പാർട്ടി വിരുദ്ധ പ്രവർത്തനം; 150 നേതാക്കൾക്ക് നോട്ടീസ് അയച്ച് കോൺഗ്രസ്

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട 164 നോമിനികളിൽ ഭൂരിഭാഗം പേരുടെയും പരാതികളെ തുടർന്നാണ് കോൺഗ്രസിന്റെ കർക്കശമായ നടപടി. തോൽവിക്ക് കാരണം ആന്തരിക അട്ടിമറിയാണെന്നാണ് ഇവരുടെ വാദം.

0
135

മധ്യപ്രദേശ്: കഴിഞ്ഞ വർഷം നവംബറിലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് 150 ഓളം പ്രാദേശിക നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് മധ്യപ്രദേശ് കോൺ​ഗ്രസ്. മറുപടി നൽകാൻ 10 ദിവസത്തെ സമയമാണ് നേതാക്കൾക്ക് നൽകിയിരിക്കുന്നത്. മറുപടി ലഭിച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. 230 അംഗ നിയമസഭയിൽ 66 സീറ്റുകൾ മാത്രം നേടാനായതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ഈ നീക്കം.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺ​ഗ്രസിന്റെ നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട 164 നോമിനികളിൽ ഭൂരിഭാഗം പേരുടെയും പരാതികളെ തുടർന്നാണ് കോൺഗ്രസിന്റെ കർക്കശമായ നടപടി. തോൽവിക്ക് കാരണം ആന്തരിക അട്ടിമറിയാണെന്നാണ് ഇവരുടെ വാദം.

വെള്ളിയാഴ്ച ചേർന്ന സംസ്ഥാന കോൺഗ്രസിന്റെ അച്ചടക്ക സമിതി യോഗത്തിന് ശേഷമാണ് നോട്ടീസ് നൽകിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നടപടിയെടുക്കുന്നത് പാർട്ടി പരിഗണിക്കുമെന്ന് അച്ചടക്ക സമിതി മേധാവിയും എം പി സി സി ട്രഷററുമായ അശോക് സിംഗ് വാർത്താക്കുറിപ്പിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

നോട്ടീസ് നൽകിയവരിൽ നിന്ന് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെങ്കിൽ അവരെ പുറത്താക്കുമെന്നും മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പി ടി ഐയോട് പറഞ്ഞു. നേതൃത്വത്തെ വെല്ലുവിളിക്കുകയും ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ പോരാടുകയും ചെയ്ത നിരവധി വിമതരെ കോൺഗ്രസ് നേരത്തെയും പുറത്താക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ 163 സീറ്റുകൾ നേടിയാണ് ഭരണകക്ഷിയായ ബി ജെ പി സംസ്ഥാനത്തിന്റെ ഭരണം തിരിച്ചുപിടിച്ചത്.