകളും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തി. വീടിന്റെ തറ ദീർഘ ചതുരാകൃതിയിൽ കുഴിയെടുത്തതിന്റെയും, അവിടെ പുതുതായി കോൺക്രീറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

വിഷ്ണുവിന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്. കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീടിന്റെ തറയിൽ കുഴിയെടുത്ത് മൃതദേഹങ്ങൾ കുഴിച്ചിടുകയായിരുന്നു. നിതീഷാണ് മന്ത്രവാദത്തിന് നേതൃത്വം നൽകിയതെന്നാണ് വിവരം. ഗന്ധർവന് കൊടുക്കാൻ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കൽ നിന്നും വാങ്ങിക്കൊണ്ടുപോയത്.

ശനിയാഴ്ചയാണ് നഗരത്തിലെ വർക്ക്‌ഷോപ്പിൽ മോഷണം നടത്തിയ കേസിൽ വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തത്.