പൊലീസ് വാഹനത്തിൽ നിന്നും പുറത്തിറങ്ങിയില്ല, സിപിഒയെ ജീപ്പിൽ നിന്നിറക്കി തല്ലി ഇൻസ്പെക്ടർ ; സംഭവം നടന്നത് പൊതുജനം നോക്കിനിൽക്കെ

വൈകാരികതയിൽ ചെയ്തുപോയതെന്നാണ് ഇൻസ്പെക്ടറുടെ വിശദീകരണം. പരാതിയില്ലെന്ന് സിവിൽ പൊലീസ് ഓഫീസറും പറഞ്ഞു.

0
113

വയനാട്: ഇൻസ്‌പെക്‌ടർ സിവിൽ പൊലീസ് ഓഫീസറെ മർദ്ദിച്ചതായി പരാതി. വയനാട് വൈത്തിരിയിലാണ് സംഭവം. ആൾക്കൂട്ടത്തിനിടയിൽ വെച്ചാണ് സിവിൽ പൊലീസ് ഓഫീസറെ ഇൻസ്‌പെക്‌ടർ തല്ലിയതായി പറയുന്നത്. വൈത്തിരി ഇൻസ്പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ തല്ലിയത്. വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിന് സമീപം ആയിരുന്നു സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ കൂടി പ്രചരിച്ചതോടെ വിവാദമായി. പൊലീസ് ഉദ്യോഗസ്ഥനെ ഇൻസ്‌പെക്‌ടർ അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

വൈത്തിരിയിൽ ഒരാൾ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷിക്കാനെത്തിയതായിരുന്നു ഇൻസ്‌പെക്‌ടറും സിവിൽ പൊലീസ് ഓഫീസറും. കീഴുദ്യോഗസ്ഥൻ മഫ്‌തിയിലായിരുന്നു. ഇതിനിടെ പ്രതിയെന്ന സംശയത്തിൽ ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. എന്നാൽ ഇയാൾ യഥാർത്ഥ പ്രതിയായിരുന്നില്ല. തുടർന്ന് അവിടെ വാക്കേറ്റമുണ്ടായി. ഈ സമയം മഫ്‌തിയിലായിരുന്ന കീഴുദ്യോഗസ്ഥൻ പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയില്ലെന്ന് പറഞ്ഞായിരുന്നു ഇൻസ്‌പെക്‌ടറുടെ മർദ്ദനം.

അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തി സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. വൈകാരികതയിൽ ചെയ്തുപോയതെന്നാണ് ഇൻസ്പെക്ടറുടെ വിശദീകരണം. പരാതിയില്ലെന്ന് സിവിൽ പൊലീസ് ഓഫീസറും പറഞ്ഞു. എന്നാൽ, പൊതുമദ്യത്തിൽ വച്ചുള്ള ഇൻസ്പെക്ടറുടെ ഈ പെരുമാറ്റം വീഴ്ചയെന്നാണ് സേനയ്ക്ക് അകത്തെ വിമർശനം.