കേരളത്തിലെ ആയുഷ് മേഖല മികച്ച മാതൃകയെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ആയുഷ് പ്രതിനിധി

0
121

കേരളത്തിലെ ആയുഷ് മേഖല ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച മാതൃകയെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ആയുഷ് പ്രതിനിധി സംഘം. രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ 150 ആയുഷ് സ്ഥാപനങ്ങൾക്ക് ഒരുമിച്ച് എൻ.എ.ബി.എച്ച്. അംഗീകാരം ലഭിച്ചിരുന്നു. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നേരിട്ടറിയാനും കേരളത്തിന്റെ ആയുഷ് മേഖലയെപ്പറ്റി അടുത്തറിയാനുമാണ് സംഘമെത്തിയത്.

മാർച്ച് അഞ്ചിന് എത്തിയ സംഘം എൻ.എ.ബി.എച്ച്. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പങ്കെടുക്കുകയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു.

ആയുഷ് സംവിധാനത്തിൽ മികച്ച സേവനങ്ങൾ നൽകുന്ന കേരളത്തെ നിതി ആയോഗും അഭിനന്ദിച്ചിരുന്നു. രാജ്യവ്യാപകമായ വിലയിരുത്തലിൻ്റെ ഭാഗമായി കേരളത്തിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകൾ സന്ദർശിച്ച നിതി ആയോഗ് സംഘം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയുഷ് മേഖലയിൽ സംസ്ഥാന സർക്കാർ 532.51 കോടി രൂപയാണ് ചെലവഴിച്ചത്. ആയുർവേദ, ഹോമിയോപ്പതി വകുപ്പുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുകയും, ആയുഷ് മേഖലയിൽ ഇ-ആശുപത്രി സംവിധാനം ആരംഭിക്കുകയും ചെയ്തിരുന്നു.

അതേസമയം, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഡിസ്പെൻസറികളും പഞ്ചകർമ്മ ചികിത്സാ കേന്ദ്രങ്ങളും തുറന്ന് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സർക്കാർ ആയുർവേദ ആശുപത്രികൾ ഒരുങ്ങുകയാണ്. പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലയിലും ഒരു കേന്ദ്രമെങ്കിലും ഉൾപ്പെടുത്താനാണ് പദ്ധതി. ആരോഗ്യ-ടൂറിസം വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള സംയുക്ത സംരംഭമായിരിക്കും പദ്ധതി.