ജീവനെടുത്ത സ്ത്രീധന മോഹം: ഡോ.ഷഹനയുടെ ആത്മഹത്യയിൽ പ്രതിയായ ഡോ റുവൈസ് ജാമ്യത്തിനായി നെട്ടോട്ടമോടുന്നു

ജാമ്യം അനുവദിക്കരുതെന്നും കൂടുതൽ തെളിവെടുപ്പ് വേണമെന്നും പൊലീസ് കോടതിയെ അറിയിക്കും.

0
232

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹനയുടെ ആത്മഹത്യാക്കേസിലെ പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. തിങ്കളാഴ്ച റുവൈസിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. അതേസമയം ജാമ്യം അനുവദിക്കരുതെന്നും കൂടുതൽ തെളിവെടുപ്പ് വേണമെന്നും പൊലീസ് കോടതിയെ അറിയിക്കും. തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷയും നൽകും.

അതേസമയം, ഷഹനയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹന വാട്സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു മെസേജ് അയച്ചത്. എന്നാൽ ഈ മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹനയെ ബ്ലോക്ക് ചെച്ചുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഈ സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തത്. ഷഹനയുടെ ഫോണിൽ നിന്നും മെസേജിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോ. ഷഹനയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് പൊലീസ് എഫ് ഐആറിലുളളത്. കേസിൽ റുവൈസിൻ്റെ പിതാവിനെയും പ്രതി ചേർക്കും.

ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച പുല‍ർച്ചയോടെ കൊല്ലത്തെ വീട്ടിൽ നിന്നാണ് റുവൈസിനെ പിടികൂടിയത്. പൊലീസ് അറസ്റ്റ് ചെയ്ത റുവൈസിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷഹ്നയുടെ മരണകാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹ്നയുടെ ആത്മഹത്യ കുറിപ്പ്.