‘നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിൽ’; ഇപ്പോൾ റദ്ദാക്കുന്നത് എങ്ങനെ? പ്രിയ വർഗീസ് സുപ്രീം കോടതിയിൽ

അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

0
115

ന്യൂഡൽഹി: കണ്ണൂര്‍ സര്‍വകലാശാലയുടെ അസോസിയേറ്റ് പ്രൊഫസർ നിയമനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സെലക്ഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കരുത്, യുജിസി ചട്ടലംഘനം ചൂണ്ടിക്കാട്ടി നിയമനം റദ്ദാക്കാനാകില്ല, യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തന്‍റെ നിയമനം തുടങ്ങിയ ആവശ്യങ്ങളാണ് പ്രിയ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അഭിഭാഷകരായ ബിജു പി രാമന്‍, കെ ആര്‍ സുഭാഷ് ചന്ദ്രന്‍ എന്നിവരാണ് പ്രിയ വർഗീസിനായി സത്യവാങ്മൂലം ഫയല്‍ചെയ്തത്.

പ്രിയ വർഗീസിന്‍റെ നിയമനത്തിൽ യുജിസിയുടെ വാദങ്ങളെ എതിർത്ത് കണ്ണൂർ സർവകലാശാല കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രിയ വര്‍ഗീസ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. പ്രിയ വർഗീസിനെ നിയമനം ചട്ടവിരുദ്ധം അല്ലെന്നാണ് കണ്ണൂര്‍ സര്‍വകലാശാല സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ യുജിസി സമർപ്പിച്ച ഹർജിയിലാണ് സർവകലാശാല നിലപാട് അറിയിച്ചത്. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നാണ് സർവകലാശാല രജിസ്ട്രാർ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഡെപ്യൂട്ടേഷൻ സർവ്വസാധാരണമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു.

ഡെപ്യൂട്ടേഷൻ യോഗ്യതയ്ക്ക് കുറവാക്കിയാൽ പ്രോഗ്രാം കോഡിനേറ്റർമാരാവാൻ അധ്യാപകർ തയ്യാറാവില്ല എന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശിയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്.