കുത്തനെ കൂടി കോഴിയിറച്ചി വില; ഒരു മാസത്തിനിടെ കൂടിയത് 50 രൂപയിലധികം

കനത്ത ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്ത് പോവുകയും ഉള്ളവയ്ക്ക് തൂക്കം കുറയുകയും ചെയ്യുന്നതോടെ ഫാമുടമകൾ ഉത്പാദനം കുറച്ചു

0
72

കോഴിക്കോട്: സംസ്ഥാനത്ത് കുത്തനെ കൂടി കോഴിയിറച്ചി വില. ഒരു മാസം കൊണ്ട് കിലോയ്ക്ക് കൂടിയത് 50 രൂപയിലധികമാണ് . ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വില കൂടിയതോടെ കടകളിൽ ഇറച്ചി വിൽപന കുത്തനെ ഇടിഞ്ഞു.

ഒരു മാസം മുൻപ് കിലോയ്ക്ക് 180 രൂപയായിരുന്ന ചിക്കന് വില എന്നാൽ ഇപ്പോൾ ചിക്കന്റെ വില 240 രൂപയിലെത്തി. കനത്ത ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്ത് പോവുകയും ഉള്ളവയ്ക്ക് തൂക്കം കുറയുകയും ചെയ്യുന്നതോടെ ഫാമുടമകൾ ഉത്പാദനം കുറച്ചു. വെള്ളത്തിനടക്കം ചെലവ് കൂടുമെന്നത് കൊണ്ടും പല ഫാമുകളും കോഴികളുടെ എണ്ണം പാതിയോളമാണ് കുറച്ചത്. ഇതൊക്കെയാണ് കോഴിയിറച്ചി വില കൂടാൻ കാരണം.

സ്ഥിതി മുതലെടുത്ത് ഇതര സംസ്ഥാന ലോബി കൃത്രിമ ക്ഷാമമുണ്ടാക്കുന്നതും വില കൂടാൻ കാരണമായെന്ന് കച്ചവക്കാർ പറയുന്നു. വരാനിരിക്കുന്നത് റംസാൻ കാലമാണ്. ഉത്പാദനം കൂടിയില്ലെങ്കില്‍ ഇറച്ചിവില ഇനിയും കൂടാനാണ് സാധ്യത.