കുനോ നാഷണൽ പാർക്കിൽ കുഞ്ഞതിഥികൾ ; ജ്വാല അമ്മയായി, സന്തോഷം പങ്കിട്ട് പരിസ്ഥിതി മന്ത്രി

2022 ലാണ് നമീബിയയിൽ നിന്നും കുനോയിലേക്ക് ചീറ്റകളെ എത്തിച്ചത്. കേന്ദ്രസർക്കാരിന്റെ പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്.

0
110

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ചീറ്റ പ്രസവിച്ചു. നമീബിയയിൽ നിന്നെത്തിച്ച ജ്വാല എന്ന ചീറ്റയാണ് പ്രസവിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ട്വിറ്ററിലൂടെയായിരുന്നു ചീറ്റ കുഞ്ഞുങ്ങൾ പിറന്ന വിവരം അറിയിച്ചത്. രണ്ടാഴ്ച മുൻപ് ആശ എന്ന ചീറ്റയും മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു.

‘കുനോയുടെ പുതിയ കുഞ്ഞുങ്ങൾ! ജ്വാല എന്ന നമീബിയൻ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. നമീബിയൻ ചീറ്റ ആഷ തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് തൊട്ടുപിന്നാലെയാണിത്. രാജ്യത്തുടനീളമുള്ള എല്ലാ വന്യജീവി മുൻനിര പോരാളികൾക്കും വന്യജീവി സ്നേഹികൾക്കും അഭിനന്ദനങ്ങൾ. ഭാരതത്തിലെ വന്യജീവികൾ അഭിവൃദ്ധിപ്പെടട്ടെ’ – ചീറ്റക്കുഞ്ഞുങ്ങളുടെ ചിത്രവും വീഡിയോകളും പങ്കുവച്ചുകൊണ്ട് ഭൂപേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.

2022 ലാണ് നമീബിയയിൽ നിന്നും കുനോയിലേക്ക് ചീറ്റകളെ എത്തിച്ചത്. കേന്ദ്രസർക്കാരിന്റെ പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. ആദ്യ ഘട്ടത്തിൽ 8 ചീറ്റകള്‍ നമീബിയയിൽ നിന്നും പിന്നീട് 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് എത്തിച്ചത്.

എന്നാൽ അണുബാധയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കാരണം 10 ചീറ്റകള്‍ ഇതിനോടകം ചത്തു. 10ല്‍ ഏഴെണ്ണം മുതിർന്ന ചീറ്റകളും മൂന്നെണ്ണം കുഞ്ഞുങ്ങളുമാണ്. ഏറ്റവും ഒടുവിൽ ചത്തത് ശൌര്യയാണ്. ചീറ്റയുടെ മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ കിട്ടിയതിന് ശേഷം മാത്രമേ വ്യക്തമാകൂകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.